കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ തലവനാകാൻ ഒരു യോഗ്യതയും ഇല്ലാത്ത ഐഎഎസ് ഓഫീസറാണ് ബിശ്വനാഥ് സിൻഹ. സഹപ്രവർത്തകരായ ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരോട് പോലും വളരെ മോശമായി പെരുമാറി എന്ന ഗുരുതര ആരോപണം നേരിട്ട ഈ ഐഎഎസ് ഉദ്യോഗസ്ഥൻ, മാറി വരുന്ന സർക്കാറുകളെ പ്രീണിപ്പിച്ചാണ് ഉന്നത തസ്‌തികയിൽ ഇപ്പോഴും തുടരുന്നത്.
സീനിയോററ്റി നോക്കിയാണ് ബിശ്വനാഥ് സിൻഹയെ വിഡി സതീശൻ സർക്കാർ ചീഫ് സെക്രട്ടറിയാക്കിയത് എന്ന വാദമൊന്നും വിലപ്പോവില്ല. ഇരിക്കാൻ പറഞ്ഞാൽ കിടന്ന് ഉരുളുന്നവനെഏത് സർക്കാറും ആഗ്രഹിക്കും , അങ്ങനെ സെലക്ട് ചെയ്യപ്പെട്ടതാണ് ബിശ്വനാഥ് സിൻഹ എന്നാണ് പറയപ്പെടുന്നത്. സീനിയോററ്റിയാണ് മാനദണ്ഡമെങ്കിൽ, ഒരിക്കലും മിൻഹാജ് ആലത്തെ സർക്കാർ ആഭ്യന്തര – വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിക്കില്ലായിരുന്നു. സെൻട്രൽ സിവിൽ സർവ്വീസിൽ മിൻഹാജ് ആലത്തേക്കാൾ സീനിയറായ ഉദ്യോഗസ്ഥരാണ് സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖറും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമും എന്നതും ആരു മറന്നാലും സർക്കാർ മറക്കാൻ പാടില്ല.
ഇടതുപക്ഷ ഭരണകാലത്താണ് ഐഎഎസ് ട്രെയിനികൾക്ക് എതിരെ വളരെ മോശമായ പെരുമാറ്റം ബിശ്വനാഥ് സിൻഹ നടത്തിയതെന്ന ആരോപണം ഉയർന്നിരുന്നത്. ഈ ആരോപണം പൊതുസമൂഹത്തിന് മുൻപാകെ ഉന്നയിച്ചതാകട്ടെ കോൺഗ്രസ്സ് നേതാവായ ജ്യോതികുമാർ ചാമക്കാലയാണ്. ആഭ്യന്തര മന്ത്രിയോട് ഏറെ അടുത്ത് നിൽക്കുന്ന ഒരു എംഎൽഎ ആയിട്ട് പോലും, ചാമക്കാലയുടെ എതിർപ്പു കൂടി തളളിയാണ് സതീശൻ സർക്കാർ ബിശ്വനാഥ് സിൻഹയെ ചീഫ് സെക്രട്ടറിയാക്കി നിയമിച്ചിരിക്കുന്നത്. എങ്ങനെയാണ് സ്ത്രീകളായ ഉദ്യോഗസ്ഥർക്ക് ഭയമില്ലാതെ ഈ ഉദ്യോഗസ്ഥന് മുന്നിൽ പോകാൻ കഴിയുക എന്നതിന് ഇനി സർക്കാറാണ് മറുപടി പറയേണ്ടത്.
ഇടതുപക്ഷ ഭരണകാലത്ത് ആഭ്യന്തര സെക്രട്ടറിയുടെ കസേരയിൽ ഇരുന്ന് എന്തൊക്കെ നിയമ വിരുദ്ധ പ്രവർത്തികളും ചട്ടവിരുദ്ധ പ്രവർത്തികളും ഈ ഐഎഎസ് ഉദ്യോഗസ്ഥൻ ചെയ്തിട്ടുണ്ടെന്നത് പരിശോധിച്ചാൽ കേരളം ശരിക്കും ഞെട്ടും. അത്തരം ഒരു പരിശോധനയ്ക്ക് നിയമ നടപടിയുമായി മുന്നോട്ട് പോകാൻ പൊതുപ്രവർത്തകരെങ്കിലും തയ്യാറാകുന്നത് അഭിനന്ദനാർഹമായ കാര്യം തന്നെയാണ്.
