ഷൗക്കത്ത് ജയിച്ചാൽ ഹീറോ സതീശൻ, സ്വരാജെങ്കിൽ പിണറായി കൂടുതൽ കരുത്തനാകും

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വരാജ് ജയിച്ചാലും ആര്യാടൻ ഷൗക്കത്ത് ജയിച്ചാലും രാഷ്ട്രീയ കേരളത്തിൽ അതൊരു സംഭവമാകും. സ്വരാജ് ജയിച്ചാൽ അത് പിണറായിയുടെ കൂടി വിജയമായിരിക്കും. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ വി.ഡി സതീശനാകും ഹീറോയാവുക.

ഷൗക്കത്ത് ജയിച്ചാൽ ഹീറോ സതീശൻ, സ്വരാജെങ്കിൽ പിണറായി കൂടുതൽ കരുത്തനാകും
ഷൗക്കത്ത് ജയിച്ചാൽ ഹീറോ സതീശൻ, സ്വരാജെങ്കിൽ പിണറായി കൂടുതൽ കരുത്തനാകും

നിലമ്പൂരിലെ ഉപതിരിഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യു.ഡി.എഫില്‍ നടക്കുന്നതിപ്പോള്‍, അസാധാരണ നീക്കങ്ങളാണ്. ആര്യാടന്‍ ഷൗക്കത്ത് പരാജയപ്പെട്ടാല്‍, പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും വി.ഡി സതീശന്‍ മാറണമെന്ന ആവശ്യം, മുസ്ലീം ലീഗ് തന്നെ മുന്നോട്ട് വയ്ക്കുമെന്നാണ്, ലഭിക്കുന്ന വിവരം. ലീഗ് നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തിവരുന്ന കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം നേതാക്കള്‍ തന്നെയാണ്, ഇത്തരമൊരു നീക്കത്തിനും അണിയറയില്‍ ചരട് വലിക്കുന്നത്. എം സ്വരാജ് സ്ഥാനാര്‍ത്ഥിയായി വന്നതും, യു.ഡി.എഫ് നേതൃത്വം ജമാഅത്തെ ഇസ്ലാമിയുടെ അടക്കം പിന്തുണ സ്വീകരിച്ചതും, ഇടതുപക്ഷം പ്രചരണ രംഗത്ത് തുറുപ്പ് ചീട്ടായി ഉപയോഗിക്കുന്നത്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വിനയാകുമോ എന്നാണ് ഒരുവിഭാഗം യു.ഡി.എഫ് നേതാക്കള്‍ സംശയിക്കുന്നത്.

Also Read: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, പരാജയഭീതിയിൽ യുഡിഎഫ് സ്വീകരിക്കുന്നത് അപകടകരമായ കൂട്ടുകെട്ട് ; എം വി ഗോവിന്ദൻ

ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയണമായിരുന്നു എന്ന നിലപാടുള്ള നിരവധി നേതാക്കള്‍ ലീഗിലും കോണ്‍ഗ്രസ്സിലുമുണ്ട്. എന്നാല്‍ ഇവര്‍ക്ക് പോലും പരസ്യമായി പ്രതികരിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ മൗനം പക്ഷേ… ആര്യാടന്‍ ഷൗക്കത്ത് പരാജയപ്പെടുകയാണെങ്കില്‍, വന്‍ പൊട്ടിത്തെറിയായാണ് മാറാന്‍ പോകുന്നത്. അതേസമയം, മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിക്ക് എതിരായ ആര്യാടന്‍ മുഹമ്മദിന്റെയും യൂത്ത് ലീഗ് നേതാക്കളുടെയും പഴയ പ്രസംഗങ്ങള്‍ ഉള്‍പ്പെടെ, വ്യാപകമായി പ്രചരിപ്പിച്ചാണ് ഇടതുപക്ഷ ക്യാംപുകള്‍ സ്വരാജിനായി വോട്ട് തേടുന്നത്. തീവ്രമതവാദികള്‍ ഏത് വിഭാഗമായാലും അവരെ മനുഷ്യരായി പോലും കണക്കാക്കില്ലെന്നും അത്തരക്കാരുടെ വോട്ടുകള്‍ വേണ്ടന്നും പറഞ്ഞ, സ്വരാജിന്റെ പ്രതികരണങ്ങള്‍, ഇതിനകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. മതനിരപേക്ഷ വോട്ടുകളാണ്, പ്രധാനമായും ഇടതുപക്ഷം ലക്ഷ്യമിടുന്നത്.

