കൊച്ചി: നവ കേരളസദസ്സിലെ യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് കോടതിയില്‍ വ്യക്തമാക്കി. കൊച്ചി സെന്‍ട്രല്‍ പൊലീസ് എറണാകുളം സിജെഎം കോടതിയില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. ഈ മാസം 23ന് കോടതി വീണ്ടും കേസ് പരിഗണിക്കും. മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്നും മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് കോടതിയെ സമീപിച്ചത്.
Also Read: നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്
കോടതിയില്‍ പോലും മുഖ്യമന്ത്രിയുടെ കലാഹാഹ്വാനം ന്യായീകരിക്കാനാണ് പൊലീസിന്റെ ശ്രമമെന്ന് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും അക്രമം നടത്തുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തന്റെ വാഹനത്തിന് മുന്നിലേക്ക് എടുത്തുചാടിയവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.