വനം മന്ത്രി എ.കെ ശശീന്ദ്രനെ ഇനിയും ചുമക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനമെങ്കില്‍ അതിന് വലിയ വില തന്നെ നല്‍കേണ്ടി വരും. മറ്റുള്ളവരുടെ ദുഃഖത്തില്‍ ആനന്ദം കണ്ടെത്തുന്ന നികൃഷ്ട ജീവി ആയി മാത്രമേ, എ.കെ ശശീന്ദ്രന്‍ എന്ന മന്ത്രിയെ ഇനി വിലയിരുത്താന്‍ കഴിയുകയൊള്ളൂ. ഒരു പ്രദേശം മുഴുവന്‍ കടുവാ ഭീതിയില്‍ കഴിയുകയും കാപ്പിക്കുരു പറിക്കാന്‍ പോയ സ്ത്രീയെ കടുവ ഭക്ഷിക്കുകയും ചെയ്ത ഭീതിജനകമായ അന്തരീക്ഷത്തിലും ഫാഷന്‍ ഷോയില്‍ പങ്കെടുത്ത് പാട്ട് പാടിയ വനംമന്ത്രിയുടെ മാനസികാവസ്ഥ ഞെട്ടിക്കുന്നതാണ്. ജനങ്ങളുടെ ഒപ്പം അവരുടെ വികാരം ഉള്‍കൊണ്ട് പ്രവര്‍ത്തിക്കേണ്ട മന്ത്രിയാണ് ഇത്തരം ഒരു നെറികേട് കാണിച്ചിരിക്കുന്നത്.
‘റോമാ സാമ്രാജ്യം കത്തിയപ്പോള്‍, ചക്രവര്‍ത്തി വീണ വായിച്ചത് പോലെയാണ് ഈ സംഭവമെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ പരാമര്‍ശം ഈ ഘട്ടത്തില്‍ ഏറെ പ്രസക്തമാണ്. യഥാര്‍ത്ഥത്തില്‍ അത്തരം ഹീനമായ ഒരു പ്രവര്‍ത്തിയാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇവിടെ കണിച്ചിരിക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ പരിപാടിയില്‍ പാട്ടുപാടിയ സംഭവത്തില്‍ ജാഗ്രത കുറവ് ഉണ്ടായെന്ന് പറഞ്ഞത് കൊണ്ട് മാത്രം കാണിച്ച പോക്രിത്തരത്തില്‍ നിന്നും എ.കെ ശശീന്ദ്രന്‍ രക്ഷപ്പെടുകയില്ല. അധികാരമോഹിയും ഒന്നിനും കൊള്ളാത്തവനുമായ ഈ മന്ത്രിയെ ചവിട്ടി പുറത്താക്കുകയാണ് ഇനി വേണ്ടത്.

എന്തിനാണ് ഇങ്ങനെ ഒരു മന്ത്രി എന്ന ചോദ്യത്തിന് ഇടതുപക്ഷ നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയണം. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തോളമായി തുടര്‍ച്ചയായി മന്ത്രി കസേരയില്‍ ഇരിക്കുന്ന എ കെ ശശീന്ദ്രന്‍ തികഞ്ഞ ഒരു പരാജയമാണ് എന്നത് ഓരോ ദിവസവും തെളിഞ്ഞ് കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തിന് സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ ഒന്നാന്തരം ഒരു വടിയായി വനം വകുപ്പിന്റെ പ്രവര്‍ത്തനവും മന്ത്രിയുടെ പാട്ടും മാറി കഴിഞ്ഞു. കോണ്‍ഗ്രസ്സിലെ അധികാര തര്‍ക്കത്തിലും, വയനാട്ടിലെ ഡി.സി.സി ട്രഷററുടെ ആത്മഹത്യ ഉയര്‍ത്തിയ വിവാദത്തിലുമെല്ലാം പെട്ട് പ്രതിരോധത്തിലായ കോണ്‍ഗ്രസ്സിന് എ.കെ ശശീന്ദ്രന്റ നടപടികള്‍ ശരിക്കും ഒരു പിടിവള്ളിയാണ്. വയനാട്ടിലെ ജനതയെ സംബന്ധിച്ച് ഇപ്പോള്‍ അവരുടെ പ്രധാന വിഷയം നരഭോജി കടുവയാണ് അതല്ലാതെ കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങളല്ല.
