ഇപ്പോൾ വഴങ്ങിയാൽ 5 വർഷവും വഴങ്ങേണ്ടതായി വരും, ശശി ‘എഫക്ടിൽ’ ആഭ്യന്തര മന്ത്രി ജാഗ്രത !

ഏത് ഉദ്യോഗസ്ഥർ എവിടെ ജോലി ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ്, അതല്ലാതെ ഉദ്യോഗസ്ഥരല്ല. മുൻ സർക്കാരിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ 'വേണ്ട'പ്പെട്ടവരെ ചുമക്കേണ്ട ഗതികേട് പുതിയ സർക്കാരിന് ഇല്ലല്ലോ?

ഇപ്പോൾ വഴങ്ങിയാൽ 5 വർഷവും വഴങ്ങേണ്ടതായി വരും, ശശി ‘എഫക്ടിൽ’ ആഭ്യന്തര മന്ത്രി ജാഗ്രത !
ഇപ്പോൾ വഴങ്ങിയാൽ 5 വർഷവും വഴങ്ങേണ്ടതായി വരും, ശശി ‘എഫക്ടിൽ’ ആഭ്യന്തര മന്ത്രി ജാഗ്രത !

മാധ്യമങ്ങളിലൂടെ വിവാദങ്ങൾ പടച്ച് വിട്ടാൽ സ്ഥലമാറ്റം റദ്ദാക്കി കിട്ടും എന്ന പൊലീസ് ബുദ്ധി ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിലുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ചില ദൃശ്യമാധ്യമ പ്രവർത്തകരും ഇപ്പോഴത്തെ ഈ വിവാദ ഗൂഢാലോചനയുടെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഐജിമാരുടെ സംഘം സംസ്ഥാന പൊലീസ് ചീഫിനെ എതിർപ്പറിയിച്ചു എന്ന വിവരവും ചില ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റത്തിൽ എതിർപ്പുണ്ട് എന്ന വാർത്തയും ശരിയാണെങ്കിൽ ആ വിവരം ഇവരാരും പറയാതെ മാധ്യമ പ്രവർത്തകർ അറിയില്ലല്ലോ? അതുപോലെ തന്നെ, എതിർപ്പറിയിക്കാൻ ആഭ്യന്തര മന്ത്രിയെ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് കാണുമെന്ന വിവരവും മാധ്യമങ്ങൾക്ക് എവിടെ നിന്നാണ് കിട്ടിയത്? ഇതെല്ലാം തന്നെ സർക്കാരിൻ്റെ പ്രതിച്ഛായയെ തകർക്കുന്ന ഏർപ്പാടാണ്. അച്ചടക്കമുള്ള ഒരു സേന എന്ന നിലയിൽ എതിർപ്പുണ്ടെങ്കിൽ അത് ബന്ധപ്പെട്ട കേന്ദ്രങ്ങളെയാണ് ഐപിഎസുകാർ അറിയിക്കേണ്ടത്. അതല്ലാതെ മാധ്യമങ്ങളെയല്ല.

അതുപോലെ തന്നെ നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, സംസ്ഥാന പൊലീസ് ചീഫ് ശുപാർശ ചെയ്തവരെ സർക്കാർ നിയമിച്ചില്ല എന്ന വാർത്തയെ കുറിച്ചാണ്. ഇതു പറയുമ്പോൾ മറ്റൊരു കാര്യം കൂടി എന്തായാലും പറയാതിരിക്കാൻ കഴിയുകയില്ല. ഇപ്പോഴത്തെ പൊലീസ് മേധാവി രവാഡ  ചന്ദ്രശേഖർ മാന്യനായ ഒരു ഐപിഎസ് ഓഫീസറൊക്കെ ആണെങ്കിലും അദ്ദേഹത്തെ നിയമിച്ചത് ഇടതുപക്ഷ സർക്കാരാണ്.

