സമസ്തയിലെ ലീഗ് വിരുദ്ധരെ മൂലക്കിരുത്താനും അതിന് സാധിച്ചില്ലെങ്കില്‍ സമസ്തയെ തന്നെ പിളര്‍ത്താനുമുള്ള നീക്കവുമായി മുസ്ലീം ലീഗിലെ ഒരു വിഭാഗം മുന്നോട്ട് പോകുമ്പോള്‍ ലീഗിനെ തന്നെ പിളര്‍ത്താന്‍ പറ്റുമോ എന്നാണ് സമസ്തയിലെ വിമത വിഭാഗമിപ്പോള്‍ നോക്കുന്നത്. ലീഗ് നേതൃത്വത്തില്‍ പഴയ പോലെ ശക്തമായ സ്വാധീനം നിലവില്‍ സമസ്ത നേതൃത്വത്തിനില്ല. അതു പോലെ തന്നെ സമസ്ത നേതൃത്വത്തിനും ലീഗ് നേതൃത്വത്തില്‍ കാര്യമായ സ്വാധീനം ഉണ്ടെന്ന് പറയാനും സാധിക്കില്ല. എന്നാല്‍, മുസ്ലീം ലീഗ് വോട്ട് ബാങ്കില്‍ സമസ്തയ്ക്ക് വലിയ സ്വാധീനമാണ് ഉള്ളത്. ലീഗ് അണികളെ കാര്യമായി സ്വാധീനിക്കാന്‍ സമസ്തയിലെ ലീഗ് വിരുദ്ധര്‍ക്ക് കഴിയാന്‍ സാധ്യത കുറവാണെങ്കിലും ലീഗ് വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ തീര്‍ച്ചയായും സമസ്ത നേതൃത്വം വിചാരിച്ചാല്‍ കഴിയും.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ ലീഗിന്റെ വിജയം മുന്‍ നിര്‍ത്തി സമസ്തയ്ക്ക് സ്വാധീനമില്ലെന്ന് പറയുന്നതില്‍ ഒരു യാഥാര്‍ത്ഥ്യവുമില്ലെന്നതാണ് സത്യം. കാരണം, പൊന്നാനിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.എസ് ഹംസ ലീഗില്‍ നിന്നും പുറത്ത് വന്ന് മത്സരിച്ച് ജയിച്ച കെടി ജലീലിനെ പോലെ ശക്തമായ പ്രതിഛായ ഉള്ള ആളായിരുന്നില്ല. ഹംസയെ ലീഗില്‍ ഉള്ളപ്പോള്‍ തന്നെ ലീഗുകാര്‍ക്കും ലീഗ് അനുഭാവികള്‍ക്കും ഇഷ്ടമല്ലായിരുന്നു എന്നതും വസ്തുതയാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലാണ് ഇടതുപക്ഷത്തിന് പാളി പോയിരിക്കുന്നത്.അവസരവാദി എന്ന പ്രതിഛായയാണ് ഹംസയുടെ ദയനീയ തോല്‍വിയില്‍ പ്രധാന പങ്കു വഹിച്ചിരുന്നത്. മാത്രമല്ല, ഹംസയ്ക്ക് സമസ്ത ഔദ്യോഗികമായി പരസ്യ പിന്തുണ നല്‍കിയിരുന്നുമില്ല. ചില പ്രാദേശിക സമസ്ത നേതാക്കള്‍ വോട്ട് ചോദിച്ച് രംഗത്തിറങ്ങിയാല്‍ അതൊരിക്കലും സമസ്തയുടെ തീരുമാനമായി അവരുടെ അണികള്‍ തന്നെ അംഗീകരിക്കുകയുമില്ല. അതു തന്നെയാണ് പൊന്നാനിയില്‍ സംഭവിച്ചിരിക്കുന്നത്. ശക്തനായ ഒരു ജനകീയ സ്ഥാനാര്‍ത്ഥിയെ പൊന്നാനിയില്‍ ഇടതുപക്ഷം രംഗത്തിറക്കുകയും സമസ്ത നേതൃത്വം പിന്തുണയ്ക്കുകയും ചെയ്തിരുന്നെങ്കില്‍ ഫലം നേരെ തിരിച്ചാകുമായിരുന്നു.
ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തേക്കാള്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു.ഡി.എഫിനാണ് പരമ്പരാഗതമായി കേരളം വോട്ട് ചെയ്യാറുള്ളത്. ഏതാനും തിരഞ്ഞെടുപ്പുകള്‍ ഒഴികെ ബാക്കിയെല്ലാ ലോകസഭ തിരഞ്ഞെടുപ്പുകളില്‍ വിജിയിച്ചതും യു.ഡി.എഫ് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ലോകസഭ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയം മഹാ സംഭവമൊന്നുമല്ല. ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വിജയിപ്പിച്ച വോട്ടര്‍മാര്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ വിജയിപ്പിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. ഈ പ്രതീക്ഷയില്‍ തന്നെയാണ് ഇടതുപക്ഷം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.
Also Read: ട്രംപ് വരും മുമ്പേ ട്രംപ് വിരോധിയായ ട്രൂഡോ തെറിയ്ക്കുമോ?
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ചേലക്കര നിലനിര്‍ത്താന്‍ കഴിഞ്ഞതോടെ മൂന്നാം ഊഴമെന്ന ഇടതുപക്ഷത്തിന്റെ പ്രതീക്ഷയും വര്‍ദ്ധിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലല്ല, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ശരിക്കും രാഷ്ട്രീയ പോരാട്ടം നടക്കാന്‍ പോകുന്നത്. ജാതി – മത ശക്തികളുടെ പിന്തുണയില്ലാതെയാണ് കഴിഞ്ഞ കാലങ്ങളില്‍ ഇടതുപക്ഷം കേരള ഭരണം പിടിച്ചിരിക്കുന്നത്. 2021-ലെ തിരഞ്ഞെടുപ്പില്‍ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ന്യൂനപക്ഷങ്ങളും അധികമായി ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ടുണ്ട്. ഈ ന്യൂനപക്ഷ വോട്ടിങ്ങിലെ ഷിഫ്റ്റ് ഒഴിവാക്കാനാണ് മുസ്ലീം ലീഗും കോണ്‍ഗ്രസ്സും നിരന്തരം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് അവര്‍ കേരളത്തിലെ പ്രബല മുസ്ലീം സംഘടനയായ സമസ്തയില്‍ ഇടപെട്ട് കൊണ്ടിരിക്കുന്നത്.
സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് അദ്ധ്യക്ഷനായ ശേഷമാണ് സമസ്തയിലെ പ്രബല വിഭാഗവുമായി ഇടതുപക്ഷത്തിന് കൂടുതല്‍ അടുപ്പം ഉണ്ടാക്കാന്‍ സാധിച്ചിരിക്കുന്നത്. നിലവില്‍ മറ്റൊരു പ്രമുഖ മുസ്ലീം സംഘടനയായ എ.പി വിഭാഗത്തിന് പുറമെ ഇ.കെ വിഭാഗം കൂടി ഇടതുപക്ഷത്തോട് അടുത്താല്‍ ഉണ്ടാകുന്ന അപകടം ലീഗും കോണ്‍ഗ്രസ്സും മുന്നില്‍ കാണുന്നുണ്ട്. മുന്‍ കാലങ്ങളില്‍ ലീഗ് അദ്ധ്യക്ഷന്‍മാരെ സമസ്തയുടെ പണ്ഡിത സഭയായ മുശാവറയില്‍ അംഗമാക്കുന്ന പതിവ് കൂടി സമസ്ത തെറ്റിച്ചതോടെയാണ് ലീഗും സമസ്തയും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുന്നത്.
