ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം; സജന സജീവന്റെ അരങ്ങേറ്റ മത്സരം

ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം; സജന സജീവന്റെ അരങ്ങേറ്റ മത്സരം

സില്‍ഹട്ട്: ബംഗ്ലാദേശിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം ഇന്ത്യന്‍ വനിതകള്‍ക്കൊപ്പം. മലയാളി താരമായ സജന സജീവന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇന്ന്. മത്സരത്തില്‍ 11 പന്തുകള്‍ നേരിട്ട സജന രണ്ട് ഫോര്‍ ഉള്‍പ്പെടെ 11 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടി. ബംഗ്ലാദേശിന്റെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 101ല്‍ അവസാനിച്ചു. ഇതോടെ ഇന്ത്യക്ക് 44 റണ്‍സിന്റെ ജയം.

മുര്‍ഷിദ ഖാത്തൂന്‍ (13), ഷൊര്‍ണ അക്തര്‍ (11) എന്നിവര്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. ഇന്ത്യക്കായി പൂജ വസ്ത്രകാര്‍ രണ്ടും ശ്രേയങ്ക പാട്ടീല്‍, ദീപ്തി ശര്‍മ, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. പരമ്പരയിലെ രണ്ടാം മത്സരം നാളെ 3.30 മുതല്‍ നടക്കും. മറ്റൊരു മലയാളി താരമായ ഓള്‍റൗണ്ടര്‍ ആശ ശോഭനയും ഇത്തവണ ഇന്ത്യന്‍ ടീമിലുണ്ട്. അടുത്ത മത്സരങ്ങളില്‍ അവസരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ആശ.

ഇന്ത്യക്കുവേണ്ടി യസ്തിക ഭാട്യ (29 പന്തില്‍ 36), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (22 പന്തില്‍ 30), ഷെഫാലി വര്‍മ (22 പന്തില്‍ 31), റിച്ച ഘോഷ് (17 പന്തില്‍ 23), സജന സജീവന്‍ (11) എന്നിവര്‍ രണ്ടക്കം കടന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ നാലോവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടിയ രേണുക താക്കൂര്‍ സിങ്ങാണ് തകര്‍ത്തത്. 48 പന്തില്‍ ഒരു സിക്സും അഞ്ച് ഫോറും സഹിതം 51 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന മാത്രമാണ് ബംഗ്ലാ വനിതകളില്‍ മികച്ച ഇന്നിങ്സ് കളിച്ചത്. 30 റണ്‍സിനിടെ തന്നെ നാല് മുന്‍നിര വിക്കറ്റുകള്‍ വീണതോടെ കളിയിലേക്കുള്ള തിരിച്ചുവരവ് സാധ്യമായില്ല.

Top