ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോട്ടോറിന്റെ സ്രഷ്ടാവും ‘ഇന്ത്യൻ എഡിസൻ’ എന്ന് ലോകമറിയുകയും ചെയ്ത ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ അസാധാരണ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തുന്നു. ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിലെ അതിഗംഭീര പ്രകടനത്തിന് ശേഷം തെന്നിന്ത്യൻ താരം ആർ. മാധവൻ വീണ്ടുമൊരു ബയോപിക്കിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ്. കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ‘ജി.ഡി.എൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. ജൂലൈ 17-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ചിത്രത്തെക്കുറിച്ചും ജി.ഡി. നായിഡുവിനെക്കുറിച്ചും തനിക്കുള്ള ശക്തമായ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് നായകൻ ആർ. മാധവൻ.
ജി.ഡി. നായിഡു കേവലം ഒരു ശാസ്ത്രജ്ഞനോ വ്യവസായിയോ മാത്രമായിരുന്നില്ലെന്നും, അദ്ദേഹം ബഹുമുഖ പ്രതിഭയും കാലത്തിനപ്പുറം സഞ്ചരിച്ച ദീർഘവീക്ഷകനുമായിരുന്നുവെന്നും മാധവൻ വ്യക്തമാക്കുന്നു. സസ്യശാസ്ത്രജ്ഞൻ, പരുത്തി കർഷകൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സ്ത്രീ വിദ്യാഭ്യാസം, രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് നൂറുവർഷം മുൻപ് അദ്ദേഹം കണ്ട സ്വപ്നങ്ങളാണ് ഇന്നത്തെ തമിഴ് ജനത യാഥാർത്ഥ്യമാക്കിക്കൊണ്ടിരിക്കുന്നത്. കാലത്തിനു മുൻപേ സഞ്ചരിച്ച ഇത്തരം ഒരു വിപ്ലവകാരിയുടെ ജീവിതത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതാണ് തന്റെ ഭാഗ്യമെന്ന് മാധവൻ മനസുതുറന്നു.
Also Read: പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ‘മുത്തശ്ശി’; ഭീതി പടർത്തി സീ5 ഒറിജിനൽ സീരീസ് തരംഗമാകുന്നു
“ഇന്നത്തെ യുവതലമുറ വളരെ ബുദ്ധിമാന്മാരാണ്. അവർക്ക് കാര്യങ്ങൾ പറഞ്ഞു കൊടുത്തു പഠിപ്പിക്കേണ്ട ആവശ്യമില്ല ചെറിയൊരു പ്രോത്സാഹനം മാത്രം നൽകിയാൽ മതി. പ്രായോഗികതയിലൂന്നി കാര്യങ്ങൾ പഠിച്ചെടുക്കാനാണ് ജി.ഡി. നായിഡു എപ്പോഴും പറഞ്ഞിരുന്നത്. ഇന്ന് നിർമിത ബുദ്ധിയുടെ കാലഘട്ടത്തിൽ എല്ലാം മനപ്പാഠമാക്കേണ്ടതില്ലെന്നും പ്രായോഗികമായി ആവശ്യമായ കാര്യങ്ങൾ മാത്രം പഠിച്ചാൽ മതിയെന്നും നാം തിരിച്ചറിയുന്നു. ദീർഘവീക്ഷണത്തോടെ അദ്ദേഹം അക്കാലത്ത് ചെയ്ത കാര്യങ്ങൾ ഇന്നത്തെ തലമുറ അറിയേണ്ടത് വളരെ പ്രധാനമാണ്.” മാധവൻ പറയുന്നു.
ജി.ഡി. നായിഡു എന്ന മഹദ്‌വ്യക്തിക്ക് രാജ്യം അർഹിക്കുന്ന അംഗീകാരം നൽകേണ്ട സമയം അതിക്രമിച്ചുവെന്നും മാധവൻ കൂട്ടിച്ചേർത്തു. കോയമ്പത്തൂരിൽ അടുത്തിടെ ഒരു ഫ്‌ലൈഓവറിന് അദ്ദേഹത്തിന്റെ പേര് നൽകിയത് ഈ മാറ്റത്തിന്റെ തുടക്കമാണ്. എന്നാൽ ഇന്ത്യ മുഴുവൻ അദ്ദേഹത്തെ അറിയുകയും, അദ്ദേഹത്തിന്റെ ജീവിതകഥ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാവുകയും ചെയ്യുന്ന ദിവസമായിരിക്കും ‘ജി.ഡി.എൻ’ എന്ന സിനിമയുടെ യഥാർത്ഥ വിജയമെന്ന് മാധവൻ പ്രത്യാശ പ്രകടിപ്പിച്ചു. വർഗീസ് മൂലന്റെ ബാനറിൽ ട്രൈകളർ ഫിലിംസുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിന്റെ പ്രിയ നടൻ ജയറാം, സത്യരാജ്, പ്രിയാമണി, നന്ദു തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം പകരുന്നത്.






