രാഷ്ട്രീയ നേതാക്കളെ സംരക്ഷിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരുമുണ്ടാകില്ല; ഐഎഎസ് ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ വിമർശനം

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഈ നിർണ്ണായക ഇടപെടൽ

രാഷ്ട്രീയ നേതാക്കളെ സംരക്ഷിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരുമുണ്ടാകില്ല; ഐഎഎസ് ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ വിമർശനം
രാഷ്ട്രീയ നേതാക്കളെ സംരക്ഷിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരുമുണ്ടാകില്ല; ഐഎഎസ് ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ വിമർശനം

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ നടപടികളുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേസിൽ നേരിട്ട് ഹാജരായ കശുവണ്ടി വികസന വകുപ്പ് ചുമതലയുള്ള കെ. ബിജു ഐഎഎസിനോട്, രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ഒടുവിൽ നിങ്ങളെ രക്ഷിക്കാൻ ആരും വരില്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ കൈയിലെ വെറും ആയുധങ്ങളായി ഉദ്യോഗസ്ഥർ മാറരുതെന്നും കോടതി കർശനമായി ഓർമ്മിപ്പിച്ചു.

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഈ നിർണ്ണായക ഇടപെടൽ. കേസിൽ ആരോപണവിധേയനായ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരനെ വിചാരണയിൽനിന്ന് സംരക്ഷിക്കാൻ ഉദ്യോഗസ്ഥതലത്തിൽ ശ്രമങ്ങൾ നടന്നതായി കോടതി കണ്ടെത്തി. ഇതേത്തുടർന്ന് കെ. ബിജു പുറപ്പെടുവിച്ച ഉത്തരവിൽ കോടതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.

Also Read: അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു

ഉദ്യോഗസ്ഥർക്ക് നിയമപരമല്ലാത്ത കാര്യങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്താൻ ധൈര്യമുണ്ടാവണമെന്നും, രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി നിയമവിരുദ്ധമായ ഉത്തരവുകൾ ഇറക്കരുതെന്നും കോടതി വ്യക്തമാക്കി. വിചാരണയ്ക്കുള്ള പ്രൊസിക്യൂഷൻ അനുമതി സംബന്ധിച്ച ഫയലുകളിൽ മന്ത്രിസഭയുടെയും മുഖ്യമന്ത്രിയുടെയും പങ്കിനെക്കുറിച്ചും കോടതി ആരാഞ്ഞു.

അതേസമയം, വിവാദ ഉത്തരവ് തയ്യാറാക്കിയതിൽ തെറ്റുപറ്റിയെന്ന് സമ്മതിച്ച കെ. ബിജു കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ചു. എന്നാൽ, അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലം അപൂർണ്ണമാണെന്ന് വിലയിരുത്തിയ കോടതി, ഉത്തരവ് മനസ്സിരുത്തി തയ്യാറാക്കിയതാണെന്നടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശം നൽകി. മുൻപ് ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥനായ മുഹമ്മദ് അനീഷും കോടതിയിൽ ഹാജരായിരുന്നു. കേസ് 2026 ജൂലൈ 15 വീണ്ടും പരിഗണിക്കും.

Share Email
Top