‘ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍ ഇടതുപക്ഷം, ലീഗിന്റെ കാര്യം ‘കട്ടപ്പുകയാകും’ സമസ്ത നേതാവ് കാസിംകോയ

‘ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍ ഇടതുപക്ഷം, ലീഗിന്റെ കാര്യം ‘കട്ടപ്പുകയാകും’ സമസ്ത നേതാവ് കാസിംകോയ

ത ന്യൂനപക്ഷങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് ഇടതുപക്ഷമാണെന്ന് സമസ്ത (എപി വിഭാഗം ) നേതാവ് കാസിം കോയ. പൗരത്വ ഭേദഗതി വിഷയത്തിൽ ഭയന്ന് നിന്ന സമൂഹത്തിന് ധൈര്യം നൽകിയത് പിണറായി വിജയനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലീഗ് സമുദായത്തിനു വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല. മലപ്പുറം ജില്ല രൂപീകരിച്ചത് ഇ.എം.എസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴാണെന്നും അദ്ദേഹം ഓർച്ചിപ്പിച്ചു. ലോകസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനാണ് വിജയ സാധ്യത ഉള്ളതെന്നു പറഞ്ഞ കാസിം കോയ കോൺഗ്രസ്സിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർത്തിയിരിക്കുന്നത്.

അഭിമുഖത്തിൻ്റെ പ്രസക്തഭാഗങ്ങൾ ചുവടെ

പൊന്നാനിയിലെ തിരഞ്ഞെടുപ്പിനെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

ജനങ്ങള്‍ക്ക് അനിവാര്യമായ മാറ്റം ആവശ്യമാണ്. പഴയ കാലം തൊട്ട് ഇതുവരെയും അത് ബഷീറായാലും മറ്റുള്ളവരായാലും ശരി മുന്‍ കാലങ്ങളിലൊക്കെ ഇബ്രാഹിം സേട്ട് പോലുള്ള ആളുളൊക്കെ പൊന്നാനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഇപ്പോഴും അങ്ങനെയാണ് തുടരുന്നത്. ഈ നാട് ഒരു മാറ്റം ആഗ്രഹിക്കുന്നു. സത്യം പറഞ്ഞാല്‍ പാവപ്പെട്ട വോട്ടര്‍മാരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ലിം ലീഗിനെക്കൊണ്ട് എന്ത് നേട്ടമാണ് നാടിന് ഉണ്ടായിട്ടുള്ളത്. എല്ലാവര്‍ക്കും അവകാശപ്പെടാനായി ഈ ജില്ല ഉണ്ടാക്കിയത് സിപിഎം ആണ്. മലപ്പുറം ജില്ല ഉണ്ടാക്കികൊടുത്തത് ഇഎംഎസ്സാണ്. ഈ തലമുറ കഴിഞ്ഞാല്‍ ഇവരുടെ കാര്യം കട്ടപ്പുകയാണ്.

ആര്‍ക്കാണ് വിജയസാധ്യത ഇടതുപക്ഷത്തിനാണോ ?

ഇടതുപക്ഷത്തിനാണെന്നത് സംശയമില്ലാത്ത കാര്യമാണ്.

പൊന്നാനിയിലെയും മലപ്പുറത്തെയും എം.പിമാര്‍ ഇത്തവണ മണ്ഡലങ്ങള്‍ പരസ്പരം മാറി മത്സരിക്കുന്നത് എന്തു കൊണ്ടായിരിക്കും ?

പൊന്നാനിയിലോ മറ്റുമണ്ഡലങ്ങളിലോ ആര്‍ക്കുവേണ്ടിയും ഒന്നും ചെയ്തിട്ടില്ല എന്നതാണ് സത്യം. ആ ചോദ്യം വോട്ടര്‍മാര്‍ ചോദിക്കുമെന്ന ഭയം കൊണ്ടാണ് മാറിയത്.

സമുദായ സംഘടനകളില്‍ മുസ്ലിം ലീഗിന് പഴയ സ്വാധീനമുണ്ടോ ?

ഇല്ല എന്ന് തീര്‍ത്തുപറയാം.

അതിന് കാരണമെന്താണ് ?

