കൊല്ലത്ത് കണക്ക് തീർക്കാൻ ഇടതുപക്ഷം, നടക്കുന്നത് തീ പാറുന്ന മത്സരം

കൊല്ലത്ത് കണക്ക് തീർക്കാൻ ഇടതുപക്ഷം, നടക്കുന്നത് തീ പാറുന്ന മത്സരം

ത് അളവ് കോല്‍ എടുത്തു പരിശോധിച്ചാലും, കൊല്ലം ലോകസഭ മണ്ഡലത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി , ഇടതുപക്ഷമാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും , അതു തന്നെയാണ് സൂചിപ്പിക്കുന്നത്.

സിറ്റിംഗ് എം.പിയായ എന്‍.കെ പ്രേമചന്ദ്രന് , ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. രാഹുല്‍ ഇഫക്ടാണ് 2019-ല്‍ പ്രേമചന്ദ്രനെ തുണച്ചതെങ്കില്‍ , ഇത്തവണ അത്തരമൊരു ഇഫക്ട് ഇല്ല എന്നത് , മറ്റു മണ്ഡലങ്ങളിലെ പോലെ തന്നെ, കൊല്ലത്തും , കോണ്‍ഗ്രസ്സ് നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ഇന്ത്യാ സഖ്യത്തിന് അധികാരത്തില്‍ വരാന്‍ സാധിച്ചാല്‍, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകില്ലന്ന കാര്യവും , ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, പൊതുസമ്മതരായ മറ്റു പ്രതിപക്ഷ നേതാക്കളില്‍ ആരെയെങ്കിലും പിന്തുണയ്ക്കാന്‍ , കോണ്‍ഗ്രസ്സും നിര്‍ബന്ധിക്കപ്പെടും. ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍, അത് സ്വന്തം കുടുംബത്തിനു തന്നെ ഭീഷണിയാകുമെന്ന് തിരിച്ചറിയുന്ന രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും, എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാന്‍ തന്നെയാണ് സാധ്യത. രാജ്യത്തെ നിലവിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യവും, അതു തന്നെയാണ്.

ഇത്തരമൊരു സാഹചര്യം , കേരളത്തിലെ വോട്ടര്‍മാരും തിരിച്ചറിയുന്നുണ്ട്. അതു കൊണ്ടു തന്നെ , രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രാധാന്യം വര്‍ദ്ധിക്കുന്ന തിരഞ്ഞെടുപ്പു കൂടിയാണ് , ഇപ്പോള്‍ നടക്കാന്‍ പോകുന്നത്.

2019-ല്‍, ബി.ജെ.പി സഖ്യം പരമാവധി സീറ്റു നേടിയ യു.പി, ഗുജറാത്ത്, ബീഹാര്‍, മഹാരാഷ്ട്ര,രാജസ്ഥാന്‍, മധ്യ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍, അവര്‍ക്ക് അതേ രൂപത്തില്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ , മൂന്നാം ഊഴമെന്ന മോദിയുടെ സ്വപ്നമാണ് അതോടെ അവസാനിക്കുക. അതു കൊണ്ടു തന്നെ, പ്രതിപക്ഷ പാര്‍ട്ടികളിലെ, വിജയിച്ചു വരുന്ന എം.പിമാരെ ചാക്കിട്ട് പിടിക്കാനുള്ള നീക്കവും ശക്തമാകും. ഇവിടെയാണ് കൂറുമാറ്റം ബാധകമല്ലാത്തവരുടെ നിലപാട് പ്രസക്തമാകുക. ഇത്തരമൊരു സാഹചര്യം ഉള്ളതിനാലാണ് , ആര്‍.എസ്.പി നേതാവ് എം.കെ പ്രേമചന്ദ്രന് പ്രധാനമന്ത്രി നല്‍കിയ വിരുന്നും , രാഷ്ട്രീയ വിവാദമായിരുന്നത്.

കൂറുമാറ്റ നിയമം ആര്‍.എസ്.പി പോലുള്ള ചെറിയ പാര്‍ട്ടികളിലെ എം.പിമാര്‍ക്ക്, ഒരിക്കലും ബാധകമായിരിക്കുകയില്ല. ഈ യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് , പല സംസ്ഥാനങ്ങളിലും , പ്രത്യേക സ്ട്രാറ്റര്‍ജിയാണ് ബി.ജെ.പി സ്വീകരിച്ചിരിക്കുന്നത്.