Also Read: പഞ്ചാരക്കൊല്ലിയിലെ കടുവ നരഭോജി; ഉത്തരവിറക്കി സർക്കാർ
കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കി കൊണ്ട് സി.പി.എം വയനാട് ജില്ലാ കമ്മറ്റിയാണ് കോണ്‍ഗ്രസ്സ് നേതാവ് എന്‍.എം വിജയന്റെ ആത്മഹത്യയുടെ പിന്നിലെ കാരണങ്ങള്‍ പൊതു സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തി കൊണ്ടു വന്നിരുന്നത്. ഈ സംഭവത്തില്‍, വിജയന്റെ കുടുബം പുറത്ത് വിട്ട കത്തിന്റെ കൂടി അടിസ്ഥാനത്തില്‍ പിന്നീട് കോണ്‍ഗ്രസ്സ് എം.എല്‍.എ ഐ.സി ബാലകൃഷ്ണനെതിരെയും ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചനെതിരെയും, ആത്മഹത്യാ പ്രേരണ കുറ്റത്തിന് പൊലീസ് കേസെടുക്കുകയാണ് ഉണ്ടായത്. ഇതോടെയാണ് കോണ്‍ഗ്രസ്സ് നേതൃത്വം വെട്ടിലായിപ്പോയിരുന്നത്.

എന്നാല്‍, നരഭോജി കടുവയുടെ വരവും വനം വകുപ്പിന്റെ അനാസ്ഥയും അതിന് പുറമെ വകുപ്പ് മന്ത്രിയുടെ ഫാഷന്‍ ഷോയും കൂടി ആയതോടെ ജില്ലയിലെ രാഷ്ട്രീയ വിഷയം കൂടിയാണ് മാറി പോയിരിക്കുന്നത്. സകല നിയത്രണവും വിട്ട അവസ്ഥയിലാണ് വയനാട്ടിലെ ജനങ്ങള്‍ ഇപ്പോള്‍ ഉള്ളത്. ജില്ലയിലെ സി.പി.എം പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെയുള്ളവരും വനംമന്ത്രിയുടെ പക്വത ഇല്ലാത്ത പ്രവര്‍ത്തിയില്‍ രോഷാകുലരാണ്. കടുവാ ഭീഷണി ഉണ്ടായ ഉടനെ തന്നെ വയനാട്ടില്‍ എത്തി ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കേണ്ട മന്ത്രി എന്തടിസ്ഥാനത്തിലാണ് ഫാഷന്‍ ഷോയ്ക്ക് പോയതെന്നാണ് സി.പി.എം അനുഭാവികളും ചോദിക്കുന്നത്. അവിടെ വച്ച് പാട്ട് പാടുക വഴി വയനാട്ടിലെ ജനങ്ങളെയാകെ മന്ത്രി അപമാനിച്ചെന്ന വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയകളിലും ശക്തമാണ്.
മന്ത്രി എ.കെ ശശീന്ദ്രനെ ഇങ്ങനെ കയറൂരി വിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കില്‍, ഇടതുപക്ഷത്തിന്റെ കുഴി ശശീന്ദ്രന്‍ തന്നെ തോണ്ടുമെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനം കടുക്കുന്നത്. കോഴിക്കോട് വച്ച് നടന്ന ഫാഷന്‍ ഷോ ഒരു സ്വകാര്യ പരിപാടിയാണെന്ന് വ്യക്തമായതോടെ ഇതില്‍ പങ്കെടുക്കാന്‍ മന്ത്രി ശശീന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കിയിരുന്നോ എന്നതിനും ഇനി മറുപടി ലഭിക്കേണ്ടതുണ്ട്. എന്നാല്‍ എന്ത് താല്‍പ്പര്യത്തിന്റെ പുറത്താണ് എ.കെ ശശീന്ദ്രന്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്തത് എന്നതും സംശയത്തോടെ മാത്രമേ വീക്ഷിക്കാന്‍ കഴിയുകയൊള്ളൂ.

