ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയം ഒരുങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ മൂന്ന് നിർണ്ണായക മാറ്റങ്ങൾക്ക് സാധ്യത. വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ്മ അസുഖബാധിതനായി വിശ്രമിക്കുന്ന സാഹചര്യത്തിൽ മലയാളി താരം സഞ്ജു സാംസൺ തന്നെ ഇഷാൻ കിഷനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും.
പാക് നിരയിലെ നിഗൂഢ സ്പിന്നർ ഉസ്മാൻ താരിഖിനെ നേരിടാൻ ഒരു വലംകൈയൻ ബാറ്റർ വേണമെന്നതും സഞ്ജുവിന് മുൻഗണന നൽകുന്നു. മധ്യനിരയിൽ ഫിനിഷർ റിങ്കു സിംഗിന് പകരം വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കൊളംബോയിലെ സ്പിൻ പിച്ചും പാക് നിരയിലെ ഇടംകൈയൻമാരുടെ സാന്നിധ്യവുമാണ് സുന്ദറിന് വഴിതുറക്കുന്നത്. ഇതോടെ ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ ആഴം ലഭിക്കുമെന്നും ടീം മാനേജ്‌മെന്റ് കരുതുന്നു.
Also Read: ഇന്ത്യ പാകിസ്ഥാനോട് തോൽക്കുമെന്ന് പ്രവചനം; ആരാധകർക്കിടയിൽ ചർച്ചയായി ‘സിംബാബ്‌വെ പ്രവചനക്കാരൻ’
ബാറ്റിംഗ് നിരയിൽ ഇഷാൻ കിഷന്റെ തകർപ്പൻ ഫോമും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ സാന്നിധ്യവുമാണ് ഇന്ത്യയുടെ കരുത്ത്. കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും സൂര്യ നാളെ ഉദിച്ചുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പരിക്കിന് ശേഷം തിരിച്ചെത്തിയ തിലക് വർമ്മയിൽ നിന്ന് മറ്റൊരു മാച്ച് വിന്നിംഗ് ഇന്നിംഗ്സ് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. മധ്യനിരയിൽ സ്പിന്നർമാരെ കടന്നാക്രമിക്കാൻ ശിവം ദുബെയും, നിർണ്ണായക സമയങ്ങളിൽ ഫോമിലേക്ക് തിരിച്ചെത്താൻ അക്സർ പട്ടേലും തയ്യാറെടുക്കുന്നു. പാകിസ്ഥാനെതിരെ എന്നും മികച്ച റെക്കോർഡുള്ള ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനം മത്സരഫലത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്.
ബൗളിംഗ് നിരയിൽ വരുൺ ചക്രവർത്തിയാകും ഇന്ത്യയുടെ പ്രധാന വജ്രായുധം. നമീബിയക്കെതിരെ മൂന്ന് വിക്കറ്റുമായി തിളങ്ങിയ വരുണിന് പ്രേമദാസയിലെ സ്പിൻ പിച്ച് അനുകൂലമാകും. പേസ് നിരയിൽ ജസ്പ്രീത് ബുമ്ര പവർ പ്ലേയിൽ തന്നെ പന്തെറിയാൻ എത്തുമെന്നാണ് കരുതുന്നത്. എന്നാൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ അർഷ്ദീപ് സിംഗിന് പകരം കുൽദീപ് യാദവിനെ കളിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. അർഷ്ദീപ് പുറത്തിരുന്നാൽ ബുമ്രയ്ക്കൊപ്പം ഹാർദിക് പാണ്ഡ്യയാകും പുതിയ പന്ത് പങ്കിടുക. കാലാവസ്ഥ ചതിച്ചില്ലെങ്കിൽ പഴുതടച്ച ടീമുമായി പാകിസ്ഥാനെ തകർക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.