M Swaraj And P. K. Kunhalikutty

പി.വി അന്‍വര്‍ എത്ര വോട്ട് പിടിച്ചാലും, അത് ഭരണ വിരുദ്ധ വോട്ടുകള്‍ ആകുമെന്നതിനാല്‍, അതും… ആര്യാടന്‍ ഷൗക്കത്തിന് കിട്ടേണ്ട വോട്ടുകളിലാണ്, പ്രധാനമായും ചോര്‍ച്ച ഉണ്ടാക്കുകയെന്നാണ് ഇടതുപക്ഷം കരുതുന്നത്. സ്വരാജ് നിലമ്പൂരില്‍ അട്ടിമറി വിജയം നേടിയാല്‍, പി.വി അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനത്തിന് പിന്നെ തടസ്സമുണ്ടാകുകയില്ല. തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത്, പ്രതിപക്ഷ നേതൃസ്ഥാനവും സതീശന് രാജിവയ്‌ക്കേണ്ടതായും വരും. ഇത്തരമൊരു ഘട്ടത്തില്‍, പ്രതിപക്ഷ നേതൃസ്ഥാനത്ത് വരാമെന്നാണ് രമേശ് ചെന്നിത്തല കണക്ക് കൂട്ടുന്നത്. സതീശന്‍ മാറിയാല്‍, പി.സി വിഷ്ണുനാഥിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് കൊണ്ടു വരണമെന്ന താല്‍പ്പര്യം, കോണ്‍ഗ്രസ്സിലെ എ വിഭാഗത്തിനുമുണ്ട്. നിലവില്‍ കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റായ പി.സി വിഷ്ണുനാഥ്, മുന്‍ എ.ഐ.സി.സി സെക്രട്ടറി കൂടിയാണ്.

നിലമ്പൂരില്‍ ഇടതുപക്ഷം വിജയിച്ചാല്‍, അത് എം സ്വരാജിന്റെ വ്യക്തിപരമായ വിജയം കൂടിയായാണ് മാറുക. കാരണം, പാര്‍ട്ടി ചിഹനത്തില്‍ മത്സരിച്ച്, നിലമ്പൂര്‍ പോലുള്ള ഒരു മണ്ഡലത്തില്‍ ചെങ്കൊടി പാറിക്കുക എന്നുപറഞ്ഞാല്‍, അത് അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ല. അതുകൊണ്ടു തന്നെ, ഇടതുപക്ഷം വിജയിച്ചാല്‍, അതില്‍ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ വ്യക്തിപരമായ വോട്ടുകളും നിര്‍ണ്ണായക ഘടകമായിരിക്കും. മുസ്ലീം വോട്ടുകളെ പോലും, രാഷ്ട്രീയത്തിന് അതീതമായി സ്വാധീനിക്കാനുള്ള മികവ്, സ്വരാജിന്റെ നിലപാടുകള്‍ക്കും പ്രസംഗങ്ങള്‍ക്കുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതുതന്നെയാണ്, യു.ഡി.എഫ് കേന്ദ്രങ്ങളും ഭയക്കുന്നത്. സ്വരാജ് വിജയിച്ചാല്‍, ഇടതുപക്ഷ സര്‍ക്കാരിനുമേലുള്ള, സകല ആരോപണങ്ങളുടെയും മുനയൊടിയുമെന്നാണ്, സി.പി.എം നേതൃത്വം കരുതുന്നത്. മാത്രമല്ല, മൂന്നാം ഇടതുപക്ഷ സര്‍ക്കാറിനുള്ള വാതിലും, നിലമ്പൂരിലൂടെ തുറക്കപ്പെടും. അതുകൊണ്ടു തന്നെ, ആവനാഴിയിലെ സകല ആയുധങ്ങളും എടുത്തിട്ടാണ് നിലമ്പൂരില്‍ സി.പി.എം പ്രയോഗിക്കുന്നത്.

P C Vishnunath

ഇനി നമുക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചാലുള്ള അവസ്ഥ പരിശോധിക്കാം….

