ന്യൂഡല്‍ഹി: ആദ്യ ദീര്‍ഘദൂര ആണവ ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ നാവികസേന. പുതിയ ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഘട്ടില്‍ നിന്നാണ് പരീക്ഷണം നടന്നത്. 3500 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുന്ന കെ-നാല് ബാലിസ്റ്റിക് മിസൈല്‍ ആണ് ബംഗാൾ ഉൾക്കടലിൽ നിന്നും ബുധനാഴ്ച പരീക്ഷിച്ചത്. മുമ്പ് ആറുതവണ പരീക്ഷണം നടത്തിയ മിസൈൽ ഇതാദ്യമായാണ് അന്തർവാഹിനിയിൽ നിന്ന് പരീക്ഷിക്കുന്നത്. ഇതോടെ കരയിൽ നിന്നും വെള്ളത്തിൽ നിന്നും വായുവിൽ നിന്നും ദീർഘദൂരത്തേക്ക് ആണവ മിസൈലുകൾ തൊടുക്കാനുള്ള ശേഷി രാജ്യത്തിന് സ്വന്തമായി.
നിലവിൽ ഇന്ത്യൻ നാവികസേനക്ക് രണ്ട് ആണവ അന്തർവാഹിനികളാണുള്ളത്, ഐ.എന്‍.എസ് അരിഹന്തും ഐ.എന്‍.എസ് അരിഘട്ടും. ഇത്തരം അന്തര്‍വാഹിനികളില്‍നിന്ന് തൊടുത്തുവിടാവുന്ന രീതിയില്‍ പ്രത്യേകം തയാറാക്കിയതാണ് കെ.ഫോര്‍ ബാലിസ്റ്റിക് മിസൈലെന്ന് അധികൃതർ പറഞ്ഞു.
Also Read: ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം
ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനാണ് (ഡി.ആര്.ഡി.ഒ) ഈ മിസൈൽ വികസിപ്പിച്ചത്. കെ-15 ബാലിസ്റ്റിക് മിസൈലിന് 750 കിലോമീറ്ററായിരുന്നു ദൂരപരിധി. അതേസമയം 5,000 കിലോമീറ്റർ ദൂരപരിധി പ്രതീക്ഷിക്കുന്ന ആണവ ബാലിസ്റ്റിക് മിസൈലായ കെ- അഞ്ച് പരീക്ഷണത്തോട് അടുക്കുകയാണെന്നും അധികൃതർ അറിയിച്ചു.