വ്യക്തമായി പറഞ്ഞാൽ, ഐബിയിൽ ഡെപ്യൂട്ടേഷനിൽ ഉണ്ടായിരുന്ന രവാഡ ചന്ദ്രശേഖറിനെ കേരളത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ ഇടപ്പെട്ടതിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊളിറ്റിക്കൽ സെകട്ടറി പി ശശിയും, മറ്റ് ചില ‘ഉന്നതരും’ വലിയ പങ്കാണ് വഹിച്ചിരുന്നത്. അങ്ങനെ പി ശശി ഇടപെടൽ നടത്തിയതു തന്നെ കർക്കശക്കാരനായ മനോജ് എബ്രഹാം സംസ്ഥാന പൊലീസ് മേധാവി ആകുന്നത് തടയുന്നതിനു വേണ്ടി കൂടി ആയിരുന്നു. രവാഡ ചന്ദ്രശേഖർ തിരിച്ചു വരാൻ താല്പര്യം അറിയച്ചതോടെയാണ് യുപിഎസ് സി സീനിയോററ്റി പ്രകാരം കേരളത്തിലേക്ക് അയച്ച മൂന്നംഗ പാനലിൽ മനോജ് എബ്രഹാം ഉൾപ്പെടാതെ പോയിരുന്നത്.

അങ്ങനെ പി ശശി പ്രത്യേക താൽപര്യമെടുത്ത് കൊണ്ടു വന്ന് നിയമിക്കപ്പെട്ട ഒരു പൊലീസ് മേധാവി നൽകിയ ലിസ്റ്റ് പ്രകാരം നിയമനം നടത്തേണ്ട ഒരു ബാധ്യതയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കോ, യു ഡി എഫ് സർക്കാരിനോ ഉണ്ടെന്ന് തോന്നുന്നില്ല. അവർക്ക് ബോധ്യമുള്ളവരെ അവർ സ്വാഭാവികമായും നിയമിക്കും. അത് പുതിയ സർക്കാരിൻ്റെ റൈറ്റാണ്. അതിൽ സീനിയോററ്റി ഉൾപ്പെടെയുള്ള ചില വിഷയങ്ങൾ പരിഹരിക്കപ്പെടേണ്ടതായി ഉണ്ടെങ്കിൽ, സ്വാഭാവികമായും അത് പരിഹരിക്കപ്പെടുമെന്നു തന്നെയാണ് ലഭിക്കുന്ന വിവരം.

അതല്ലാതെ, ആഭ്യന്തര വകുപ്പ് നടത്തിയ സ്ഥലമാറ്റത്തിൽ വലിയ മാറ്റം ഉണ്ടാകാനുള്ള ഒരു സാധ്യതയും ഇല്ല. അഥവാ അങ്ങനെ വല്ലതും ചെയ്താൽ പിന്നെ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി കസേരയിൽ ഇരുന്നിട്ടും ഒരു കാര്യവും ഉണ്ടാവുകയുമില്ല. ഉദ്യോഗസ്ഥരുടെ ഇഷ്ടം നോക്കി സ്ഥലംമാറ്റം നടത്തി കൊടുക്കാനല്ല, സർക്കാർ പോസ്റ്റ് ചെയ്യുന്ന സ്ഥലങ്ങളിൽ പോയി ജോലി ചെയ്യാനാണ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരായിട്ടുള്ളത്. മറച്ച് ചിന്തിക്കുന്നവർ പൊലീസ് സേനയിൽ തുടരാൻ തന്നെ അർഹരല്ല എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെയും അഭിപ്രായം.

ഇത് പറയുമ്പോൾ തന്നെ, നിയമനം നടത്തുന്നതിന് മുൻപ് ഉദ്യോഗസ്ഥരുടെ ട്രാക്ക് റെക്കോർഡ് വിശദമായി പരിശോധിക്കാനും ആഭ്യന്തരമന്ത്രി തയ്യാറാകേണ്ടതുണ്ട്. അങ്ങനെ നോക്കിയിരുന്നു എങ്കിൽ ചില എസ് പിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടാകില്ലായിരുന്നു. അതു പോലെ സീനിയോററ്റിയും പൊലീസിൽ വലിയ ഘടകമാണ്. കോഴിക്കോട് ജില്ലയിലെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനവും ഇതു സംബന്ധിച്ചിട്ടുള്ളതാണ്. അതുപോലെ തന്നെ, രണ്ട് പൊലീസ് സോണുകളിലും കഴിവുള്ള ഐജിമാരെ എത്രയും പെട്ടന്ന് നിയോഗിക്കേണ്ടതുണ്ട്.