സമസ്തയ്ക്ക് ബദല്‍ സൃഷ്ടിക്കാന്‍ ലീഗ് നേതൃത്യം നടത്തിയ ചില ഇടപെടലുകളും സമസ്ത നേതൃത്വത്തെ പ്രകോപിപ്പിച്ച ഘടകമാണ്. ഇരു വിഭാഗവും തമ്മിലുള്ള ഭിന്നത പൊട്ടിത്തെറിയില്‍ എത്തിയ സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത സമവായ നീക്കവും പൊളിഞ്ഞു കഴിഞ്ഞു. ലീഗ് മുന്‍കൈ എടുത്ത് നടത്തിയ ഈ ചര്‍ച്ചയില്‍ നിന്നും സമസ്തയിലെ ലീഗ് വിരുദ്ധര്‍ വിട്ടു നില്‍ക്കുകയാണ് ഉണ്ടായത്. ഇതിനു ശേഷം ചേര്‍ന്ന മുശാവറ യോഗവും ഭിന്നതയില്‍ കലാശിച്ചതോടെ ഫലത്തില്‍ സമസ്തയില്‍ ഇനി എന്തും സംഭവിക്കാം എന്നതാണ് അവസ്ഥ. ലീഗ് വിരുദ്ധരായ സമസ്ത നേതാക്കള്‍ക്ക് എതിരെ നടപടി വേണമെന്നതാണ് ലീഗ് അനുകൂലികളുടെ ആവശ്യം. എന്നാല്‍ നിലവിലെ സമസ്തയുടെ സെറ്റപ്പ് വെച്ച് അത് നടക്കുകയില്ല.
ലീഗ് വിരുദ്ധര്‍ പുറത്തു പോകുക എന്നതിനര്‍ത്ഥം സമസ്ത പിളരുക എന്നതാണ്. സമസ്തയിലും അതിന്റെ പോഷക സംഘടനകളിലും ലീഗ് വിരുദ്ധര്‍ക്കാണ് ഇപ്പോഴും മേല്‍ക്കോയ്മ ഉള്ളത്. ജമാഅത്തെ ഇസ്ലാമിയുമായും സമസ്ത എതിര്‍ക്കുന്ന മറ്റ് വിഭാഗങ്ങളുമായും ലീഗ് നേതൃത്വം കൂട്ട് കൂടുന്നതില്‍ സമസ്ത അനുഭാവികളും വലിയ രോഷത്തിലാണ് ഉള്ളത്. നയപരമായ ഈ നിലപാട് ലീഗ് വിരുദ്ധ ചേരിക്കാണ് കരുത്ത് പകരുന്നത്. അതു കൊണ്ടു തന്നെയാണ്, ലീഗിനെ പാഠം പഠിപ്പിക്കണമെന്ന വാശിയില്‍ സമസ്തയിലെ പ്രബല വിഭാഗം ഉറച്ചു നില്‍ക്കുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അതിനുള്ള അവസരമായി കണ്ട് നിലപാട് സ്വീകരിക്കാനാണ് ഈ വിഭാഗത്തിന്റെ ആലോചന.
Also Read: ദക്ഷിണകൊറിയയിൽ ഇനിയെന്ത് ?
ലീഗിന് പങ്കാളിത്തമുള്ള ഒരു സര്‍ക്കാര്‍ 2026 ലും വരാന്‍ പോകുന്നില്ലെന്ന പ്രചരണവും സമസ്ത അംഗങ്ങളുടെയും അനുഭാവികളുടെയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2026-ല്‍ അധികാരത്തില്‍ വന്നില്ലെങ്കില്‍ പിന്നെ ലീഗിന് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും ആ പാര്‍ട്ടി തന്നെ പിളരുമെന്നുമാണ് പ്രചരണം. ലീഗിലെ അതൃപ്തരെ ഒപ്പം നിര്‍ത്താന്‍ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി തന്ത്രപരമായ ഇടപെടലാണ് നടത്തി കൊണ്ടിരിക്കുന്നത്. സമസ്തയെ പിളര്‍ത്താന്‍ നോക്കിയാല്‍ ലീഗിനെയും പിളര്‍ത്തുമെന്ന മുന്നറിയിപ്പാണ് ഈ നീക്കത്തിന് പിന്നിലുള്ളത്.
Express View
വീഡിയോ കാണാം