ഒരുകാലത്ത് യുഡിഎഫിന്റെ കോട്ടയായിരുന്ന പെരുമ്പാവൂരിന്റെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്, 2001 ൽ 35 വയസുകാരനായ ഒരു യുവാവ് കടന്നുവന്നു. 1982 മുതൽ 1996 വരെ തുടർച്ചയായി നാല് തവണ പെരുമ്പാവൂരിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയെ പി പി തങ്കച്ചൻ എന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശക്തനായ നേതാവിനെ മലർത്തിയടിച്ച്, ആ യുവാവ് അക്കൊല്ലം നിയമസഭയിലെത്തി. പെരുമ്പാവൂരിന്റെ മണ്ണിൽ നിന്നും കേരള നിയമസഭയിലേക്കുള്ള അദ്ദേഹത്തിന്റെ ഹാട്രിക് വിജയത്തിന്റെ തുടക്കമായിരുന്നു അത്. സിപിഎമ്മിന്റെ യുവജന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയിലൂടെ പൊതുരംഗത്തേക്ക് പ്രവേശിച്ച സാജു പോൾ ആയിരുന്നു, അന്നത്തെ ആ യുവ എം എൽ എ.
നിയമസഭാ സാമാജികനായിരുന്ന പി ഐ പൗലോസിന്റെ മകനായ സാജു പോൾ, 1983-ൽ വെങ്ങൂരിലെ യങ് മെൻ അസോസിയേഷൻ, പബ്ലിക് ലൈബ്രറി, ആർട്സ് സൊസൈറ്റി എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. അധികം വൈകാതെ അദ്ദേഹം ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി മെമ്പറായും, പ്രസിഡന്റായും, സെക്രട്ടറിയായും പ്രവർത്തിക്കുകയുണ്ടായി. സിപിഎം ലോക്കൽ കമ്മിറ്റിയിലും ഏരിയാ കമ്മിറ്റിയിലും അംഗമായി. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സമ്പൂർണ്ണ സാക്ഷരതാ യജ്ഞം എന്നിവയുടെയും സജീവ പ്രവർത്തകനായിരുന്നു സാജു പോൾ. സിപിഎമ്മിന്റെ ട്രേഡ് യൂണിയനായ CITU വിന്റേയും സഹകരണ സ്ഥാപനങ്ങളുടെയും ഭാരവാഹിത്വം വഹിച്ചിട്ടുള്ള അദ്ദേഹം 2000-ൽ വെങ്ങൂർ ഗ്രാമപഞ്ചായത്ത് മെമ്പറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിന്നീട് 2001 മുതൽ, 2016 വരെ തുടർച്ചയായ 15 വർഷം പെരുമ്പാവൂരിൽ നിന്നും ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച്, നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച്, കോൺഗ്രസിന്റെ ഉറച്ച മണ്ഡലം എന്ന പെരുമ്പാവൂരിന്റെ ഖ്യാതി അദ്ദേഹം തിരുത്തിയെഴുതി.
പക്ഷേ, സാജു പോളിന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട്, വളരെ സുപ്രധാനമായ ഒരു രാഷ്ട്രീയ ആരോപണം 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പരാജയത്തിന് വഴിവെച്ചു. കേരളത്തിലെ ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും മികച്ച വിജയം നേടി ഇടതുപക്ഷം ഭരണം നേടിയപ്പോഴും, 3 വട്ടം സാജു പോളിന്റെ കൂടെ നിന്ന പെരുമ്പാവൂർ അദ്ദേഹത്തെ കൈവിട്ടു. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച, ജിഷ വധക്കേസാണ് സാജു പോളിന്റെ കരിയറിലെ വില്ലനായത്. അതാകട്ടെ അദ്ദേഹത്തിന് ഒരു ബന്ധവും ഇല്ലാത്ത സംഭവത്തിൽ, രാഷ്ട്രീയ എതിരാളികളുടെ ഹീനമായ പ്രചരണമാണ് തോൽവിയിലേക്ക് നയിച്ചിരുന്നത് എന്നത് പറയാതെ വയ്യ.
