ഇറാൻ വീണ്ടും തിരിച്ചടിക്കാൻ ശ്രമിച്ചാൽ അതിനേക്കാൾ വലിയ ശക്തിയോടെ ആക്രമിക്കുമെന്നും, ആക്രമണം ആവർത്തിച്ചാൽ രാജ്യം തന്നെ ഇല്ലാതാകുമെന്നും ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇറാനെതിരെ ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകിയത്. ഇറാൻ വീണ്ടും തിരിച്ചടിക്കുന്നത് തുടർന്നാൽ “ഇറാൻ എന്ന രാജ്യം ഭൂമുഖത്ത് നിന്ന് പൂർണമായും ഇല്ലാതായേക്കാം” എന്നായിരുന്നു ട്രംപിന്റെ പരാമർശം.
ഇറാൻ തങ്ങളുടെ റഡാർ സംവിധാനങ്ങൾ പുനർനിർമിക്കാൻ ശ്രമിച്ചിരുന്നുവെന്നും, അവ പ്രവർത്തനക്ഷമമാകുന്നതിന് സമീപം എത്തിയ ശേഷമാണ് അമേരിക്ക ആക്രമണം നടത്തിയതെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ രാത്രി ഇറാന്റെ നിരവധി റഡാർ സംവിധാനങ്ങൾ തകർത്തതായും അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ തങ്ങളുടെ വ്യോമപ്രതിരോധ ശേഷി വീണ്ടും ശക്തിപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നുവെന്നാണ് ട്രംപിന്റെ വാദം.
ALSO READ;അണമുട്ടിയാൽ ചേരയും കടിക്കും..! റഷ്യൻ വിമാനങ്ങളെ ലക്ഷ്യം വയ്ക്കാൻ യുക്രെയ്ൻ?
“ഇറാനുമായി ഉണ്ടാക്കുന്ന കരാറിന് വിലയില്ല”
ഇറാനുമായി ഉണ്ടാക്കുന്ന കരാറിന് വലിയ പ്രാധാന്യമില്ലെന്നാണ് തന്റെ നിലപാടെന്നും ട്രംപ് പറഞ്ഞു. അമേരിക്ക ഇറാന് നിരവധി അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും, എന്നാൽ അവർ വീണ്ടും വീണ്ടും തിരിച്ചടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തിലുള്ള സാഹചര്യത്തിൽ ഇനി ഇറാൻ സ്വീകരിക്കുന്ന ഓരോ നടപടിയും കൂടുതൽ ശക്തമായ യു.എസ്. പ്രതികരണത്തിന് ഇടയാക്കുമെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്.
ഇറാനെതിരായ നിലവിലെ അമേരിക്ക ആക്രമണങ്ങൾക്കിടെ പുറത്തുവന്ന ട്രംപിന്റെ പരാമർശം സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. തിരിച്ചടിക്ക് തിരിച്ചടി എന്ന രീതിയിൽ ഇരുരാജ്യങ്ങളും മുന്നോട്ടുപോയാൽ മേഖലയിൽ കൂടുതൽ വലിയ സൈനിക ഏറ്റുമുട്ടലുണ്ടാകുമോ എന്ന ആശങ്കയും ഉയരുകയാണ്. ഇനി ഇറാന്റെ അടുത്ത നീക്കവും അതിനുള്ള അമേരിക്കയുടെ പ്രതികരണവും തന്നെയാണ് നിർണായകമാകുന്നത്.






