ഇന്ത്യൻ വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്! ഏപ്രിലിൽ വിറ്റഴിച്ചത് 26 ലക്ഷത്തിലധികം യൂണിറ്റുകൾ

ഏപ്രിൽ മാസത്തിലെ എക്കാലത്തെയും ഉയർന്ന റീട്ടെയിൽ വിൽപ്പനയായ 26.11 ലക്ഷം യൂണിറ്റുകളാണ് ഇത്തവണ റിപ്പോർട്ട് ചെയ്തത്

ഇന്ത്യൻ വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്! ഏപ്രിലിൽ വിറ്റഴിച്ചത് 26 ലക്ഷത്തിലധികം യൂണിറ്റുകൾ
ഇന്ത്യൻ വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്! ഏപ്രിലിൽ വിറ്റഴിച്ചത് 26 ലക്ഷത്തിലധികം യൂണിറ്റുകൾ

2027 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ ഓട്ടോമൊബൈൽ മേഖല വൻ വളർച്ച രേഖപ്പെടുത്തി. ഏപ്രിൽ മാസത്തിലെ എക്കാലത്തെയും ഉയർന്ന റീട്ടെയിൽ വിൽപ്പനയായ 26.11 ലക്ഷം യൂണിറ്റുകളാണ് ഇത്തവണ റിപ്പോർട്ട് ചെയ്തത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസിന്റെ കണക്കുകൾ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് 12.94% വർധനവാണ് വിപണിയിലുണ്ടായത്. ഇരുചക്ര വാഹനങ്ങളാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. 19.16 ലക്ഷം യൂണിറ്റുകളാണ് ഈ വിഭാഗത്തിൽ വിറ്റഴിച്ചത്. വിവാഹ സീസണും ഗ്രാമീണ മേഖലയിലെ പണലഭ്യത വർധിച്ചതും നഗര-ഗ്രാമ വിപണികളിൽ ഒരേപോലെ പ്രതിഫലിച്ചു.

വിവിധ വാഹന വിഭാഗങ്ങളിൽ ട്രാക്ടറുകളാണ് 23.22 ശതമാനവുമായി ഏറ്റവും വേഗത്തിൽ വളരുന്നത്. പാസഞ്ചർ വാഹനങ്ങളുടെ വിഭാഗത്തിൽ 4.07 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് ഏപ്രിലിലെ ഏറ്റവും ഉയർന്ന റെക്കോർഡ് കൈവരിച്ചു. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ 20.4% എന്ന ശ്രദ്ധേയമായ വളർച്ചയുണ്ടായി. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ മുച്ചക്ര വാഹനങ്ങളാണ് ആധിപത്യം പുലർത്തുന്നത് (60.39%). വരാനിരിക്കുന്ന അക്ഷയ തൃതീയയും വിവാഹ സീസണിന്റെ തുടർച്ചയും മെയ് മാസത്തിലും വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് ഡീലർമാർ പ്രതീക്ഷിക്കുന്നു. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ധനവിലയിലുണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങളും കടുത്ത ഉഷ്ണതരംഗവുമാണ് വിപണി നേരിടുന്ന പ്രധാന ആശങ്കകൾ.

Share Email
Top