സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തിൽ ഇന്ത്യ സെമിയിൽ; ഡ്രസ്സിംഗ് റൂമിലെ ‘ഇംപാക്ട് പ്ലെയർ’ മെഡൽ ബുംറയ്ക്ക്

50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസ് അടിച്ചുകൂട്ടിയ സഞ്ജു തന്നെയായിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും

സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തിൽ ഇന്ത്യ സെമിയിൽ; ഡ്രസ്സിംഗ് റൂമിലെ ‘ഇംപാക്ട് പ്ലെയർ’ മെഡൽ ബുംറയ്ക്ക്
സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തിൽ ഇന്ത്യ സെമിയിൽ; ഡ്രസ്സിംഗ് റൂമിലെ ‘ഇംപാക്ട് പ്ലെയർ’ മെഡൽ ബുംറയ്ക്ക്

ടി20 ലോകകപ്പിലെ ആവേശകരമായ സൂപ്പർ-8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറി. വിൻഡീസ് ഉയർത്തിയ 196 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ വിജയതീരത്തെത്തിച്ചത് മലയാളി താരം സഞ്ജു സാംസണിന്റെ ഉജ്ജ്വല പ്രകടനമാണ്. 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസ് അടിച്ചുകൂട്ടിയ സഞ്ജു തന്നെയായിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും. എന്നാൽ മത്സരശേഷം ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ നൽകുന്ന സവിശേഷമായ ‘ഇംപാക്ട് പ്ലെയർ’ മെഡൽ തേടിയെത്തിയത് സഞ്ജുവിനെയല്ല, മറിച്ച് മത്സരത്തിന്റെ ഗതി മാറ്റിയ സ്പെൽ എറിഞ്ഞ പേസർ ജസ്പ്രീത് ബുംറയെയായിരുന്നു.

വെസ്റ്റ് ഇൻഡീസ് കൂറ്റൻ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിച്ച നിർണ്ണായക ഘട്ടത്തിലാണ് ബുംറ പന്തെടുത്തത്. 11 ഓവറിൽ 99 റൺസെന്ന ശക്തമായ നിലയിലായിരുന്ന വിൻഡീസിനെതിരെ 12-ാം ഓവർ എറിയാനെത്തിയ ബുംറ, മിന്നും ഫോമിലായിരുന്ന ഷിമ്രോൺ ഹെറ്റ്‌മെയറെയും റോസ്റ്റൺ ചേസിനെയും പുറത്താക്കി മത്സരത്തിൽ ഇന്ത്യയെ തിരികെ എത്തിച്ചു. ബുംറയുടെ ഈ ഇരട്ടപ്രഹരം വിൻഡീസ് ടോട്ടലിൽ 20 റൺസോളം കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ. 4 ഓവറിൽ 36 റൺസ് വഴങ്ങിയാണ് അദ്ദേഹം രണ്ട് പ്രധാന വിക്കറ്റുകൾ വീഴ്ത്തിയത്.

Also Read: സഞ്ജുവിനെതിരെ വംശീയ അധിക്ഷേപം; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് പരാതി നൽകി കോൺഗ്രസ്

ഫീൽഡിംഗ് കോച്ച് ടി ദിലീപ് ആണ് ഡ്രസ്സിംഗ് റൂമിൽ വെച്ച് ബുംറയ്ക്ക് മെഡൽ സമ്മാനിച്ചത്. ഏറ്റവും സമ്മർദ്ദമുണ്ടാക്കുന്ന നിമിഷങ്ങളെ അപാരമായ കൃത്യതയോടെയും ശാന്തതയോടെയും നേരിട്ടതിനാണ് ബുംറയെ ഈ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് ദിലീപ് വ്യക്തമാക്കി. മെഡൽ ഏറ്റുവാങ്ങിയ ശേഷം ബുംറ തന്റെ സഹതാരങ്ങളായ ശിവം ദുബെയ്ക്കും തിലക് വർമ്മയ്ക്കും നന്ദി പറഞ്ഞു. ദുബെ അടിച്ച രണ്ട് ഫോറുകൾ ടീമിന്റെ സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചെന്നും മുംബൈയിൽ നടക്കാനിരിക്കുന്ന സെമി ഫൈനലിലും ഈ മികവ് തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബുംറ കൂട്ടിച്ചേർത്തു.

Share Email
Top