ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവില്‍ ഡിസംബറില്‍ 15 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോർട്ട്. നവംബറിലെ 35,943 കോടി രൂപയില്‍നിന്ന് ഡിസംബറില്‍ 41,155 കോടി രൂപയായാണ് നിക്ഷേപം വർധിച്ചത്. സെക്ടറല്‍, തീമാറ്റിക് ഫണ്ടുകളിലാണ് കൂടുതല്‍ നിക്ഷേപമെത്തിയത്. 15,331 കോടി രൂപ. മിഡ് ക്യാപ് വിഭാഗത്തിലാകട്ടെ 5,093 കോടിയും ഫ്ലെക്സി ക്യാപില്‍ 4,730 കോടി രൂപയുമെത്തി.
സ്‌മോള്‍ ക്യാപ് വിഭാഗത്തിലും നിക്ഷേപ വര്‍ധനവ് രേഖപ്പെടുത്തി. 4,111 കോടിയില്‍നിന്ന് 4,667 കോടിയായി. ഡിവിഡന്റ് യീല്‍ഡ് ഫണ്ടില്‍ 277 കോടി രൂപയും ഫോക്കസ്ഡ് ഫണ്ടില്‍ 455 കോടി രൂപയും ഇഎല്‍എസ്എസില്‍ 187 കോടിയുമാണ് നിക്ഷേപമായെത്തിയത്. 2024 ൽ മ്യൂച്വല്‍ ഫണ്ടുകളിലെത്തിയ മൊത്തം നിക്ഷേപം 3.94 ലക്ഷം കോടി രൂപയാണ്. ഇതില്‍ തീമാറ്റിക്, സെക്ടറല്‍ ഫണ്ടുകളില്‍ 1.55 ലക്ഷം കോടിയെത്തിയതായാണ് റിപ്പോർട്ട്. സമാന കാലയളവില്‍ ഫ്ലെക്സി ക്യാപിലെ നിക്ഷേപം 40,961 കോടി രൂപയാണ്.
Also Read: സ്വിഗ്ഗിയുടെ സമ്മാനം; പലഹാരങ്ങള്‍ വാങ്ങാന്‍ പ്രത്യേക ആപ്പ്
കടപ്പത്ര ഫണ്ടുകളിലെ കണക്കെടുത്താല്‍ ഡിസംബറിലെ മാത്രം നിക്ഷേപം 1.27 ലക്ഷം കോടി രൂപയാണ്. നവംബറിലിത് 12,915 കോടി രൂപ മാത്രമായിരുന്നു. 16 ഉപവിഭാഗങ്ങളില്‍ മീഡിയം ടു ലോങ് ഡ്യൂറേഷന്‍ ഫണ്ടുകള്‍, ഗില്‍റ്റ് ഫണ്ടുകള്‍, ലോങ് ഡ്യൂറേഷന്‍ ഫണ്ടുകള്‍ എന്നിവ ഒഴികെയുള്ള വിഭാഗങ്ങളില്‍നിന്ന് വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.