ടിടിഇ വിനോദിനെ കൊന്ന സംഭവം;നിര്‍ണായക മൊഴി നല്‍കിയത് അതിഥി തൊഴിലാളികള്‍

ടിടിഇ വിനോദിനെ കൊന്ന സംഭവം;നിര്‍ണായക മൊഴി നല്‍കിയത് അതിഥി തൊഴിലാളികള്‍
ടിടിഇ വിനോദിനെ കൊന്ന സംഭവം;നിര്‍ണായക മൊഴി നല്‍കിയത് അതിഥി തൊഴിലാളികള്‍

പാലക്കാട്എറണാകുളം-പട്ന സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലെ ടിടിഇ കെ വിനോദിനെ തള്ളിയിട്ട് കൊന്നക്കേസില്‍ നിര്‍ണായക മൊഴി നല്‍കിയത് അതിഥി തൊഴിലാളികളായ ഒഡീഷ സ്വദേശികളെന്ന് പൊലീസ്. കേസില്‍ പ്രതിയായ ഒഡീഷ സ്വദേശി രജനീകാന്ത, ടിടിഇ വിനോദിനെ തള്ളിയിട്ടത് കണ്ടെന്ന മൊഴിയാണ് അതിഥി തൊഴിലാളികളായ രണ്ടു പേരും നല്‍കിയത്. ട്രെയിൻ ടിക്കറ്റ് സംബന്ധിച്ച് വിനോദും രജനീകാന്തയും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടത് കണ്ടെന്നും എന്നാല്‍ തള്ളിയിട്ടത് തടയാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്നുമാണ് ഇവര്‍ മൊഴി നല്‍കിയത്. ഇവരെ മൊഴി രേഖപ്പെടുത്തിയ ശേഷം നാട്ടിലേക്ക് വിട്ടു. ആവശ്യമെങ്കില്‍ ഉടന്‍ മടങ്ങി വരുമെന്ന് അവര്‍ പറഞ്ഞതായും പൊലീസ് പറഞ്ഞു. 

അതേസമയം, ജനറല്‍ ടിക്കറ്റുമായി റിസര്‍വ് കോച്ചില്‍ കയറിയതിന് ആയിരം രൂപ പിഴയീടാക്കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇയെ താന്‍ ട്രെയിനിന്റെ പുറത്തേക്ക് തള്ളിയിട്ടതെന്ന് പ്രതി രജനീകാന്ത പറഞ്ഞു. തന്റെ കൈയില്‍ പണമില്ലായിരുന്നുവെന്നും പിഴ നല്‍കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇ വിനോദിനെ പുറത്തേക്ക് ചവിട്ടിയിട്ടതെന്നാണ് രജനീകാന്ത പറഞ്ഞത്. രജനീകാന്തയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതായും ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. 

ഇന്നലെ വൈകിട്ട് ഏഴരയോടെ എറണാകുളം-പട്‌ന എക്‌സ്പ്രസിലാണ് സംഭവം നടന്നത്. തൃശൂരിനും വടക്കാഞ്ചേരി സ്റ്റേഷനുമിടയിലുള്ള വെളപ്പായയില്‍ വച്ച് ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് എറണാകുളം സ്വദേശിയായ ടിടിഇ വിനോദിനെ രജനീകാന്ത തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. വെളപ്പായ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോച്ചിലെ യാത്രക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പാലക്കാട് നിന്നാണ് പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടിയത്.

Top