കാലാവസ്ഥയാണ് ഇറാൻ ഹെലികോപ്റ്ററിന് വില്ലനായതെങ്കിൽ അപായ സന്ദേശം അയക്കാതിരുന്നത് എന്തുകൊണ്ട് ?

കാലാവസ്ഥയാണ് ഇറാൻ ഹെലികോപ്റ്ററിന് വില്ലനായതെങ്കിൽ അപായ സന്ദേശം അയക്കാതിരുന്നത് എന്തുകൊണ്ട് ?

റാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്ററില്‍ നിന്നും ഒരു അപായ സന്ദേശം പോലും കൈമാറാന്‍ പൈലറ്റിന് സാധിക്കാതിരുന്നതിലും വലിയ ദുരൂഹതയാണിപ്പോള്‍ സംശയിക്കപ്പെടുന്നത്. കാലാവസ്ഥയാണ് വില്ലനായതെങ്കില്‍ തീര്‍ച്ചയായും പൈലറ്റിന് അപായ സന്ദേശം അയക്കാന്‍ കഴിയുമായിരുന്നു എന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ രണ്ട് സാധ്യതകളിലേക്കാണ് ഇപ്പോള്‍ സംശയം ഉയര്‍ന്നിരിക്കുന്നത്. അതില്‍ ഒന്ന് ഏതെങ്കിലും തരത്തിലുള്ള മിന്നല്‍ ആക്രമണമാണ്. പൈലറ്റിന് ചിന്തിക്കാന്‍ പോലും അവസരം നല്‍കാതെ ആക്രമിക്കപ്പെട്ടാലും അപായ സന്ദേശം അയക്കാന്‍ കഴിയുകയില്ല. മറ്റൊന്ന് പൈലറ്റ് തന്നെ വില്ലനായോ എന്നതാണ്. ഇറാന്‍ ഉള്‍പ്പെടെയുള്ള ശത്രു രാജ്യങ്ങളുടെ അകത്തു കയറി ഉന്നതരെ വധിച്ച ചരിത്രമാണ് ഇസ്രയേലിന്റെ മൊസാദിനും അമേരിക്കയുടെ സി.ഐ.എയ്ക്കുമുള്ളത്. അതിനാല്‍ തന്നെ ഇറാനിന് അകത്തെ പ്രസിഡന്റിന്റെ ശത്രുക്കളെ ഉപയോഗപ്പെടുത്തിയോ എന്ന സംശയവും സ്വാഭാവികമായി ഉയര്‍ന്നിട്ടുണ്ട്.

ശത്രു രാജ്യങ്ങളില്‍ കടന്നുകയറി അവിടുത്തെ ആളുകളെ ഉപയോഗപ്പെടുത്തി ആക്രമിക്കുക എന്നത് മൊസാദും സി.ഐ. എയും പിന്തുടരുന്ന രീതിയാണ്. ലോകത്തെ തന്നെ ഏറ്റവും അപകടകാരികളായ ചാര സംഘടനകളാണിത്. ഇറാഖില്‍ വച്ച് ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്ക കൊന്നു കളഞ്ഞ ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ വാര്‍ഷിക ദിനത്തില്‍ ഇറാനിലെ അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 150 ഓളം പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇറാനിലെ ചാരന്‍മാരെ ഉപയോഗിച്ച് ശത്രു രാജ്യം നടത്തിയ ആക്രമണമായിരുന്നു ഇത്. ഇത്തരമൊരു സാഹചര്യം കൂടി പരിശോധിക്കുമ്പോള്‍ ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതല്ല. അതുകൊണ്ടു തന്നെ പ്രസിഡന്റ് ഇബ്രാഹിം റൈസിയും വിദേശകാര്യമന്ത്രിയും അടക്കം പ്രമുഖര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണമാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ തന്നെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

ഇറാനിയന്‍ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഗേരിയാണ് ഉന്നത സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. എത്രയും പെട്ടന്ന് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. അപകടം നടന്ന ഉടനെ തന്നെ ബ്രിഗേഡിയര്‍ അലി അബ്ദുല്ലാഹിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ റഷ്യന്‍ ഏജന്‍സികളും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. ഹെലികോപ്റ്റര്‍ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ കഴിയാവുന്ന എല്ലാ സഹായവും റഷ്യ നല്‍കുമെന്നാണ് റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി സെര്‍ജി ഷോയിഗുവും വ്യക്തമാക്കിയിരിക്കുന്നത്. ഈ അപകടത്തിനു പിന്നില്‍ അമേരിക്കയ്ക്കും ഇസ്രയേലിനും പങ്കുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും ഭയക്കേണ്ട അന്വേഷണമാണിത്. ഇറാന്‍ സംഘത്തെ സഹായിക്കാന്‍ റഷ്യന്‍ ഏജന്‍സികള്‍ ഇറങ്ങിയാല്‍ വസ്തുത എന്തായാലും അത് പുറത്തു വരാന്‍ തന്നെയാണ് സാധ്യത.