കടുത്ത അച്ചടക്ക നടപടിക്ക് വിധേയരായ നിരവധി ഉദ്യോഗസ്ഥരെ ബിശ്വനാഥ് സിൻഹ ആഭ്യന്തര സെക്രട്ടറിയാകുമ്പോൾ നിയമവിരുദ്ധമായി സഹായിച്ചിട്ടുണ്ട് എന്ന ആക്ഷേപം നിലവിലുണ്ട്. എന്തിനേറെ പറയുന്നു ബിശ്വനാഥ് സിൻഹയ്ക്ക് എതിരായ വിജിലൻസ് അന്വേഷണം എങ്ങനെയാണ് റഫർ ചെയ്യപ്പെട്ടത് എന്ന് പരിശോധിച്ചാൽ തന്നെ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തു വരും. അത് പുറത്ത് വരുമെന്ന് തന്നെയാണ് കരുതുന്നത്.
ഇത്രയും കാര്യങ്ങൾ ആമുഖമായി പറഞ്ഞത് ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് എതിരെ തുറന്ന കോടതിയിൽ നടത്തിയ വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടതു കൊണ്ടാണ്. മറ്റൊരു ചീഫ് സെക്രട്ടറിയും നേരിടാത്ത അത്രയും വലിയ കടുത്ത വിമർശനമാണ് ബിശ്വനാഥ് സിൻഹയ്ക്ക് എതിരെ ഉണ്ടായിരിക്കുന്നത്.
‘ വഴിവിട്ട് എന്തും ചെയ്യുന്ന ആളാണ് ചീഫ് സെക്രട്ടറി എന്നും,
മന്ത്രിമാർക്ക് ചെയ്യാൻ കഴിയാത്തതും ചീഫ് സെക്രട്ടറി ചെയ്യുമെന്നും തുറന്നടിച്ച ജസ്റ്റിസ് ബദറുദ്ദീൻ, കൂടുതൽ ഒന്നും പറയിപ്പിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബോഡി ബിൽഡർമാരുടെ പോലീസിലെ നിയമനവുമായി ബന്ധപ്പെട്ട് അഭിഭാഷകനായ കെഎം ഷാജഹാൻ നൽകിയ ഹർജിയിൽ സർക്കാർ വാദങ്ങൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി ആസിഫലി അവതരിപ്പിച്ചപ്പോഴാണ് കോടതി ഇടപെട്ട് ഇത്തരം പരാമർശങ്ങൾ നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മന്ത്രിസഭാ തീരുമാനമാണ് ഉദ്യോഗസ്ഥർ നടപ്പാക്കിയത് എന്ന് ആസിഫലി വാദിച്ചപ്പോൾ, ഫിസിക്കൽ ടെസ്റ്റിൽ തോറ്റവരെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചോയെന്നാണ് കോടതി തിരിച്ച് ചോദിച്ചിരിക്കുന്നത്. നിയമനം ചട്ടങ്ങൾ ലംഘിച്ചല്ലേ എന്നും ഹൈക്കോടതി ചോദിക്കുകയുണ്ടായി. ‘സായുധപോലീസിൽ നിയമിക്കുന്നവർക്ക് ഫിറ്റ്നസ് വേണ്ടേ’ എന്ന സുപ്രധാന ചോദ്യവും കോടതി ഉയർത്തിയിട്ടുണ്ട്.

ഫിറ്റ്നസ് അല്ല പ്രധാനം, താരങ്ങളെ ആദരിക്കുക ആയിരുന്നു ഉദ്ദേശ്യമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ, വേറെ ഏതെങ്കിലും വിഭാഗത്തിൽ സർക്കാർ ജോലി നൽകാതെ എന്തിന് ഫിറ്റ്നസ് നിർബന്ധമായ ആംഡ് പൊലീസിൽ തന്നെ ഇൻസ്പെക്ടർമാരായി നിയമനം നൽകിയതെന്ന ചോദ്യവും ജസ്റ്റിസ് ബദറുദ്ദീൻ ഉയർത്തുകയുണ്ടായി.
ഷിനു ചൊവ്വയുടെ നിയമനം മന്ത്രിസഭാ തീരുമാന പ്രകാരമെന്ന് ന്യായീകരിച്ച ഷിനു ചൊവ്വയുടെ അഭിഭാഷകയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും , അന്താരാഷ്ട്ര മത്സരങ്ങളിൽ വിജയിച്ചതാണ് യോഗ്യതയെന്ന് വാദിച്ചെങ്കിലും, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത മത്സരം എന്ന ഒറ്റ കാരണത്താൽ മാത്രം ഇത് അംഗീകൃത മത്സരമാണ് എന്ന് കരുതാൻ കഴിയില്ലന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്നും കോടതി പറഞ്ഞിട്ടുണ്ട്.
