ഖോ ഖോ ലോകകപ്പ്: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകളെ പ്രഖ്യാപിച്ചു

ഖോ ഖോ ലോകകപ്പ് സിഇഒ മേജര്‍ ജനറല്‍ വിക്രം ദേവ് ഡോഗ്രഡും ഖോ ഖോ ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് സുധാന്‍ഷു മിത്തലുമാണ് ടീം പ്രഖ്യാപനം നടത്തിയത്

ഖോ ഖോ ലോകകപ്പ്: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകളെ പ്രഖ്യാപിച്ചു
ഖോ ഖോ ലോകകപ്പ്: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകളെ പ്രഖ്യാപിച്ചു

ഡല്‍ഹി: ഖോ ഖോ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പുരുഷ ടീമിനെ പ്രതീക് വൈകാറും വനിതാ ടീമിനെ പ്രിയങ്ക ഇംഗിളും നയിക്കും. ഈ മാസം 13 മുതല്‍ 19 വരെ ഡല്‍ഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഉദ്ഘാടന ദിവസം ഇന്ത്യന്‍ പുരുഷ ടീം നേപ്പാളിനെതിരെയും വനിതാ ടീം 14 ന് ദക്ഷിണ കൊറിയയെയും നേരിടും.

സുമിത് ഭാട്ടിയയെ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായും അശ്വനി കുമാറിനെ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായും തെരഞ്ഞെടുത്തിട്ടുണ്ട്. ഇത് ആദ്യ ലോകകപ്പാണ്, വനിതാ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്നും പ്രിയങ്ക ഇംഗിള്‍ പിടിഐയോട് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഖോ ഖോ ഈ രാജ്യത്ത് വളരും, ജൂനിയര്‍ താരങ്ങള്‍ കഠിന പരിശീനം തുടരണമെന്നും ഏഷ്യന്‍ ഗെയിംസിലോ കോമണ്‍വെല്‍ത്ത് ഗെയിംസിലോ ഒരു പക്ഷെ ഒളിംപിക്‌സില്‍ പോലും മത്സരിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചേക്കാമെന്നും പ്രിയങ്ക പറഞ്ഞു.

Also Read: ഇംഗ്ലണ്ടിനെതിരെ ഷമി കളിക്കും; ചാമ്പ്യൻസ് ട്രോഫിയിലും സാധ്യത

കഴിഞ്ഞ 24 വര്‍ഷമായി ഖോ ഖോ കളിക്കുന്നുവെങ്കിലും ദേശീയ ടീമിന്റെ നായകനായി തെരഞ്ഞെടുത്ത പ്രഖ്യാപനം വന്നപ്പോള്‍ ഞെട്ടിപ്പോയെന്ന് പുരുഷ ടീം നായകന്‍ പ്രതീക് വൈകാര്‍ പ്രതികരിച്ചു. ഒടുവില്‍ കഠിനാധ്വാനത്തിന് ഫലമുണ്ടായതില്‍ കുടുംബത്തിലും സന്തോഷമുണ്ടെന്നും പ്രതീക് പറഞ്ഞു.

ഖോ ഖോ ലോകകപ്പ് സിഇഒ മേജര്‍ ജനറല്‍ വിക്രം ദേവ് ഡോഗ്രഡും ഖോ ഖോ ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് സുധാന്‍ഷു മിത്തലുമാണ് ടീം പ്രഖ്യാപനം നടത്തിയത്. ടീമുകളുടെ ജേഴ്സിയും മിത്തല്‍ അനാച്ഛാദനം ചെയ്തു – പുരുഷ-വനിതാ ടീമുകള്‍ക്കായി ‘ഭാരത്’ ലോഗോ യുള്ള ജേഴ്‌സികളാണ് പുറത്തിറക്കിയത്. ‘ഭാരത് കി ടീം’ എന്നായിരിക്കും ഇന്ത്യന്‍ ടീം അറിയപ്പെടുകയെന്നും മിത്തല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വനിതാ ലോകകപ്പ് വിജയികള്‍ക്കുള്ള ട്രോഫിയും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തുന്ന വനിതാ താരങ്ങളെ ഗ്രീന്‍ ട്രോഫി നല്‍കി ആദരിക്കുമെന്ന് ഖോ ഖോ ലോകകപ്പ് സിഒഒ ഗീത സുധന്‍ പറഞ്ഞു. ടൂര്‍ണമെന്റിന് മുന്നോടിയായിഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പരിശീലന ക്യാമ്പില്‍ പങ്കെടുത്ത രാജ്യത്തെമ്പാടുമുള്ള 60 വീതം ആണ്‍കുട്ടികളില്‍ നിന്നും പെണ്‍കുട്ടികളില്‍ നിന്നുമാണ് ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തത്.

Share Email
Top