ലോകത്തെ ഏറ്റവും മികച്ചതും പ്രശസ്തവുമായ ബട്ടറുകളുടെയും നെയ്യുടെയും പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള രണ്ട് ഡയറി ബ്രാൻഡുകൾ അഭിമാനകരമായ നേട്ടം സ്വന്തമാക്കി. പ്രശസ്ത ഗ്ലോബൽ പ്ലാറ്റ്‌ഫോമായ ‘ടേസ്റ്റ് അറ്റ്‌ലസ്’ പുറത്തുവിട്ട പുതിയ ആഗോള പട്ടികയിലാണ് ഡെന്മാർക്കും ഫ്രാൻസും പോലുള്ള വമ്പൻ രാജ്യങ്ങളോട് മത്സരിച്ച് ഇന്ത്യൻ നെയ്യ് ആറാം സ്ഥാനം പങ്കിട്ടത്.
ഗിർ ഓർഗാനിക്കിന്റെ ‘എ2 ഗിർ കൗ ഗീ’, ജനപ്രിയ ബ്രാൻഡായ ‘അമുലിന്റെ പ്യുവർ ഗീ’ എന്നീ ഉൽപ്പന്നങ്ങളാണ് ഈ അന്താരാഷ്ട്ര പട്ടികയിൽ ഒരേപോലെ ആറാം സ്ഥാനത്ത് ഇടംനേടിയത്. മികച്ച ഗുണനിലവാരം, പാരമ്പര്യം, സാംസ്കാരിക പ്രാധാന്യം എന്നിവ മുൻനിർത്തിയാണ് ലോകത്തിലെ മികച്ച ഉൽപ്പന്നങ്ങളെ ടേസ്റ്റ് അറ്റ്‌ലസ് തിരഞ്ഞെടുത്തത്.
Also Read:ചിരട്ടക്കരി തുണച്ചു; നാളികേര കയറ്റുമതിയിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യ, വരുമാനം 7000 കോടി കടന്നു
ഗുജറാത്തിലെ സർട്ടിഫൈഡ് ഓർഗാനിക് ഫാമുകളിൽ വളർത്തുന്ന നാടൻ ഗിർ പശുക്കളുടെ പാലിൽ നിന്നാണ് ഗിർ ഓർഗാനിക് എ2 നെയ്യ് തയ്യാറാക്കുന്നത്. മായമില്ലാത്ത ഈ ശുദ്ധമായ നെയ്യ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. അതേസമയം, ഇന്ത്യക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായ അമുൽ നെയ്യ് അതിന്റെ തനതായ മഞ്ഞ നിറവും കൊതിയൂറുന്ന മണവും കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. വീടുകളിൽ പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന നെയ്യ് പോലെ തരിതരിയായുള്ള അമുലിന്റെ ഘടന വിദേശികൾക്കും പ്രിയപ്പെട്ടതായി മാറിയിട്ടുണ്ട്.
ഓസ്ട്രേലിയയിലെ പെപെ സയാസ്, വെസ്റ്റേൺ സ്റ്റാർ എന്നീ ബ്രാൻഡുകളാണ് പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ബെൽജിയം രണ്ടാമതും ഡെന്മാർക്ക് മൂന്നാം സ്ഥാനത്തും എത്തിയപ്പോൾ, യുകെ നാലും ഫ്രാൻസ് അഞ്ചാം സ്ഥാനവും നേടി. അയർലൻഡ്, ഇറ്റലി, സ്പെയിൻ, അമേരിക്ക, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യയുടെ സ്വന്തം നെയ്യ് ആഗോള തലത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കിയത്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