മുസ്ലിം ലീഗ് നിലനില്‍പിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്. സി എച്ച് കോയ അടക്കമുള്ള നേതാക്കള്‍ പടുത്തുയര്‍ത്തിയ വലിയ പ്രസ്ഥാനമായിരുന്നു ലീഗ്. മയമില്ലായിരുന്നു. നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യുന്നതുകൊണ്ട് ആളുകള്‍ക്ക് ലീഗിനോടുള്ള മതിപ്പ് പോയി. ഉപജീവന മാര്‍ഗത്തിനു വേണ്ടി ജീവിക്കുന്ന ഒരുപറ്റം ആളുകളുടെ സംഘമാണ് ഇപ്പോള്‍ ലീഗ്. പ്രാര്‍ത്ഥനയ്ക്ക് വരുന്ന ആളുകളെ ആക്രമിച്ചുകൊണ്ട് പള്ളി അടച്ചിടുന്ന അവസ്ഥ വരെ ഉണ്ടായി. ആത്മസംയമനം പാലിക്കേണ്ട ഈ ഘട്ടത്തില്‍ പോലും എന്തിനും മടിക്കാത്തവരാണ് അവര്‍. ഇതെല്ലം ജനങ്ങള്‍ കാണുന്നുണ്ട്.

കേരള സ്റ്റോറി സിനിമാ വിവാദത്തില്‍ എന്താണ് പ്രതികരണം ?

പ്രേമത്തിന് സ്നേഹവാത്സല്ല്യം കൂടികഴിഞ്ഞാല്‍ അവിടെ ഹിന്ദുവാണൊ, മുസ്ലിമാണോ, ക്രിസ്ത്യാനിയാണോ എന്ന ബോധം ഇല്ല. പ്രേമത്തിന് കണ്ണില്ല. അതിന്റെ പേരിൽ ഒരു മതത്തിനെ അധിക്ഷേപിക്കുന്നത് ശരിയല്ല. അത് വലിയ നാശത്തിലേക്ക് പോകും. ഈ സിനിമ തീവ്രവും ഭീകരവും ആയ കാഴ്ച്ചപാടാണ് സൃഷ്ടിക്കുന്നത്. എല്ലാവരും അംഗീകരിക്കുന്ന മതമാണ് ഇസ്ലാം മതം. അതിനെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ള ചിലരാണ് ഇതിന് പിന്നില്‍.

മത ന്യൂനപക്ഷങ്ങള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ വിശ്വസിക്കാന്‍ പറ്റുന്ന മുന്നണി ഏതായിരിക്കും ?

ഒരു സംശയവും ഇല്ല, ഇടതുപക്ഷത്തെയാണ്. പൗരത്വ ബില്ല് എന്ന ഭയാനകമായ ഭീതി പടര്‍ത്തിയ വിഷയം വന്നപ്പോള്‍, അത് നടപ്പാക്കില്ല എന്നു പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍ ഇടതുപക്ഷമാണ്. യുഡിഎഫില്‍ വിശ്വസിച്ചിരുന്ന മത ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ നിരാശരാണ്.

പൗരത്വ നിയമഭേദഗതി വിഷയത്തില്‍ ലീഗും കോണ്‍ഗ്രസ്സുമാണ് ശക്തമായി പ്രതികരിച്ചതെന്നാണ് ഇടി മുഹമ്മദ് ബഷീര്‍ പറയുന്നത് , എന്താണ് ഇതേ കുറിച്ച് പറയാനുള്ളത് ?

ഒരു പ്രതികരണവും അവര്‍ നടത്തിയിട്ടില്ല. പൗരത്വ നിയമഭേദഗതി ബില്‍ നടപ്പിലാക്കും എന്ന് പറഞ്ഞപ്പോള്‍ അവര്‍ പുറത്ത് പോയി ബിരിയാണി കഴിച്ചിട്ടുണ്ടാവും. അല്ലാതെ അവര്‍ അതിനെതിരെ പ്രതികരിച്ചിട്ടില്ല. അവര്‍ക്ക് ഇ.ഡി.യെ പേടിയാണ്. അതുകൊണ്ട് തന്നെ പൗരത്വ ബില്ലിനെതിരെ അവര്‍ പ്രതികരിച്ചിട്ടില്ല. അവരുടെ കീശ നിറയ്ക്കാന്‍ വേണ്ടി മാത്രമാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ബിജെപിക്കെതിരെയൊക്കെ പൗരത്വ ഭേദഗതി ബില്ലടക്കമുള്ള വിഷയങ്ങളില്‍ അവർ ഒന്നും പറഞ്ഞിട്ടില്ല.

അഭിമുഖത്തിൻ്റെ പൂർണ്ണരൂപം എക്സ്പ്രസ്സ് കേരളയുടെ ഈ ലിങ്കിൽ കാണുക…

Top