യുക്രെയ്ൻ എന്ന രാജ്യത്തിന് മേൽ, റഷ്യ എന്ന… ലോകത്തിൽ ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശമുള്ള രാജ്യം, നശീകരണ ശേഷിയുള്ള ആയുധങ്ങൾ ഉപയോഗിക്കാതിരിക്കുന്നതിന് പ്രധാന കാരണക്കാരൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തി കൊണ്ടു തന്നെയാണ് ഈ യാഥാർത്ഥ്യം തുറന്ന് പറയുന്നത്. ഇക്കാര്യം അമേരിക്കൻ പ്രസിഡൻ്റും റഷ്യൻ ഉന്നതരും മുൻപ് തന്നെ സ്ഥിരീകരിച്ചിട്ടുള്ള കാര്യവ്യമാണ്. വ്ലാദിമിർ പുടിനെ പോലെ, ലോകത്തെ ഏറ്റവും അപകടകാരിയായ പ്രസിഡൻ്റുമായുള്ള നരേന്ദ്ര മോദിയുടെ ആഴത്തിലുള്ള ബന്ധവും, ഇന്ത്യയുമായി ഇന്ദിരാഗാന്ധിയുടെ കാലം മുതൽ, റഷ്യ കാത്ത് സൂക്ഷിക്കുന്ന അടുപ്പവുമാണ്, മോദിയുടെ നിർദ്ദേശം മാനിക്കാൻ പുടിനെ പ്രേരിപ്പിച്ചിരുന്നത്. അതേ പുടിൻ ഇപ്പോൾ ലോകത്തോട് വിളിച്ചു പറയുന്നത്, യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പക്കൽ “വളരെ നല്ല ആശയങ്ങളുണ്ട് എന്നാണ്. പ്രമുഖ റഷ്യൻ മാധ്യമമായ റഷ്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സമാധാനപരമായ ഒത്തുതീർപ്പിനായി, മോദി ആവർത്തിച്ച് സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് , വ്ളാഡിമിർ പുടിൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. റഷ്യയെ ഒറ്റപ്പെടുത്താൻ പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള സമ്മർദ്ദം ഉണ്ടായിരുന്നിട്ടും, സംഘർഷത്തിൽ പക്ഷം പിടിക്കാൻ മോദി വിസമ്മതിച്ചതായും പുടിൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിഷ്പക്ഷതയാണ് റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ ഒരു അന്ത്യം കുറിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യാൻ, ഇന്ത്യയ്ക്ക് ഇടം നൽകിയിരിക്കുന്നത് എന്നാണ് റഷ്യൻ പ്രസിഡൻ്റ് പറയുന്നത്.
താനുമായി വ്യക്തിപരമായി അടുത്ത ബന്ധം ഉണ്ടായിരുന്നിട്ടും, ഓരോ കൂടിക്കാഴ്ചയിലും മോദി യുക്രെയ്ൻ സംഘർഷം ഉന്നയിക്കുകയും, പരസ്പരം സ്വീകാര്യമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് ലക്ഷ്യമിട്ടുള്ള ആശയങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് , വ്യാഴാഴ്ച നടന്ന വാർഷിക വാൽഡായ് ചർച്ചാ ക്ലബ് യോഗത്തിൽ പുടിൻ തുറന്നു പറഞ്ഞിരിക്കുന്നത്. ആ ശ്രമങ്ങൾക്ക് എല്ലാം മോദിയോട് നന്ദി പറഞ്ഞെങ്കിലും, നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പുടിൻ തയ്യാറായിട്ടില്ല. കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിലും, സമാധാനം കൊണ്ടുവരാനുള്ള മോദിയുടെ ശ്രമത്തെ പുടിൻ പ്രശംസിച്ചിരുന്നു. ഇക്കാര്യവും ഇപ്പോഴാണ് പുടിൻ തുറന്നു പറഞ്ഞിരിക്കുന്നത്. കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയിൽ വച്ച് മോദി പുടിനോട് പറഞ്ഞത്, “നമ്മൾ അനന്തമായ യുദ്ധത്തിൽ നിന്ന് യുദ്ധത്തിന്റെ അവസാനത്തിലേക്ക് നീങ്ങേണ്ടതുണ്ട്.” എന്നാണ്. സമാധാനത്തിനായുള്ള ഇന്ത്യയുടെ ഈ ശ്രമങ്ങളെ റഷ്യയും സ്വാഗതം ചെയ്തിട്ടുണ്ട്. ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി, സംഘർഷം അവസാനിപ്പിക്കാൻ സഹായിക്കുന്ന ഇന്ത്യൻ സംരംഭങ്ങളെ റഷ്യ അഭിനന്ദിക്കുന്നുവെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ആണ് വ്യക്തമാക്കിയിരുന്നത്.
