ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ; ഇനി ലക്ഷ്യം കിരീടം

പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇനി ചാമ്പ്യന്‍സ് ട്രോഫിക്കായി ആത്മവിശ്വാസത്തോടെ ഒരുങ്ങാം.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ; ഇനി ലക്ഷ്യം കിരീടം
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ; ഇനി ലക്ഷ്യം കിരീടം

അഹമ്മദാബാദ്: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ തൂത്തുവാരി ഇന്ത്യ. അഹമ്മദാബാദില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 142 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയാണ് ആതിഥേയര്‍ 3-0ന് പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത് സ്വന്തമാക്കിയത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇനി ചാമ്പ്യന്‍സ് ട്രോഫിക്കായി ആത്മവിശ്വാസത്തോടെ ഒരുങ്ങാം.

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 34.2 ഓവറില്‍ 214 റണ്‍സിന് ഓള്‍ ഔട്ടായി.38 റണ്‍സ് വീതമെടുത്ത ടോം ബാന്റണും ഗുസ് അറ്റ്കിന്‍സണുമാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍മാര്‍. ഇന്ത്യക്കായി അര്‍ഷദീപ് സിംഗും ഹര്‍ഷിത് റാണയും അക്‌സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ 356ന് ഓള്‍ ഔട്ട്, ഇംഗ്ലണ്ട് 34.2 ഓവറില്‍ 214ന് ഓള്‍ ഔട്ട്.

Also Read: കേരളം രഞ്ജിട്രോഫി ഫൈനലിൽ

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് ആറോവറില്‍ 60 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമിട്ടു. എന്നാല്‍ ഏഴാം ഓവറില്‍ അര്‍ഷ്ദീപ് സിംഗ് ബെന്‍ ഡക്കറ്റിനെ(22 പന്തില്‍ 34) പുറത്താക്കിയതിന് പിന്നാലെ ഇംഗ്ലണ്ടിന് അടിതെറ്റി. പിന്നാലെ ഫില്‍ സാള്‍ട്ടിനെ(21 പന്തില്‍ 23)യും അര്‍ഷ്ദീപ് തന്നെ മടക്കി. ടോം ബാന്റണും(41 പന്തില്‍ 38) ജോ റൂട്ടും(29 പന്തില്‍ 24) ഇംഗ്ലണ്ടിനെ 100 കടത്തി പ്രതീക്ഷ നല്‍കിയെങ്കിലും ബാന്റണെ കുല്‍ദീപും റൂട്ടിനെ അക്‌സറും വീഴ്ത്തി.

ഹാരി ബ്രൂക്ക്(19) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ക്കും(6) ഒന്നും ചെയ്യാനായില്ല. ലിയാം ലിവിംഗ്സ്റ്റണെ(9) വാഷിംഗ്ട്ണ്‍ സുന്ദര്‍ പുറത്താക്കിയപ്പോള്‍ 19 പന്തില്‍ 38 റണ്‍സടിച്ച് തകര്‍ത്തടിച്ച അറ്റ്കിന്‍സണ്‍ ഇംഗ്ലണ്ടിന്റെ തോല്‍വിഭാരം കുറച്ചു. ആദില്‍ റഷീദിനെയും മാര്‍ക്ക് വുഡിനെയും മടക്കം ഹാര്‍ദ്ദിക് പാണ്ഡ്യ ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിപ്പിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയുടെയും(112), വിരാട് കോലി(52), ശ്രേയസ് അയ്യര്‍(64 പന്തില്‍ 78) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കെഎല്‍ രാഹുല്‍(29 പന്തില്‍ 40), ഹാര്‍ദ്ദിക് പാണ്ഡ്യ(9 പന്തില്‍ 17) ബാറ്റിംഗ് മികവിലാണ് മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(1) നിരാശപ്പെടുത്തിയപ്പോള്‍ അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യയുടെ ഫിനിഷിംഗിനെ ബാധിച്ചു. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാലു വിക്കറ്റെടുത്തു.

Share Email
Top