543 അംഗങ്ങളുള്ള ലോകസഭയിലെ , കേവലം ഏഴ് എം.പിമാര്‍ക്ക് മാത്രമായി പ്രധാനമന്ത്രി നടത്തിയ വിരുന്നിലേക്ക് , ആര്‍.എസ്.പി നേതാവായ എന്‍.കെ പ്രേമചന്ദ്രന്‍ ക്ഷണിക്കപ്പെട്ടതിന്റെ പ്രാധാന്യവും ഇതു തന്നെയാണ്. ഉച്ച ഭക്ഷണത്തില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയമില്ലന്ന് പ്രേമചന്ദ്രന്‍ പറയുമ്പോഴും, നമുക്ക് മുന്നിലെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. മോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബി.എസ്.പി എം.പി… ബി.ജെ.പിയില്‍ ചേക്കേറിയ കാഴ്ചയാണിത്. പ്രേമചന്ദ്രന്റെ നിലപാടിന്റെ മുനയൊടിച്ച് കളഞ്ഞ സംഭവമാണിത്. പ്രേമചന്ദ്രന്‍ എന്തു തന്നെ പറഞ്ഞാലും , മോദി കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയാണ് , വിരുന്നിലേക്ക് എം.പിമാരെ സെലക്ട് ചെയ്തിരിക്കുന്നത്.
ഇതു സംബന്ധമായി, ഉത്തരം കിട്ടാത്ത പലചോദ്യങ്ങളും അന്തരീക്ഷത്തില്‍ ഇപ്പോഴുമുണ്ട്.
‘തങ്ങളെ ക്ഷണിച്ചിരുന്നെങ്കില്‍ പങ്കെടുക്കില്ലായിരുന്നു എന്ന് , കേരളത്തിലെ ലീഗ് – കോണ്‍ഗ്രസ്സ് എം.പിമാര്‍ക്കു പോലും പറയേണ്ടി വന്നതും , വിരുന്ന് വിവാദത്തിലെ അപകടം മുന്നില്‍കണ്ടതു കൊണ്ടു മാത്രമാണ്. വിജയിച്ചു കഴിഞ്ഞാല്‍ , ബി.ജെ.പി മുന്നണിയിലേക്ക് കൂറുമാറാന്‍ സാധ്യതയുള്ള എം.പിമാര്‍ ആരൊക്കെ എന്ന ചോദ്യം പ്രസക്തമാകുന്നതും, ഈ സാഹചര്യത്തിലാണ്.

എം.പിയായി മാത്രമല്ല , എം.എല്‍.എ ആയും മന്ത്രിയായും ഒക്കെ…തന്റെ ഇന്നുവരെയുള്ള രാഷ്ട്രീയ ജീവിതത്തില്‍, പ്രേമചന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലത്തെ ആര്‍.എസ്.പി എന്നു പറഞ്ഞാല്‍ , അത് പ്രേമചന്ദ്രന്‍ എന്ന പേരില്‍ മാത്രമായാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷിബു ബേബി ജോണ്‍ തോല്‍ക്കുക കൂടി ചെയ്തതോടെ , പ്രേമചന്ദ്രനാണ് പാര്‍ട്ടിയില്‍ കരുത്ത് കൂടിയിരിക്കുന്നത്. എന്നാല്‍ , ഇതൊന്നും തന്നെ, ജില്ലയിലെ കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം അംഗീകരിച്ച് കൊടുക്കുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ തന്നെയാണ് വിരുന്ന് വിവാദം കത്തിച്ചു നിര്‍ത്തുന്നത്തിലും , പ്രധാന പങ്കു വഹിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് മത്സരിച്ചിരുന്ന കൊല്ലം സീറ്റില്‍ , പ്രേമചന്ദ്രന്‍ പരാജയപ്പെട്ടാല്‍ , അടുത്ത തവണ കോണ്‍ഗ്രസ്സിന് മത്സരിക്കാന്‍ കഴിയുമെന്നതാണ് , ഒരു വിഭാഗം നേതാക്കളുടെ കണക്കു കൂട്ടല്‍. ചവറയിലെ ഷിബു ബേബി ജോണിന്റെ തോല്‍വിയ്ക്ക് പിന്നില്‍ പോലും , കോണ്‍ഗ്രസ്സിന്റെ പാലംവലിയാണെന്നാണ് , ആര്‍.എസ്. പി കരുതുന്നത്. ഇത്തരം നീക്കം പ്രേമചന്ദ്രന് എതിരെ ഉണ്ടാകില്ലന്ന് , ആര്‍. എസ്പി നേതാക്കള്‍ പറയുന്നുണ്ടെങ്കിലും , എന്താണ് സംഭവിക്കുക എന്നത് , കണ്ടു തന്നെ അറിയേണ്ട സാഹചര്യമാണ് ഉള്ളത്.

ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി നടന്‍ മുകേഷും, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സീരിയല്‍ താരം കൃഷ്ണകുമാറുമാണ് മത്സരിക്കുന്നത്. ഇതോടെ , താര പോരാട്ടം നടക്കുന്ന മണ്ഡലമായാണ് കൊല്ലം മാറിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ കൊല്ലത്തെ മിന്നുംജയമാണ് , ഇടതുപക്ഷത്തെ സംബന്ധിച്ച് , ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്

Top