‘ലാലേട്ടനെ കുറിച്ച് മോശമായി പറഞ്ഞാൽ സഹിക്കില്ല’; വ്യാജ പോസ്റ്റിനെതിരെ ആന്റണി വർഗീസ്

ആന്റണി വർഗീസ് നായകനായ കാട്ടാളൻ തിയറ്ററുകളിൽ എത്തിയ ദിവസമാണ് അദ്ദേഹത്തിന്റെ ആരാധകരുടെ പേജാണെന്ന് അവകാശപ്പെട്ട ഒരു അക്കൗണ്ടിൽ ദൃശ്യം 3നെ വിമർശിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

‘ലാലേട്ടനെ കുറിച്ച് മോശമായി പറഞ്ഞാൽ സഹിക്കില്ല’; വ്യാജ പോസ്റ്റിനെതിരെ ആന്റണി വർഗീസ്
‘ലാലേട്ടനെ കുറിച്ച് മോശമായി പറഞ്ഞാൽ സഹിക്കില്ല’; വ്യാജ പോസ്റ്റിനെതിരെ ആന്റണി വർഗീസ്

സോഷ്യൽ മീഡിയയിൽ താരാരാധകർ തമ്മിലുള്ള ഫാൻ ഫൈറ്റുകൾ ഇപ്പോൾ സാധാരണ കാഴ്ചയാണ്. എന്നാൽ ആരാധകരുടെ പേരിൽ പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങൾ പലപ്പോഴും താരങ്ങൾക്കും അവരുടെ ആരാധകർക്കും ഒരുപോലെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. അടുത്തിടെ നടൻ ആന്റണി വർഗീസിന്റെ ആരാധകരുടേതെന്ന പേരിൽ പ്രചരിച്ച ഒരു പോസ്റ്റും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

ആന്റണി വർഗീസ് നായകനായ കാട്ടാളൻ തിയറ്ററുകളിൽ എത്തിയ ദിവസമാണ് അദ്ദേഹത്തിന്റെ ആരാധകരുടെ പേജാണെന്ന് അവകാശപ്പെട്ട ഒരു അക്കൗണ്ടിൽ ദൃശ്യം 3നെ വിമർശിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ, അതുമായി തനിക്കോ തന്റെ ആരാധകർക്കോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി ആന്റണി നേരത്തെ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. വൺ ടു ടോക്ക്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പ്രതികരണം പങ്കുവെച്ചത്.

“ആ പോസ്റ്റ് കണ്ടപ്പോൾ ആദ്യം എനിക്ക് വലിയ വിഷമം തോന്നി. പിന്നീട് ദേഷ്യവും വന്നു. കാരണം, നമ്മൾ ഏറ്റവും കൂടുതൽ ബഹുമാനിക്കുകയും ചെറുപ്പം മുതൽ സിനിമകൾ കണ്ടു ആരാധിക്കുകയും ചെയ്യുന്ന ഒരാളെക്കുറിച്ചാണ് മോശമായി പറയുന്നത്. അതും എന്റെ സിനിമയുടെ പേര് ഉപയോഗിച്ച് ഒരു വ്യാജ പേജിലൂടെ. ലാലേട്ടനെക്കുറിച്ചും ദൃശ്യം 3നെക്കുറിച്ചും മോശമായി പറയുന്നത് വിവരമുള്ള ആരെങ്കിലും ചെയ്യുമോ?” ആന്റണി ചോദിച്ചു.

Also Read: ജോർജ്ജുകുടിയുടെ വീടിന് ലഭിച്ചത് എത്ര? ‘ദൃശ്യം 3’ ചിത്രീകരണത്തിനായി വാങ്ങിയ വാടക വെളിപ്പെടുത്തി വീട്ടുടമ

ഇത്തരം പ്രവർത്തനങ്ങൾ തന്റെ ആരാധകസംഘടനയുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഇത് ഞങ്ങളുടെ ഫാൻസ് ക്ലബ്ബാണ് ചെയ്തതെന്ന് ചിലർ പ്രചരിപ്പിച്ചു. ശരിക്കും അങ്ങനെ എന്തെങ്കിലും അവർ ചെയ്തിരുന്നെങ്കിൽ എല്ലാത്തിന്റെയും കാല് ഞാൻ തല്ലിയൊടിക്കും. ഒരിക്കലും അവർ അങ്ങനെ ചെയ്യില്ല. ഇവിടെ ഉള്ള ആരും അങ്ങനെ ചെയ്യില്ല,” താരം പറഞ്ഞു.

സംഭവത്തിന് പിന്നാലെ മോഹൻലാൽ ആരാധകസംഘടനയുമായി തങ്ങൾ നേരിട്ട് സംസാരിച്ചിരുന്നുവെന്നും ആന്റണി വെളിപ്പെടുത്തി. “ലാലേട്ടൻ ഫാൻസിലെ ആളുകളുമായി ഞങ്ങൾ സംസാരിച്ചു. പിന്നീട് അവർ അന്വേഷിച്ചപ്പോൾ അത്തരമൊരു പേജ് തന്നെ ഇല്ലെന്ന് കണ്ടെത്തി. ഇത് ആരോ മനപ്പൂർവം ചെയ്ത കാര്യമാണ്. എന്തിനാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്? ഇത് വളരെ മോശമായ കാര്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാജ പ്രചാരണങ്ങൾ ഒടുവിൽ താനാണ് മോഹൻലാലിനെതിരെ സംസാരിച്ചതെന്ന രീതിയിൽ വാർത്തയാകുന്നതാണ് ഏറ്റവും വലിയ വിഷമമെന്നും ആന്റണി വർഗീസ് വ്യക്തമാക്കി. ആരാധകരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് താരങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ അവസാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share Email
Top