ഇന്ത്യയുടെ വിദേശനയങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന യൂറോപ്യൻ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യക്ക് വേണ്ടത് ഉപദേശകരെയല്ല, തുല്യ പങ്കാളികളെയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ആർട്ടിക് സർക്കിൾ ഇന്ത്യ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഈ ലോകത്ത് ഇന്ത്യ തേടുന്നത് ഉപദേശകരെയല്ല, മറിച്ച് പങ്കാളികളെയാണ്. പ്രത്യേകിച്ചും സ്വന്തം രാജ്യത്ത് പ്രാവർത്തികമാക്കാത്ത കാര്യങ്ങൾ മറ്റുള്ളവരെ ഉപദേശിക്കുന്നവരെ ഇന്ത്യക്ക് ആവശ്യമില്ല. യൂറോപ്പിലെ ചില നേതാക്കളിൽ ഈ പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ ചിലരിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്,” ജയശങ്കർ ശക്തമായ ഭാഷയിൽ പറഞ്ഞു.
Also Read : മേലുദ്യോഗസ്ഥർക്ക് അറിയാമായിരുന്നു, അനുവാദവും ഉണ്ടായിരുന്നു! പുറത്താക്കിയ ജവാൻ കോടതിയിലേക്ക്..
ഇന്ത്യയുടെ കാഴ്ചപ്പാടിൽ, രാജ്യങ്ങൾ തമ്മിൽ ഒരു പങ്കാളിത്തം വികസിപ്പിക്കണമെങ്കിൽ പരസ്പര ധാരണയും അവബോധവും വളർത്തിയെടുക്കേണ്ടതുണ്ട്. പരസ്പര താൽപ്പര്യങ്ങളും ലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള തിരിച്ചറിവും ഉണ്ടാകണം. എന്നാൽ, യൂറോപ്പിലെ പല രാജ്യങ്ങളും ഇതിനെ വ്യത്യസ്ത രീതിയിലാണ് സമീപിക്കുന്നത്. ചില രാജ്യങ്ങൾ കൂടുതൽ മുന്നോട്ട് പോകുമ്പോൾ, മറ്റു ചിലർ ഇപ്പോഴും പിന്നോട്ട് നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായി അധികാരമേറ്റതിന് ശേഷമുള്ള ആഗോള രാഷ്ട്രീയ മാറ്റങ്ങൾക്കിടയിലാണ് ഇന്ത്യയുടെ ഈ ശക്തമായ പ്രതികരണം. കൂടാതെ, പഹൽഗാം ഭീകരാക്രമണവും പാകിസ്താനെതിരെ ഇന്ത്യ സ്വീകരിച്ച കർശന നിലപാടുകളും അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിയുടെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ വിദേശനയങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങൾക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ജയശങ്കറിൻ്റെ വാക്കുകൾ.






