വടകരയില്‍ മുന്‍തൂക്കം ശൈലജയ്ക്കുതന്നെ; അന്തിമവിശകലനവുമായി സിപിഎം

വടകരയില്‍ മുന്‍തൂക്കം ശൈലജയ്ക്കുതന്നെ; അന്തിമവിശകലനവുമായി സിപിഎം

കോഴിക്കോട് : വടകരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്കുതന്നെയാണ് മുന്‍തൂക്കമെന്ന് സി.പി.എം. വിലയിരുത്തല്‍. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശകലനത്തിലാണ് 1200-നും 1500-നും ഇടയിലുള്ള വോട്ടിന്റെ ഭൂരിപക്ഷത്തിനെങ്കിലും കെ.കെ. ശൈലജയ്ക്ക് ജയിച്ചുകയറാന്‍ കഴിയുമെന്ന് കണക്കുകൂട്ടുന്നത്.

ഈ സാഹചര്യത്തിലാണ് ഇത്തവണ സംശയമുള്ളതും ആടിക്കളിക്കുന്നതുമായ വോട്ടുകളെല്ലാം മാറ്റിനിര്‍ത്തി, ഉറച്ചവോട്ടുകള്‍മാത്രം പരിഗണിച്ച് ബൂത്ത് തലത്തില്‍നിന്ന് മണ്ഡലം കമ്മിറ്റികളിലേക്ക് റിപ്പോര്‍ട്ടുപോയത്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് ഇത്തവണ അല്പം മേല്‍ക്കോയ്മയുണ്ടാവുമെന്നാണ് അന്തിമ അവലോകനം.

വടകര, കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം എന്നിവിടങ്ങളില്‍ യു.ഡി.എഫിന് തന്നെയാവും ഇത്തവണയും മേല്‍ക്കൈ. പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം അസംബ്ലി മണ്ഡലങ്ങളില്‍ അടിയൊഴുക്ക് ശക്തമാണെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.

വടകരയില്‍ കോണ്‍ഗ്രസ് നേതാവും നിലവിലെ എം.പി.യുമായ കെ. മുരളീധരന്‍ വീണ്ടും സ്ഥാനാര്‍ഥിയാവുമെന്ന നിഗമനത്തിലാണ് വടകര തിരിച്ചുപിടിക്കാന്‍ മുന്‍ ആരോഗ്യമന്ത്രിയും സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജയെ രംഗത്തിറക്കിയത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ അവര്‍ ഏറെ മുന്നോട്ടുപോയിരുന്നു. എന്നാല്‍, പാലക്കാട് എം.എല്‍.എ.യായ ഷാഫി പറമ്പിലിനെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാക്കിയതോടെ വടകരയിലെ തിരഞ്ഞെടുപ്പുരംഗം മറ്റൊരുതലത്തിലേക്ക് പെട്ടെന്ന് എത്തുകയായിരുന്നു.

എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് കഴിഞ്ഞതവണ ലഭിച്ചത് 80,128 വോട്ടായിരുന്നു. വലിയമുന്നേറ്റം വടകരയില്‍ എന്‍.ഡി.എ.ക്ക് സാധ്യമാകില്ലെന്ന വിലയിരുത്തലിലാണ് സി.പി.എം.

Top