ഇതിനിടെ ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന് പങ്കുണ്ടെന്ന് സംശയിക്കാന്‍ തക്ക കാരണങ്ങളുണ്ടെന്ന വിവാദ പ്രസ്താവനയുമായി യൂറോപ്യന്‍ പാര്‍ലമെന്റ് മുന്‍ അംഗം നിക്ക് ഗ്രിഫിനും ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. അപകടത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇസ്രായേലിന് അനൗദ്യോഗികമായി പ്രഖ്യാപിക്കേണ്ടി വന്നതും സംശയത്തിന്റെ മുന അവര്‍ക്ക് എതിരെ നീണ്ടതു കൊണ്ടാണ്. അമേരിക്കയും ഇസ്രയേലും ഇന്ന് ലോകത്ത് ഏറെ ഭയപ്പെടുന്ന ശക്തിയാണ് ഇറാന്‍. ആണവ ശക്തിയാകുന്നതിന്റെ അവസാന ഘട്ടത്തില്‍ ആ രാജ്യം എത്തിയപ്പോഴാണ് അവര്‍ക്കെതിരായ കടന്നാക്രമണങ്ങളും വര്‍ദ്ധിച്ചിരിക്കുന്നത്. ഇറാനില്‍ അടുത്തയിടെ ഉണ്ടായ ആഭ്യന്തര കലാപങ്ങള്‍ക്കു പിന്നില്‍ പോലും അമേരിക്കയുടെയും ഇസ്രയേലിന്റെയും ചാരന്‍മാരുടെ കൈകള്‍ ഉണ്ടെന്നാണ് ഇറാന്‍ കരുതുന്നത്.

ഹമാസ് ഇസ്രയേലിനെ ആക്രമിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെ പിന്തുണയ്ക്കാനും ആയുധങ്ങള്‍ നല്‍കാനും ഇറാനെ പ്രേരിപ്പിച്ചതും ഈ പക മനസ്സിലുള്ളതു കൊണ്ടു കൂടിയാണ്. അമേരിക്കയുടെ ഉപരോധത്തെ നേരിട്ടുകൊണ്ട് ശക്തമായി മുന്നോട്ടു പോകാനും റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ വന്‍ ശക്തികളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനും, ഈ പ്രതിസന്ധികള്‍ക്കിടയിലും ഇറാന് സാധിച്ചിരുന്നു. അമേരിക്കന്‍ ഉപരോധ ഭീഷണിയെ തള്ളിയാണ് ഇന്ത്യ ഇറാനുമായി സഹകരിച്ചു കൊണ്ടിരിക്കുന്നത്. റഷ്യ – യുക്രെയിന്‍ യുദ്ധത്തില്‍ വന്‍ തോതിലുള്ള ഡ്രോണുകള്‍ നല്‍കിയാണ് ഇറാന്‍ റഷ്യയെ സഹായിച്ചിരിക്കുന്നത്. ചൈനയുമായുള്ള ഇറാന്റെ ബന്ധവും ശക്തമാണ്. അമേരിക്കയുടെ ഉപരോധത്തിന് ഒരു വിലയും നല്‍കാതെ ഇന്ത്യയും ചൈനയും റഷ്യയും സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പിന്നാലെ മറ്റു രാജ്യങ്ങള്‍ കൂടി പോകുമോ എന്ന ഭയവും അമേരിക്കന്‍ – ഇസ്രയേല്‍ ചേരിക്കുണ്ട്. ഇതും ഇറാനെതിരായ പക വര്‍ധിക്കാന്‍ ഒരു കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രയേലിലേക്ക് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിനു പിന്നാലെയാണ്, ഇപ്പോള്‍ ഇറാന്‍ പ്രസിഡന്റ് തന്നെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. അന്വേഷണത്തില്‍ ഇസ്രയേലിന്റെയോ അമേരിക്കയുടേയോ പങ്ക് കണ്ടെത്തിയാല്‍ വലിയ വിലയാണ് ഈ രാജ്യങ്ങള്‍ നല്‍കേണ്ടി വരിക. അത്തരമൊരു സാഹചര്യത്തില്‍ അമേരിക്കന്‍ ചേരിയോട് കട്ട കലിപ്പിലുള്ള റഷ്യയും ഇറാനൊപ്പം കൂടിയാല്‍ അത് മൂന്നാം ലോക മഹായുദ്ധത്തിലാണ് കലാശിക്കുക. ലോകത്ത് ഏറ്റവും അധികം ആണവ ആയുധങ്ങള്‍ ഉള്ള രാജ്യമാണ് റഷ്യ എന്നതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്.

EXPRESS KERALA VIEW

Top