കാരണം, വളരെ മോശം പ്രതിച്ഛായ വ്യക്തി ജീവിതത്തിലും ഉള്ള വ്യക്തിയാണ് എ.കെ ശശീന്ദ്രന്‍. ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്നും അദ്ദേഹത്തിന് ഇടയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നതും അതു കൊണ്ടാണ്. ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയോട് ലൈംഗീക വൈകൃത സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്ന് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങിയിരുന്നത്. മന്ത്രിയും യുവതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണവും അക്കാലത്ത് ഏറെ വൈറലായിരുന്നു. മംഗളം ചാനലാണ് ശശീന്ദ്രന്റെതെന്ന് പറഞ്ഞ് ലൈംഗികചുവയുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടിരുന്നത്. എന്നാല്‍, മംഗളം ചാനല്‍ തങ്ങള്‍ക്ക് ഭീഷണിയാവുമെന്ന് കണ്ട് ഈ സംഭവം ഏറ്റെടുക്കാതെ മംഗളത്തെ അതിന്റെ പിറവിയില്‍ തന്നെ തകര്‍ക്കാന്‍ മറ്റു മാധ്യമങ്ങള്‍ സംഘടിതമായി മത്സരിക്കുകയാണുണ്ടായത്. ഈ ചാനല്‍ പക ഒടുവില്‍ ശശീന്ദ്രനാണ് തുണയായി മാറിയിരുന്നത്. തുടര്‍ന്ന്, പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തക പരാതിയുമായി മുന്നോട്ട് പോകാതിരുന്നതോടെ ശശീന്ദ്രന് വീണ്ടും മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാനും സാധിച്ചു. ഫോണ്‍കെണി കേസില്‍ 2017 മാര്‍ച്ച് 26നാണു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിയുണ്ടായിരുന്നത്.
Also Read: രാധയുടെ വീട് സന്ദർശിച്ച് വനം മന്ത്രി
അന്ന് ‘പൂച്ചക്കുട്ടി’ എന്ന് വിളിച്ച് മാധ്യമ പ്രവര്‍ത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ച, മന്ത്രിയുടേതായി പുറത്ത് വന്ന സംഭാഷണം തന്റേതല്ലെന്ന് ഇന്നുവരെ എ.കെ ശശീന്ദ്രന്‍ പറഞ്ഞിട്ടുമില്ല, ഒരു ഏജന്‍സിയും അങ്ങനെ ഒരു കണ്ടെത്തല്‍ നടത്തിയിട്ടുമില്ല. ഈ ഒരു സാഹചര്യത്തില്‍, ഇങ്ങനെ ഒരു പശ്ചാത്തലമുള്ള മന്ത്രി എകെ ശശീന്ദ്രന്‍ കോഴിക്കോട്ടെ ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ പോയത് അത്ര നിഷ്‌കളങ്കമായി കാണാനും കഴിയുകയില്ല. മന്ത്രി ആര് വിളിച്ചിട്ടാണ് പോയതെന്നും ഈ ഫാഷന്‍ ഷോക്ക് പിന്നിലെ മന്ത്രിയുടെ റോള്‍ എന്താണെന്നതും നാടിന് അറിയേണ്ടതുണ്ട്.

ജനങ്ങളെ കടുവയും ആനയും എല്ലാം കടിച്ചും ചവിട്ടിയും കൊന്നാലും വേണ്ടില്ല തനിക്ക് ഫാഷന്‍ ഷോയും പാട്ടുമൊക്കെയാണ് വേണ്ടതെന്ന മാനസിക നിലവാരത്തില്‍ നില്‍ക്കുന്ന മന്ത്രിയെ ഇനിയെങ്കിലും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ ഈ സര്‍ക്കാരിന്റെ ചരമ ഗീതവും എ.കെ ശശീന്ദ്രന്‍ തന്നെ പാടുന്ന സാഹചര്യമാണ് ഉണ്ടാകുക. വയനാട്ടില്‍ മന്ത്രിയുടെ വാഹനം തടഞ്ഞ ജനങ്ങള്‍ അത്തരമൊരു സന്ദേശം തന്നെയാണ് ഇടതുപക്ഷ നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. ഇത് വയനാടിന്റെ മാത്രം പ്രശ്‌നമല്ല, വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പരിപൂര്‍ണ്ണ പരാജയമാണെന്ന വിലയിരുത്തല്‍ ജനങ്ങള്‍ക്ക് ആകെയുണ്ട്. ഒറ്റയ്ക്ക് നിന്നാല്‍ ഒരു വാര്‍ഡില്‍ പോലും ജയിക്കാത്ത എ.കെ ശശീന്ദ്രനെ നിരവധി വര്‍ഷങ്ങളായി എം.എല്‍.എ ആക്കിയത് സി.പി.എം കോട്ടകളില്‍ നിന്നാണ്. ഒന്നും രണ്ടും പിണറായി സര്‍ക്കാറില്‍ മന്ത്രിയായി തുടരുന്നതും സി.പി.എമ്മിന്റെ ഔദാര്യത്തിലാണ്. പുതിയ സാഹചര്യത്തില്‍ ശശീന്ദ്രന് നല്‍കുന്ന ഈ പരിഗണന അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറാകണം. ഇടതുപക്ഷ മനസ്സുകള്‍ ആഗ്രഹിക്കുന്നതും അതു തന്നെയാണ്.
Express View
വീഡിയോ കാണാം…