എറണാകുളം സർക്കാർ ലോ കോളേജിലെ നിയമവിദ്യാർത്ഥിനി ആയിരുന്നു പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടി സ്വദേശിനി ജിഷ. പെരിയാർ കനാൽ ബണ്ടിന്റെ പുറമ്പോക്ക് ഭൂമിയിൽ പണിത, അടച്ചുറപ്പില്ലാത്ത ഒരു ഒറ്റമുറി വീട്ടിൽ ജിഷയും അമ്മ രാജേശ്വരിയും മാത്രമാണ് താമസിച്ചിരുന്നത്.
ജിഷയുടെ ഭാവിയും സ്വപ്നങ്ങളുമെല്ലാം തല്ലിക്കെടുത്തിയ സംഭവം നടന്നത് 2016 ഏപ്രിൽ 28 ന് ആയിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ രാജേശ്വരിയാണ് മകളെ മുറിക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. പ്രതി വീടിനുള്ളിൽ അതിക്രമിച്ചു കയറി ജിഷയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. ഡൽഹിയിലെ നിർഭയ കേസുമായി താരതമ്യം ചെയ്യപ്പെടാവുന്നത്ര ക്രൂരമായിരുന്നു ഈ കൊലപാതകം.
സംഭവം നടന്ന സമയത്ത്, 2016 ഏപ്രിലിൽ, സാജു പോൾ ആയിരുന്നു പെരുമ്പാവൂർ എം.എൽ.എ. മണ്ഡലത്തിലെ ഒരു പാവപ്പെട്ട നിയമവിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ, തന്റെ മണ്ഡലത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ജനപ്രതിനിധി എന്ന നിലയിൽ സാജുപോൾ പരാജയപ്പെട്ടു എന്ന വികാരം ഉയർത്താനാണ് മാധ്യമങ്ങൾ ശ്രമിച്ചിരുന്നത്. അതിൽ അവർ വിജയിക്കുകയും ചെയ്തു.
പ്രതിപക്ഷ പാർട്ടികൾ ഈ സംഭവം എം.എൽ.എ.യുടെയും അന്നത്തെ ഇടതുപക്ഷ മുന്നണിയുടെയും ഭരണപരമായ വീഴ്ചയായി ഉയർത്തിക്കാട്ടി നടത്തിയതും വലിയ രൂപത്തിലുള്ള ക്യാംപയിനായിരുന്നു.
സാജു പോളിനെ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ച ഘടകം ജിഷയുടെ അമ്മ രാജേശ്വരിയുടെ പരസ്യമായ ആരോപണങ്ങളായിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിച്ചിരുന്ന ജിഷയ്ക്കും തനിക്കും ഒരു വീടിനുവേണ്ടി എം.എൽ.എ.ക്ക് പലതവണ അപേക്ഷ നൽകിയിട്ടും, അദ്ദേഹം ശ്രദ്ധിക്കാതെ അലംഭാവം കാണിച്ചു എന്നതായിരുന്നു അവരുടെ പ്രധാന ആരോപണം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഈ കേസ് വന്നതും അമ്മ ആരോപണം ഉന്നയിച്ചതും എന്നതിനാൽ, ഇത് വോട്ടെടുപ്പിൽ നേരിട്ട് സ്വാധീനം ചെലുത്തുകയും സാജു പോളിന്റെ ദീർഘകാലത്തെ ജനസമ്മതിക്ക് മങ്ങലേൽപ്പിക്കുകയുമാണ് ഉണ്ടായത്.
അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും കോൺഗ്രസ് നേതാവ് ബെന്നി ബെഹന്നാനും ജിഷയുടെ അമ്മയെ സന്ദർശിച്ചതിന് ശേഷമാണ് ഈ ആരോപണം സാജു പോളിന് എതിരെ ഉയർന്നിരുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതു സംബന്ധമായ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തു വന്നെങ്കിലും പക്ഷേ അപ്പോഴേക്കും തിരഞ്ഞെടുപ്പ് പരാജയം സാജു പോളിനെ തേടിയെത്തിയിരുന്നു.
അതോടെ, തുടർച്ചയായി മൂന്ന് തവണ മണ്ഡലത്തിൽ നിന്നും വിജയിച്ച സാജു പോളിന് 2016-ൽ സീറ്റ് നിലനിർത്താൻ സാധിക്കാതെ പോയി എന്നു മാത്രമല്ല, അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവതത്തെയും ഈ തിരിച്ചടി വല്ലാതെ ബാധിച്ചു.
