ന്യൂഡൽഹി: ബംഗ്ലാദേശ് അതിർത്തി സേനയുടെയും (ബി.ജി.ബി) അതിർത്തി സുരക്ഷാ സേനയുടെയും (ബി.എസ്.എഫ്) ദ്വൈവാർഷിക ഡയറക്ടർ ജനറൽ തല ചർച്ച ഫെബ്രുവരി 16 മുതൽ 20 വരെ ഡൽഹിയിൽ നടക്കും. ബി.ജി.ബി ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഷ്റഫുസ്സമാൻ സിദ്ദിഖി, ബി.എസ്.എഫ് ഡയറക്ടർ ജനറൽ ദൽജിത് സിങ് ചൗധരി എന്നിവർ പങ്കെടുക്കും.
അതിർത്തിയിലെ അതിക്രമങ്ങൾ, ബംഗ്ലാദേശ് അതിർത്തിയിലെ വേലി നിർമ്മാണം, ഏകോപിത പട്രോളിങ് എന്നിവ ചർച്ചയിൽ അജണ്ടയാകും. ഒക്ടോബർ 24നു ചർച്ച നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വം കാരണം മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കമാൻഡർ തല ചർച്ചയിൽ ഇരുരാജ്യങ്ങളുടെയും കർഷകരൊഴികെയുള്ളവർക്ക് അതിർത്തി കടക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങളിൽ തീരുമാനമായിരുന്നു.
Also Read: ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ല; ബോംബെ ഹൈക്കോടതി
അതിർത്തിയിൽ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ഗ്രാമീണർ ഈയിടെ ഏറ്റുമുട്ടിയതും ചർച്ചയായി. ഗ്രാമീണർ സംഘടിതമായി ആക്രമിക്കുന്നത് തടയാൻ ഇരു ഭാഗത്തെയും സേനകൾ തീരുമാനിച്ചിട്ടുണ്ട്.