ഇതിനിടെ രാജ്യത്തിനു വേണ്ടിയാണ് മത്സരങ്ങളിൽ പങ്കെടുത്തത് എന്ന ഡിജിപിയുടെയും ഷിനു ചൊവ്വയുടെയും അഭിഭാഷകരുടെ വാദത്തെ ഹർജിക്കാരൻ്റെ അഭിഭാഷകനും ശക്തമായി എതിർത്തിട്ടുണ്ട്. ഇതു സംബന്ധമായെല്ലാം ലഭ്യമായ എല്ലാ നിർണ്ണായക രേഖകളും കോടതിയിൽ ഹാജരാക്കുമെന്നും ഹർജിക്കാരൻ അറിയിച്ചിട്ടുണ്ട്.
മറുപടി ഫയൽ ചെയ്യാൻ ഹർജിക്കാരനോട് ആവശ്യപ്പെട്ട കോടതി കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സർക്കാർ മുൻപ് സീൽഡ് കവറിൽ കോടതിയിൽ ഹാജരാക്കിയ മുഴുവൻ രേഖകളും അന്നു തന്നെ പരിശോധിക്കുമെന്നും ജസ്‌റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കിയിട്ടുണ്ട്. ഹർജിക്കാരൻ്റെ ആവശ്യപ്രകാരമാണ് മുൻപ് സീൽഡ് കവറിൽ രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നത്.
ബോഡി ബിൽഡർമാരുടെ ഇൻസ്പെക്ടർ നിയമനത്തിൽ മുൻ ആഭ്യന്തര സെക്രട്ടറിയും നിലവിൽ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിൻഹ, നിയമനത്തിന് നിർണ്ണായക ഗുപാർശ നൽകിയ അഡ്മിനിസ്ട്രേഷൻ എഡിജിപി ആയിരുന്ന എസ് ശ്രീജിത്ത് , ഫയലിൽ ഒപ്പിട്ട സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖർ എന്നിവർക്ക് എതിരെ വിജിലൻസ് അന്വേഷണം വേണമെന്നതാണ് ഹർജിക്കാരൻ്റെ ആവശ്യം.
വിജിലൻസ് അന്വേഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കെ, ധൃതിപിടിച്ച് എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയായി പ്രമോട്ട് ചെയ്തതിനെയും നേരത്തെ ഹൈക്കോടതി രൂക്ഷമായാണ് വിമർശിച്ചിരുന്നത്. വിജിലൻസ് ക്ലിയറൻസ് നേടിയാണോ ശ്രീജിത്തിന് ഉദ്യോഗ കയറ്റം നൽകിയതെന്ന ചോദ്യവും ജസ്റ്റിസ് ബദറുദ്ദീൻ സർക്കാർ അഭിഭാഷകനോട് ചോദിച്ചിരുന്നു. വിജിലൻസ് ക്ലിയറൻസ് വാങ്ങാതെയും , കാലാവധി കഴിഞ്ഞ സ്‌ക്രീനിങ് കമ്മറ്റി തീരുമാനപ്രകാരവുമാണ് ശ്രീജിത്തിനെ ഡിജിപിയായി ഉദ്യോഗകയറ്റം നൽകിയതെന്നാണ് ഹർജിക്കാരൻ ആരോപിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളും തികളാഴ്ച കോടതി മുൻപാകെ വരും.
ബിശ്വനാഥ് സിൻഹയുടെ കയ്യിലിരിപ്പു കൊണ്ട് തന്നെയാണ് കോടതിയിൽ നിന്നും ഇപ്പോൾ വിമർശനം കേൾക്കേണ്ടി വന്നിരിക്കുന്നത്. ഹർജിക്കാരൻ്റെ വാദങ്ങളെ തെളിവുകൾ സഹിതം പ്രതിരോധിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കഴിഞ്ഞില്ലങ്കിൽ ചീഫ് സെക്രട്ടറിയും പൊലീസ് ഉന്നതരും ഉൾപ്പെടെ, സർക്കാറിൻ്റെ തലപ്പത്തെ മൂന്ന് ഉദ്യോഗസ്ഥരാണ് വിജിലൻസ് അന്വേഷണം നേരിടേണ്ടി വരിക. സർക്കാറിനെ സംബന്ധിച്ച് അത്തരം ഒരു സ്ഥിതിവിശേഷം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.
EXPRESS VIEW






