CMDRF

മേജർ രവിക്ക് എതിരായ പരാതിയിൽ ‘തട്ടി’ മോഹൻലാലിൻ്റെ ലഫ്. കേണൽ പദവിയും തെറിക്കുമോ ?

മേജർ രവിക്ക് എതിരായ പരാതിയിൽ ‘തട്ടി’ മോഹൻലാലിൻ്റെ ലഫ്. കേണൽ പദവിയും തെറിക്കുമോ ?
മേജർ രവിക്ക് എതിരായ പരാതിയിൽ ‘തട്ടി’ മോഹൻലാലിൻ്റെ ലഫ്. കേണൽ പദവിയും തെറിക്കുമോ ?

മുണ്ടക്കൈ ദുരന്തബാധിത പ്രദേശം സന്ദർശിക്കാൻ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റു കൂടിയായ മേജർ രവിയ്ക്ക് ഒപ്പമെത്തിയ മോഹൻലാലിൻ്റെ നടപടിക്കെതിരെ ഉയരുന്നത് ശക്തമായ വിമർശനം.

മേജർ രവി സൈനിക യൂണിഫോം ഉപയോഗിച്ചതിനെതിരെയും വ്യാപകമായാണ് പരാതി ഉയർന്നിരിക്കുന്നത്. ഡിഫൻസ് സർവ്വീസ് റെഗുലേഷൻ പ്രകാരം സൈന്യത്തിൽ നിന്നും വിരമിച്ചയാൾ സൈനിക യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും മേജർ രവി സൈനിക യൂണിഫോം ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതി. സൈന്യത്തിൽ നിന്നും വിരമിച്ച ആർ എ അരുൺ എന്നയാൾ ഇതു സംബന്ധമായി നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിയും നൽകിയിട്ടുണ്ട്.

മേജർ രവിയുടെ നടപടി പൊതുജനത്തിനും രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവർക്കും തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് മാത്രമല്ല, സുരക്ഷാ പ്രശ്‌നവും ഉയർത്തുന്നതാണ്. ഇക്കാര്യത്തിൽ ഉചിതമായ അന്വേഷണം നടത്തി മേജർ രവിക്കെതിരെ നടപടിയെടുക്കണമെന്നാണ് അരുൺ പരാതിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയ്ക്ക് പുറമെ പ്രതിരോധ മന്ത്രി, കേരള മുഖ്യമന്ത്രി, ഡിജിപി, വയനാട് എസ് പി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

‘സൈനിക യൂണിഫോം ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് മേജർ രവിയുടെ പ്രവർത്തി. ഇത് സുരക്ഷാ പ്രശ്‌നങ്ങൾ ഉയർത്തും. ദേശസുരക്ഷയ്ക്ക് ഭീഷണിയാണ്. മേജർ രവിക്കെതിരെ നടപടിയെടുത്ത് ഇന്ത്യൻ മിലിട്ടറി യൂണിഫോമിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും’ പരാതിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

ഇതോടെ മോഹൻലാൽ ഉൾപ്പെടെയാണ് വെട്ടിലായിരിക്കുന്നത്. മേജർ രവിക്ക് ഒപ്പമാണ് മോഹൻലാൽ വന്നത് എന്നതിനാൽ ലാലും വിശദീകരണം നൽകേണ്ടി വരും. സൈനിക വിഷയങ്ങളിൽ കടുത്ത നടപടികൾ സ്വീകരിക്കുന്ന രീതി തുടർന്നാൽ മോഹൻലാലിന് നൽകിയ ലഫ്. കേണൽ പദവി വരെ റദ്ദാക്കാൻ കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ പ്രതിരോധ മന്ത്രാലയത്തിൻ്റെ നിലപാടും നിർണ്ണായകമാകും. താൻ നൽകിയ പരാതിക്ക് എതിരെ നടപടി ഉണ്ടായില്ലങ്കിൽ കോടതിയെ സമീപിക്കാനും പരാതിക്കാരന് ആലോചനയുണ്ട്. ഇത് ബന്ധപ്പെട്ട അധികൃതരെയും കൂടുതൽ സമ്മർദ്ദത്തിലാക്കും.

ഡി.ജി.പിയും എസ്.പിയും ഉൾപ്പെടെയുള്ള സംസ്ഥാന പൊലീസിലെ ഉന്നതർക്ക് പരാതി ലഭിച്ചതിനാൽ അവർക്കും ഈ വിഷയത്തിൽ റിപ്പോർട്ട് നൽകേണ്ടി വരും. ദൃശ്യമാധ്യമങ്ങളിൽ ഉൾപ്പെടെ തെളിവ് ഉള്ളതിനാൽ യാഥാർത്ഥ്യം യാഥാർത്ഥ്യമായി തന്നെ കണ്ട് പൊലീസിനും നടപടി സ്വീകരിക്കേണ്ടതായി വരും.

ദുരന്തമുഖത്ത് സൈന്യം നടത്തുന്ന സേവനത്തിൽ തനിക്ക് അഭിമാനം ഉണ്ടെന്നും എന്നാൽ സൈനിക യൂണിഫോമിൽ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതുൾപ്പെടെ മേജർരവിയുടെ പ്രവർത്തിയെ ശക്തമായി അപലപിക്കുന്നുവെന്നുമാണ് പരാതിക്കാരൻ തുറന്നടിച്ചിരിക്കുന്നത്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകർ, ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സൂചനയുണ്ട്.

മോഹൻലാലിൻ്റെ ഉടമസ്ഥതയിലുള്ള വിശ്വശാന്തി ഫൗണ്ടേഷനുമായി കൈകോർത്താണ് മോഹൻലാൽ, മേജർ രവിയും അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം വയനാട് ദുരന്തമുഖത്തെത്തിയത്. തൻ്റെ ഉടമസ്ഥതയിലുള്ള ഫൗണ്ടേഷൻ്റെ ‘പ്രചരണത്തിനു’ വേണ്ടി മോഹൻലാലും സൈനിക യൂണിഫോം ദുരുപയോഗം ചെയ്തെന്ന വിമർശനവും ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.

ദുരന്തത്തിൽപ്പെട്ട അനവധി പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെന്നിരിക്കെ മോഹൻലാലിനെ പോലെയുള്ള സൂപ്പർതാരം ദുരന്തമുഖത്ത് എത്തിയത് രക്ഷാപ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിയിരുന്നു. ഇതിനിടെ മേജർ രവി മോഹൻലാലുമൊത്ത് പ്രദേശത്ത് നിന്നും സെൽഫിയെടുത്തതും സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിനാണ് വഴിവച്ചിരിക്കുന്നത്.

STAFF REPORTER

Top