മാസപ്പടി കേസിൽ പുറത്ത് വന്ന പുതിയ വിവരങ്ങൾ ഒരു രാഷ്ട്രീയ ബോംബായി പൊട്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്. പത്ത് വർഷത്തിൽ കൂടുതൽ തടവ് കിട്ടുന്ന വകുപ്പ് ഉൾപ്പെടെ ഇഡി നൽകിയ കത്തിൽ വരുന്നതിനാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹർജിയിലെ ഹൈക്കോടതി നിലപാടായിരിക്കും ഇനി വിഡി സതീശൻ സർക്കാരിൻ്റെ ഭാവി നിർണ്ണയിക്കുവാൻ പോകുന്നത്.
പിണറായി വിജയനെയും കുടുംബത്തെയും കുരുക്കി സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാം എന്നു കരുതിയ യുഡിഎഫും ബി.ജെ.പിയും ഹൈക്കോടതിയിൽ കെ എം ഷാജഹാൻ നൽകിയ പരാതിയോടെ നിലവിൽ വെട്ടിലായിരിക്കുകയാണ്. കോടതി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പറഞ്ഞാൽ പിണറായി വിജയൻ മാത്രമല്ല മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പി കെ കുഞ്ഞാലികുട്ടിയും ഉൾപ്പെടെയുള്ള വമ്പൻമാരും പ്രതിപട്ടികയിൽ വരാനാണ് സാധ്യത.
മാസപ്പടി കേസിൽ നിയമ പോരാട്ടം നടത്തുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് പുതുതായി പുറത്തു വിട്ട സിഎംആർഎൽ എംഡി എസ്.എൻ.ശശിധരൻ കർത്തയുടെ ഡയറിയെന്ന പേരിൽ പുറത്തുവിട്ട പട്ടികയിൽ ഈ പ്രമുഖർ എല്ലാം തന്നെ ഉൾപ്പെട്ടിട്ടുണ്ട്. കർത്ത പണം നൽകിയ രാഷ്ട്രീയ നേതാക്കളുടെ പേരാണ് ഡയറിയിലുള്ളതെന്നു പറഞ്ഞാണ് ഷോൺ വാർത്താ സമ്മേളനത്തിൽ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. എസ്എഫ്ഐഒ കുറ്റപത്രത്തിൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഒന്നാണിതെന്നും ഷോൺ ജോർജ് അവകാശപ്പെട്ടിട്ടുണ്ട്.
ഈ പട്ടിക പ്രകാരം, മുഖ്യമന്ത്രി വി.ഡി.സതീശന് 5 ലക്ഷം രൂപ നൽകിയതായി പറയുന്നുണ്ട്. ഇതിനു പുറമെ രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, ഇബ്രാഹിം കുഞ്ഞ്, ഗണേഷ് കുമാർ, ഹൈബി ഈഡൻ, ബെന്നി, വി.മുരളീധരൻ, പാലോട് രവി, ടി.എം.ജേക്കബ്, അൻവർ സാദത്ത്, ജോണി നെല്ലൂർ, കെ.ആർ.ഗൗരിയമ്മ, ഷിബു ബേബി ജോൺ, പിണറായി വിജയൻ, ‘വി.എസ്.അച്യു’, എളമരം കരീം, പന്ന്യൻ രവീന്ദ്രൻ, സി.കെ.ചന്ദ്രപ്പൻ, എസ്.ശർമ, എം.വി.ഗോവിന്ദൻ, പി.രാജീവ് തുടങ്ങിയ പേരുകളാണ് ഡയറിയുടെ പേജിലുള്ളത്.
രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു കൊണ്ടാണ് ഇത്തരം ഒരു രേഖ ഷോൺ ജോർജ് പുറത്ത് വിട്ടിരിക്കുന്നത്. ഈ പട്ടികയിൽ പേരുള്ള ബി ജെ പി നേതാവ് മുരളീധരൻ താനല്ലന്ന് പറഞ്ഞ് ഷോൺ ജോർജിനെ ഒപ്പം ഇരുത്തി പത്രസമ്മേളനം നടത്തേണ്ട ഗതികേടും മുൻ കേന്ദ്ര സഹമന്ത്രി മുരളീധരന് ഉണ്ടായിട്ടുണ്ട്. ഷോൺ ജോർജ് പുറത്ത് വിട്ട മാസപ്പടി പട്ടിക ശരിയാണെങ്കിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റ് മന്ത്രിമാരും ഉൾപ്പെട്ട സംഭവത്തിൽ, പിണറായി വിജയന് എതിരെ മാത്രം അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിയുകയില്ല. മാത്രമല്ല ഇത്തരമൊരു കേസിൽ സംസ്ഥാന ഏജൻസിക്ക് അന്വേഷണം നടത്താനും കഴിയുകയില്ല. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് കുറ്റാരോപിതർ തന്നെ നിർദേശിക്കുന്ന സാഹചര്യത്തെ, ഗൗരവമായി തന്നെ കോടതികളും കാണും. ഇതോടെ സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങൾ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്.
ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണ് എന്നാണ് ബിജെപി നേതാവ് വി മുരളീധരൻ വ്യക്തമാക്കിയിരിക്കുന്നത്. ആരോപണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം ഒരു നിലപാട് പറഞ്ഞ് മാത്രം മുന്നോട്ട് പോകാൻ വിഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും മറ്റ് മന്ത്രിമാർക്കും കഴിയുകയില്ല. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ട സാഹചര്യം സംസ്ഥാന സർക്കാർ നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഉണ്ടായാൽ, മുഖ്യമന്ത്രിയും ആരോപണ വിധേയരായ മന്ത്രിമാരും രാജിവയ്ക്കേണ്ടതായി വരും. അതല്ലങ്കിൽ കോൺഗ്രസ്സ് ഹൈക്കമാൻ്റ് തന്നെ ഇക്കാര്യം ആവശ്യപ്പെടാനും സാധ്യത ഉണ്ട്.
ഇപ്പോൾ തന്നെ ഒരു സ്പോൺസേഡ് സർക്കാരായി വിഡി സതീശൻ സർക്കാർ മാറി കഴിഞ്ഞു, 20 ലക്ഷത്തിന് അടുത്ത് പണം ചിലവിട്ട് സ്വകാര്യ വ്യക്തിയുടെ സ്പോൺസർഷിപ്പിൽ ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്ത മുഖ്യമന്ത്രിയുടെ നടപടി ഇതിനകം തന്നെ വൻ വിവാദമായി കഴിഞ്ഞു. ഇതോടൊപ്പം തന്നെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള ചില മന്ത്രിമാരുടെ സ്പോൺസേഡ് വിദേശ യാത്രകളും തദ്ദേശ സ്വയംഭരണ മന്ത്രി കെ എം ഷാജിയുടെ സ്പോൺസേഡ് കാർ യാത്രയും എല്ലാം യു ഡി എഫ് സർക്കാറിൻ്റെ മുഖം വികൃതമാക്കിയിരിക്കുകയാണ്. ഇതോടൊപ്പം കർത്തയുടെ ഡയറിയിലും മന്ത്രിസഭയിലെ ഉന്നതർ ഉൾപ്പെട്ടത് വലിയ പ്രതിസന്ധിയാണ് ദേശീയ തലത്തിലും കോൺഗ്രസ്സിന് ഉണ്ടാക്കിയിരിക്കുന്നത്.
ഇ.ഡി കത്തിൽ വിജിലൻസ് അന്വേഷണത്തിന് വിടാതെ പ്രാഥമിക അന്വേഷണം നടത്തുന്നത് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഉൾപ്പെടെ പേരുള്ളതു കൊണ്ടാണ് എന്നാണ് ഉയർന്ന് വന്നിരിക്കുന്ന പ്രധാന ആരോപണം. വിജിലൻസ് അന്വേഷണം വന്നാൽ ഡയറിയിൽ ഉൾപ്പെട്ട മന്ത്രിമാർ രാജിവയ്ക്കേണ്ടിവരും എന്നതു കൊണ്ടാണ് കേസ് ഒതുക്കാൻ ശ്രമിക്കുന്നതെന്നും ശക്തമായ ആരോപണമുണ്ട്. ഇതോടെ, പിണറായി വിജയനെ രക്ഷിക്കാനാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതിരിക്കുന്നത് എന്ന ആരോപണത്തിൻ്റെ മുന കൂടിയാണ് ഒടിഞ്ഞിരിക്കുന്നത്.
EXPRESS VIEW
വീഡിയോ കാണാം…