ഓഗസ്റ്റിൽ ജാപ്പനീസ് പത്രമായ യോമിയുരി ഷിംബുണിന് നൽകിയ അഭിമുഖത്തിൽ, പുടിനും യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കിയും, സംഘർഷത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ തന്നോട് പങ്കുവെച്ചതായി നേരത്തെ മോദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഒത്തുതീർപ്പിനുള്ള നിർദ്ദേശങ്ങൾ മേശപ്പുറത്ത് തന്നെയുണ്ടെന്ന് കഴിഞ്ഞ ആഴ്ചയും പുടിൻ തുറന്നു പറഞ്ഞിട്ടുണ്ട്.
യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ റഷ്യയുമായും യുക്രെയ്നുമായും ഒരു ത്രികക്ഷി കൂടിക്കാഴ്ചയ്ക്ക് അമേരിക്ക മുൻകൈ എടുക്കുന്നുണ്ടെങ്കിലും, റഷ്യ-യുക്രെയ്ൻ സംഘർഷം തീർക്കാൻ, ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഫോർമുലയാണ് റഷ്യ ഇഷ്ടപ്പെടുന്നത്. അതു കൊണ്ടു തന്നെ, അന്തിമ തീരുമാനത്തിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ മോദിക്കും നിർണ്ണായക റോളാണ് ഉണ്ടാവാൻ പോകുന്നത്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ സംബന്ധിച്ച് സുഖിക്കാത്ത കാര്യമാണിത്. റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ച് നോബൽ സമ്മാനം നേടണമെന്നതാണ് ട്രംപിൻ്റെ സ്വപ്നം. അത് മോദി അടിച്ചു മാറ്റുന്നത് സ്വപ്നത്തിൽ പോലും, ട്രംപ് ആഗ്രഹിക്കുകയില്ല.
അതേസമയം, അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാനെതിരെ വലിയ തോതിലുള്ള ആക്രമണങ്ങൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചാണ് ട്രംപ് ഇപ്പോൾ ആലോചിക്കുന്നത്. ഇതുവരെയുള്ള ഏറ്റുമുട്ടലിൽ ലോകത്തിന് മുന്നിൽ നാണംകെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതിൻ്റെ ഭാഗമായി മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ യുദ്ധക്കപ്പലുകളും സൈനികരെയും അമേരിക്ക അയച്ചു തുടങ്ങിയതായാണ് പ്രമുഖ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാനുമായുള്ള സംഘർഷ മേഖലയിലേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും, 7,000 നാവികരും 2,000 മറൈനുകളും ഉൾപ്പെടെ ഏകദേശം 9,000 അധിക സേനാഅംഗങ്ങളാണ് യാത്ര തിരിച്ചിരിക്കുന്നത്. ഇത് മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക സാന്നിധ്യം 20,000-ത്തിലധികമായി വർദ്ധിപ്പിക്കും,
എന്നാൽ, സംഘർഷ മേഖലയിലേക്ക് വരുന്ന അമേരിക്കൻ സൈനികർ, ഇറാനെ പേടിച്ച് കപ്പലിനുള്ളിൽ തന്നെ ആത്മഹത്യ ചെയ്യാതെ നോക്കണമെന്നാണ് , ഈ വാർത്തയോട് ഇറാൻ ഇപ്പോൾ ശക്തമായി പ്രതികരിച്ചിരിക്കുന്നത്. ഏത് സാഹചര്യവും നേരിടാൻ തയ്യാറായാണ് ഇറാൻ സൈന്യം മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. ഇറാഖിൽ നിന്നു , പൂർണ്ണമായും അമേരിക്കൻ സൈനികർക്ക് പിൻവാങ്ങേണ്ടി വന്നതും, ഇറാനെ സംബന്ധിച്ച് ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
EXPRESS VIEW
വീഡിയോ കാണാം…






