കുവൈത്ത്: രാജ്യത്ത് ഗതാഗതം തടസ്സപ്പെടുത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനായി ട്രാഫിക് നിയമങ്ങൾ കർക്കശമാക്കി. നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങൾ 2 മാസം വരെ പിടിച്ചെടുക്കാനുള്ള തീരുമാനത്തിലാണ് ട്രാഫിക് വകുപ്പ്. അശ്രദ്ധമായ ഡ്രൈവിംഗും, മനഃപൂർവമുള്ള ഗതാഗത തടസ്സപ്പെടുത്തലും രാജ്യത്തുടനീളം രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി റോഡ് നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെയാണ് ഈ കടുത്ത നടപടി.
നിയമലംഘനങ്ങൾ വർധിച്ച സാഹചര്യത്തിൽ, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ട്രാഫിക് നിയമങ്ങളുടെ നടപ്പാക്കൽ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. അഡ്വാൻസ്ഡ് ക്യാമറകൾ, പട്രോൾ യൂണിറ്റുകൾ, ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെ നടത്തിയ സമഗ്ര നിരീക്ഷണത്തിലാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമാകുന്ന നിയമലംഘനങ്ങളുടെ വർദ്ധനവ് ഓപ്പറേഷൻസ് റൂം കണ്ടെത്തിയത്. പുതിയ തീരുമാനത്തോടെ നിയമലംഘകർക്ക് ഇനി രക്ഷപ്പെടാൻ സാധിക്കില്ല.
Also Read: ഖത്തറിൽ അൽ സർഫ നക്ഷത്രം ഉദിച്ചു; ഇനി പകൽ സമയത്തെ ചൂട് കുറയും
വാഹനങ്ങൾ പിടിച്ചെടുക്കും
. നിയമവിരുദ്ധമായി ഓവർടേക്ക് ചെയ്യൽ, ലൈനുകൾ തടസ്സപ്പെടുത്തൽ, മനഃപൂർവം വാഹനങ്ങളുടെ വേഗത കുറച്ച് ഗതാഗതത്തിന് തടസ്സമുണ്ടാക്കൽ തുടങ്ങിയവയാണ് പ്രധാനമായും അധികൃതർ കണ്ടെത്തിയ നിയമലംഘനങ്ങൾ.
. ഗതാഗത തടസ്സങ്ങൾക്ക് കാരണമാകുന്ന വാഹനങ്ങൾ രണ്ട് മാസം വരെ പിടിച്ചെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 207, 209 എന്നിവ പ്രകാരമാണ് ഈ നടപടി.
. തിരക്കുള്ള സമയങ്ങളിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കുക ലക്ഷ്യമിട്ട്, നിയമം ലംഘിക്കുന്നവരെ പിടികൂടാൻ ശക്തമായ നിരീക്ഷണവും നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുതിർന്ന സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.