ഈ രണ്ട് കാര്യം മാറ്റി നിർത്തിയാൽ, ഇപ്പോഴത്തെ സ്ഥലമാറ്റം എന്തായാലും സൂപ്പറാണ്. ക്രമസമാധാന ചുമതലയിൽ പി വിജയൻ വന്നതും, പൊലീസ് ആസ്ഥാനത്ത് ഹർഷിത അട്ടല്ലൂരി വന്നതുമെല്ലാം എടുത്തു പറയേണ്ട മാറ്റങ്ങളാണ്. പി ശശിയ്ക്ക് മുന്നിൽ അടിമയെ പോലെ പ്രവർത്തിച്ച ഉന്നതൻ ഉൾപ്പെടെ തെറിച്ചതിൽ പൊലീസ് സേനാംഗങ്ങളും ഇപ്പോൾ പൊതുവെ ഹാപ്പിയാണ്. പൊലീസ് ആസ്ഥാനത്ത് യഥാർത്ഥത്തിൽ ഒരു എഡിജിപിയുടെ ആവശ്യം തന്നെയില്ല എന്നതാണ് യാഥാർത്ഥ്യം. ടി പി സെൻകുമാർ സംസ്ഥാന പൊലീസ് ചീഫായി കോടതി ഉത്തരവിൻ്റെ ബലത്തിൽ ഇരുന്നപ്പോൾ, ടോമിൻ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചതു പോലുള്ള അസാധാരണ സാഹചര്യമെന്നും ഇപ്പോഴില്ലല്ലോ ? പിന്നെ എന്തിനാണ് അവിടെ ഒരു എഡിജിപി തസ്‌തിക? ഈ തസ്തികയിൽ നിന്നും മാറ്റപ്പെട്ടയാൾ അവിടെ കടിച്ച് തൂങ്ങി നിൽക്കാൻ ശ്രമിക്കുന്നതും, അഡീഷണൽ ചാർജെങ്കിലും വാങ്ങാൻ ഉന്നതങ്ങളെ സ്വാധീനിക്കുന്നതും എന്തിനു വേണ്ടിയാണ് എന്നത് കൂടി ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും എ.ഐസിസി സംഘടനാ ജനറൽ സെക്രട്ടറിയും പരിശോധിക്കുന്നതും നല്ലതായിരിക്കും.

പൊളിറ്റിക്കൽ സെക്രട്ടറിയുടെ വ്യക്തിപരമായ അജണ്ട നടപ്പടക്കാൻ കൂട്ട് നിന്ന എല്ലാ ഉദ്യോഗസ്ഥരെയും തന്ത്ര പ്രധാന തസ്തികകളിൽ നിന്നും മാറ്റുക തന്നെ വേണം. എങ്കിൽ മാത്രമേ യു ഡി എഫ് സർക്കാരിൻ്റെ നയം പൊലീസിൽ നടപ്പാക്കാൻ കഴിയുകയൊള്ളൂ. ഇനി മാറ്റേണ്ടത് യഥാർത്ഥത്തിൽ പൊലീസ് ആസ്ഥാനത്ത് കഴിഞ്ഞ 10 വർഷത്തോളമായി തുടരുന്ന സംസ്ഥാന പൊലീസ് ചീഫുമാരുടെ കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റിനെയാണ്. ഇവർ സൂപ്പർ ഡിജിപിയാണോ എന്ന ചോദ്യം കഴിഞ്ഞ ഡിജിപിമാരുടെ കാലത്ത് പോലും ഉയർന്നിട്ടുണ്ട്. തുടർച്ചയായി ഇങ്ങനെ ഒരേ കസേരയിൽ അവർ ഇരിക്കുന്നത് തന്നെ ശരിയായ രീതിയല്ല. ഇവർക്ക് മാത്രം സ്ഥലമാറ്റം ബാധകമല്ലേ എന്ന ചോദ്യത്തിന് ആഭ്യന്തര വകുപ്പാണ് ഇനി മറുപടി പറയേണ്ടത്.

EXPRESS VIEW

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top