തീര്‍ച്ചയായും, പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള ഈ വെല്ലുവിളികള്‍ക്കിടയിലും, ആര്യാടന്‍ ഷൗക്കത്തിന് വിജയിക്കാന്‍ കഴിഞ്ഞാല്‍, അത്… പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിജയമായാണ് ചിത്രീകരിക്കപ്പെടുക. കാരണം, പി.വി അന്‍വറിനെ മുന്നണിക്ക് പുറത്ത് നിര്‍ത്തിയ തീരുമാനത്തിനുള്ള അംഗീകാരം കൂടിയായാണ്, അത്തരമൊരു വിജയത്തെ സതീശന്‍ അനുകൂലികള്‍ ചിത്രീകരിക്കുക. കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും സതീശന് പിടിമുറുക്കാനും, കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂട്ടത്തോടെ സതീശന്‍ ക്യാംപിലെത്താനും, നിലമ്പൂരിലെ ഒറ്റവിജയം വഴി സാധിക്കും. 2026-ലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ലീഗിനും അത്തരമൊരു സാഹചര്യത്തില്‍, സതീശനെ അംഗീകരിക്കേണ്ടതായി വരും.

Aryadan Shoukath

വി.ഡി സതീശനെ അംഗീകരിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ്സ് നേതാക്കള്‍, പാര്‍ട്ടിവിട്ട് പോകാന്‍വരെ, നിലമ്പൂരിലെ യു.ഡി.എഫിന്റെ വിജയം കാരണമായാല്‍ പോലും, അത്ഭുതപ്പെടാനില്ല. പി.വി അന്‍വറിന്റെ രാഷ്ട്രീയ ഭാവിയും അതോടെ അവസാനിക്കും. നിലമ്പൂരില്‍ യു.ഡി.എഫ് വിജയിക്കുകയാണെങ്കില്‍, ഇടതുപക്ഷത്തേക്ക് പോയ പഴയ ഘടകകക്ഷികളെ തിരിച്ചുകൊണ്ടുവരാനും, സതീശന്റെ നേതൃത്വത്തില്‍ ശക്തമായ ശ്രമമുണ്ടാകും. പല മോഹന വാഗ്ദാനങ്ങളും അവര്‍ മുന്നോട്ട് വയ്ക്കാനും സാധ്യതയുണ്ട്. കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗത്തെ പിളര്‍ത്തിയെങ്കിലും, ഒരു വിഭാഗത്തെ യു.ഡി.എഫില്‍ എത്തിക്കണമെന്ന ആഗ്രഹമാണ് വി.ഡി സതീശനുള്ളത്.

Also Read: ഇടതുപക്ഷത്തിന് ഹിന്ദുമഹാസഭ പിന്തുണ നൽകിയിട്ടില്ല; ഹിമവൽ ഭദ്രാനന്ദ

അതേസമയം, ഇടതുപക്ഷമാണ് നിലമ്പൂരില്‍ വിജയിക്കുന്നതെങ്കില്‍, 2026-ലെ പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ, മുസ്ലീം ലീഗിലെ ഒരു വിഭാഗം പിളര്‍ന്ന് ഇടതുപക്ഷത്ത് എത്താനുള്ള സാധ്യതയും ഏറെയാണ്. പത്ത് വര്‍ഷം ഭരണത്തിന് പുറത്ത് നില്‍ക്കേണ്ടി വരുന്ന മുസ്ലീം ലീഗിനെ സംബന്ധിച്ച്, ഇനിയൊരു അഞ്ച് വര്‍ഷം കൂടി പുറത്ത് നില്‍ക്കേണ്ടി വരുന്നത്, ചിന്തിക്കാന്‍ പോലും സാധിക്കുകയില്ല. അതാകട്ടെ, ഒരു യാഥാര്‍ത്ഥ്യവുമാണ്. ആര്യാടന്‍ ഷൗക്കത്ത് പരാജയപ്പെട്ടാല്‍, മലപ്പുറം ജില്ലയിലെ ലീഗിന്റെ സ്വാധീനം കൂടിയാണ്, ചോദ്യം ചെയ്യപ്പെടുക.

VD Satheesan

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചാല്‍, കൂടുതല്‍ ശക്തനായി മാറുക വി.ഡി സതീശനാണെങ്കില്‍, സ്വരാജ് വിജയിച്ചാല്‍, പിണറായി വിജയനാണ് കരുത്ത് വര്‍ദ്ധിക്കുക. ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തെ വോട്ടുകള്‍ പോലും സമാഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, രാജീവ് ചന്ദശേഖറിനും അത് വലിയ പ്രഹരമായി മാറും. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചും നേതാക്കളെ സംബന്ധിച്ചും, ഏറ്റവും നിര്‍ണ്ണായകമായ ഫലം തന്നെയാണ്, നിലമ്പൂരില്‍ നിന്നും ഉടന്‍ വരാന്‍ പോകുന്നത്. അതാകട്ടെ, വ്യക്തവുമാണ്.

Express View

വീഡിയോ കാണാം

Share Email
Top