സാജു പോളിൻ്റെ പരാജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ജിഷാ കേസിന്റെ പശ്ചാത്തലത്തിൽ വോട്ടർമാർക്കിടയിലുണ്ടായ അതൃപ്തിയും നിസ്സംഗതയും ആണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പോലും വിലയിരുത്തുന്നത്. പെരുമ്പാവൂരിലെ ഹാട്രിക് ശില്പി അങ്ങനെ 2016-ൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായ എൽദോസ് കുന്നപ്പിള്ളിയോട് ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയും രാഷ്ട്രീയ കേരളം കണ്ടു.
2016-ലെ പരാജയത്തിന് ശേഷം, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം അദ്ദേഹത്തെ വീണ്ടും സ്ഥാനാർത്ഥിയായി പരിഗണിച്ചില്ല. ഇതിന് പ്രധാന കാരണം പാർട്ടിയുടെ ‘രണ്ട് ടേം’ നയമായിരുന്നെങ്കിലും, ‘ജിഷ കേസ്’ വഴി അദ്ദേഹത്തിനുണ്ടായ പ്രതിച്ഛായ നഷ്ടം ഭാവിയിൽ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന പാർട്ടിയുടെ വിലയിരുത്തലും കൂടി ഈ തീരുമാനത്തെ സ്വാധീനിച്ചിരുന്നു.
കൂടാതെ, പെരുമ്പാവൂർ സീറ്റ് കഴിഞ്ഞ തവണ സഖ്യകക്ഷിയായ കേരള കോൺഗ്രസ് (എം.)-ന് വിട്ടുകൊടുത്തതും അദ്ദേഹത്തിന് തിരിച്ചടിയായി. അങ്ങനെ ജിഷ വധക്കേസ് സാജു പോളിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുണർത്തിയ കാലമാണ് കടന്നു പോയിരിക്കുന്നത്.
എന്നാൽ ഇപ്പോഴത്തെ പുതിയ രാഷ്ട്രീയ സാഹചര്യം സാജു പോളിന് അനുകൂലമാണ്. അദ്ദേഹത്തിന് എതിരെ ഉയർന്ന ആരോപണങ്ങൾ എല്ലാം പൊളിഞ്ഞ് പാളീസായി എന്നു മാത്രമല്ല, ആരോപണം ഉന്നയിച്ച വ്യക്തിയുടെ തനിനിറവും നാട് കണ്ടുകഴിഞ്ഞു. സാജു പോളിനെ തെറ്റിധരിച്ചതിലുള്ള പിഴവ് നികത്താൻ പെരുമ്പാവൂർക്കാർക്ക് ഒരവസരം സി.പി.എം നൽകിയാൽ, സിറ്റിങ്ങ് എം.എൽ.എ ആയ എൽദോസ് കുന്നപ്പള്ളി കടുത്ത വെല്ലുവിളി തന്നെ നേരിടേണ്ടതായി വരും.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ, സിപിഎം സാജു പോളിന് ഒരവസരം കൂടി നൽകുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കേരള കോൺഗ്രസ്സ് (എം)ന് ഇനിയും പെരുമ്പാവൂർ സീറ്റ് സി.പി.എം വിട്ടു നൽകിയാൽ വിജയിക്കുക പ്രയാസമാണെങ്കിലും, സാജു പോൾ മത്സരിച്ചാൽ ചിത്രം മാറും.
2026-ൽ കോൺഗ്രസ്സ് ഏറ്റവും അധികം വിജയ പ്രതീക്ഷ വച്ചു പുലർത്തുന്ന ജില്ലയാണ് എറണാകുളം എന്നതിനാൽ, സ്ഥാനാർത്ഥി നിർണ്ണയത്തിൽ സി. പി.എം നേതൃത്വം പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്ന് തന്നെയാണ് ഇടതുപക്ഷ അണികളും പ്രതീക്ഷിക്കുന്നത്. അവരുടെ മനസ്സിലും പെരുമ്പാവൂരിൽ സാജു പോൾ മത്സരിക്കണമെന്ന ആഗ്രഹമാണ് ഉള്ളതെന്നതും, ഒരു യാഥാർത്ഥ്യമാണ്.
Express View
വീഡിയോ കാണാം…






