ദുബായ് വിമാനത്താവളങ്ങളിലൂടെ വ്യാജ യാത്രാരേഖകളുമായി കടന്നുകളയാമെന്ന് ആരും കരുതേണ്ട. അത്യാധുനിക ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങളുടെ കരുത്തിൽ, കഴിഞ്ഞ ഒന്നരവർഷത്തിനുള്ളിൽ 902 വ്യാജ യാത്രാരേഖകളാണ് ദുബായ് താമസ, കുടിയേറ്റ (ജി.ഡി.ആർ.എഫ്.എ.) വകുപ്പ് പിടികൂടിയത്. അതിർത്തി സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് അധികൃതർ സ്വീകരിക്കുന്നത്.
ജി.ഡി.ആർ.എഫ്.എയുടെ കീഴിലുള്ള ഡോക്യുമെന്റ്സ് ഇൻസ്പെക്‌ഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് ഈ കർശന പരിശോധന നടക്കുന്നത്. 2025-ലും ഈ വർഷത്തെ ആദ്യ പകുതിയിലുമായി ആകെ 20,307 യാത്രാരേഖകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ നിന്നാണ് 902 ക്രമക്കേടുകൾ കണ്ടെത്തിയത്. 2025-ൽ 689 കേസുകളും, 2026-ന്റെ ആദ്യ പകുതിയിൽ 213 കേസുകളും റിപ്പോർട്ട് ചെയ്തു. പാസ്‌പോർട്ടുകൾ, പ്രിന്റഡ് വിസകൾ, ഇലക്ട്രോണിക് വിസകൾ എന്നിവയിൽ കൃത്രിമം കാട്ടിയതും ചിത്രങ്ങൾ ഡിജിറ്റലായി മാറ്റം വരുത്തിയതുമാണ് പ്രധാന ക്രമക്കേടുകൾ.
ALSO READ:സംസ്കാരത്തിന് ചേർന്നതല്ല..! സ്വവർഗാനുരാഗികളുടെ വിനോദസഞ്ചാര കപ്പലിന് തുർക്കിയിൽ അനുമതി നിഷേധിച്ചു
ലോകത്തിലെ തന്നെ ഏറ്റവും മികച്ച പരിശോധനാ സംവിധാനമാണ് ഇപ്പോൾ ദുബായിലുള്ളത്. നിലവിൽ 80-ലേറെ രാജ്യങ്ങളുടെ പാസ്‌പോർട്ട് മാതൃകകൾ ഉൾക്കൊള്ളുന്ന വിപുലമായ ഡേറ്റാബേസ് ഇവർ ഉപയോഗിക്കുന്നു. ജർമ്മൻ ഫെഡറൽ പോലീസുമായി സഹകരിച്ച് ഉദ്യോഗസ്ഥർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും നൽകുന്നുണ്ട്. ഇതിനകം 122 മണിക്കൂർ വിദഗ്ധ പരിശീലനം പൂർത്തിയാക്കി ഫോറൻസിക് ഡോക്യുമെന്റ് അനലിസ്റ്റുകളെയും വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
ദുബായ് വിമാനത്താവളങ്ങളുടെ ആഗോള വിശ്വാസ്യത ഉയർത്താൻ ഈ ഡിജിറ്റൈസേഷൻ വലിയ പങ്കുവഹിച്ചെന്ന് ജി.ഡി.ആർ.എഫ്.എ. ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമദ് അൽ മർറി വ്യക്തമാക്കി. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിർത്തികളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. വ്യാജരേഖകൾ നിർമ്മിച്ച് ദുബായിലൂടെ കടന്നുകളയാം എന്ന വ്യാമോഹം ഇനി നടക്കില്ലെന്ന് സാരം.






