ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കണമെന്ന ആവശ്യത്തിന് ശക്തമായ പിന്തുണയുമായി ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് രംഗത്തെത്തി. ഭൗമരാഷ്ട്രീയപരമായ ഇന്നത്തെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ ആഗോള ഭരണസംവിധാനങ്ങളിൽ അടിയന്തര പരിഷ്കാരം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള ക്രമം നിലവിൽ വലിയൊരു പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിന്റെ ഭാവി ദിശ നിശ്ചയിക്കുന്നതിൽ ഇന്ത്യയ്ക്കും ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കും നിർണ്ണായക പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: യുദ്ധക്കപ്പൽ മുക്കിയതിന് ഇറാന്റെ പകരംവീട്ടൽ? അമേരിക്കൻ എണ്ണക്കപ്പലിന് നേരെ ആക്രമണം; കടലിൽ തീപിടിത്തം
മേഖലാ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും ആഗോള സമാധാനത്തെക്കുറിച്ചും ഇരുനേതാക്കളും വിശദമായ ചർച്ചകൾ നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളും നാല് വർഷമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധവും അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നതായി അലക്സാണ്ടർ സ്റ്റബ് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളും തത്വങ്ങളും അടിസ്ഥാനമാക്കിയുള്ള ശാശ്വതമായ സമാധാനം യുക്രെയ്നിൽ ഉണ്ടാകേണ്ടത് എല്ലാ രാജ്യങ്ങളുടെയും താല്പര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനൊപ്പം ആഗോള സുരക്ഷാ വിഷയങ്ങളിൽ ഇന്ത്യയുടെ നേതൃത്വത്തെ ഫിൻലാൻഡ് വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.






