കൃഷ്ണകുമാര്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകും, കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമുണ്ടാകും; കെ സുരേന്ദ്രന്‍

കൃഷ്ണകുമാര്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകും, കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമുണ്ടാകും; കെ സുരേന്ദ്രന്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ എന്‍ഡിഎ രണ്ടക്കം കടക്കുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊല്ലം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകും, കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഒന്നും ജയിക്കാതെ മോദി സര്‍ക്കാര്‍ കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാരെ തന്നു. കൊല്ലത്ത് കൃഷ്ണകുമാറിനെ വോട്ടുചെയ്ത് ജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രിയാക്കും. കേരളത്തില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരമൊരു കാര്യത്തില്‍ ശശി തരൂരിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശാസിക്കുന്ന സ്ഥിതിയുണ്ടായി. വ്യാജ പ്രചാരണം നടത്തരുതെന്നും തരൂരിനോട് കമ്മിഷന്‍ നിര്‍ദേശിച്ചു. കേരളത്തില്‍ എന്‍ഡിഎയുടെ മുന്നേറ്റത്തില്‍ എല്‍ഡിഎഫും യുഡിഎഫും വെപ്രാളത്തിലാണെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മോദി ഗ്യാരന്റി എന്താണെന്ന് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പത്രികയില്‍ വ്യക്തമായി. വികസന പ്രശ്നങ്ങളാണ് മോദി ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ എംപിമാര്‍ ഫ്ളക്സ് ബോര്‍ഡ് എംപിമാരാണെന്ന് പരിഹസിച്ച സുരേന്ദ്രന്‍, മോദി പദ്ധതികള്‍ക്ക് എംപിമാര്‍ സ്വന്തം പേരില്‍ ഫ്ളക്സ് ബോര്‍ഡ് വയ്ക്കുകയാണെന്നും കുറ്റപ്പെടുത്തി. വനം വന്യജീവി പ്രശ്നത്തിന് എന്‍ഡിഎ പരിഹാരം വാഗ്ദാനം ചെയ്തെന്നും ഇടതുപക്ഷവും യുഡിഎഫും വനംവന്യജീവി പ്രശ്നത്തില്‍ നിശബ്ദത പാലിക്കുകയാണെന്നും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ സുരേന്ദ്രന്‍ പറഞ്ഞു.

വര്‍ഗീയ ശക്തിയുടെ പിന്‍ബലത്തിലാണ് എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധിയാകട്ടെ പോപ്പുലര്‍ ഫ്രണ്ടിനെ കൂട്ടുപിടിക്കുമ്പോള്‍ പിഡിപിയെ കൂട്ടുപിടിക്കുകാണ് പിണറായി വിജയന്‍. പൗരത്വവും കേരള സ്റ്റോറിയുമാണ് പിണറായിയുടെ പ്രധാന വിഷയം. പിണറായിയും രാഹുല്‍ ഗാന്ധിയും വികസനം ചര്‍ച്ച ചെയ്യുന്നില്ല. ഇത് പൊതുജനം തള്ളിക്കളയുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top