മാതാപിതാക്കളുടെ വിവാഹമോചനത്തിൽ തനിക്ക് വിഷമമില്ലെന്നും മറിച്ച് ഇരുവരും സന്തോഷത്തോടെ ജീവിക്കാനായി വേർപിരിയാൻ നിർദേശിച്ചത് താനാണെന്നും തുറന്നുപറഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ ദയ സുജിത്. നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകൻ സുജിത് വാസുദേവിന്റെയും മകളായ ദയ, കാർത്തിക് സൂര്യയുടെ യൂട്യൂബ് പോഡ്കാസ്റ്റിലാണ് കുടുംബജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചത്. മാതാപിതാക്കൾ കടുത്ത മാനസിക വിഷമത്തിലൂടെയാണ് കടന്നുപോയിരുന്നതെന്നും പരസ്പരം സന്തോഷം നൽകാൻ കഴിയാത്ത ബന്ധത്തിൽ തുടരേണ്ടതില്ലെന്ന് താൻ അവരോട് പറഞ്ഞിരുന്നുവെന്നും ദയ വ്യക്തമാക്കി.
മാതാപിതാക്കളുടെ വേർപിരിയൽ തനിക്ക് മാനസിക ആഘാതമോ ട്രോമയോ ഉണ്ടാക്കിയിട്ടില്ലെന്നാണ് ദയ പറയുന്നത്. അന്ന് തനിക്ക് 18-19 വയസ്സായിരുന്നു പ്രായം. സമൂഹം എന്തു ചിന്തിക്കുമെന്ന ആശങ്കയിലായിരുന്നു മാതാപിതാക്കൾ. എന്നാൽ രണ്ടുവർഷം കഴിയുമ്പോൾ സമൂഹം ഇതെല്ലാം മറക്കുമെന്നും സ്വന്തം സന്തോഷവും മാനസികാരോഗ്യവുമാണ് പ്രധാനമെന്നും താൻ അവരോട് പറഞ്ഞതായി ദയ വെളിപ്പെടുത്തി. ഒരുമിച്ച് തുടരാൻ തനിക്കുവേണ്ടി മാത്രം അവർ നിർബന്ധിതരാകേണ്ടതില്ലെന്നും വേർപിരിയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് തയ്യാറാകണമെന്നും നിർദേശിച്ചു. വിവാഹമോചനത്തിനുശേഷം ഇരുവരുടെയും ജീവിതം കൂടുതൽ മെച്ചപ്പെട്ടെന്നും ദയ കൂട്ടിച്ചേർത്തു.
അമ്മയുടെ രണ്ടാം വിവാഹമായിരുന്നതിനാൽ വേർപിരിയാനുള്ള തീരുമാനം ഏറെ പ്രയാസകരമായിരുന്നുവെന്നും ദയ പറഞ്ഞു. സിനിമാരംഗത്തെ ആണധികാര സാഹചര്യത്തിൽ ജോലി ചെയ്യുന്ന ഒരാളെന്ന നിലയിൽ വിവാഹമോചനത്തിനുശേഷം അച്ഛനെക്കാൾ കൂടുതൽ അധിക്ഷേപ കമന്റുകൾ അമ്മയ്ക്ക് നേരിടേണ്ടിവന്നുവെന്നും അവർ വ്യക്തമാക്കി. എന്നാൽ പിന്നീട് അമ്മയുടെ ആരോഗ്യത്തിലും കരിയറിലും വലിയ പുരോഗതിയുണ്ടായി. അച്ഛനും സ്വന്തം ഇഷ്ടമേഖലയിൽ കൂടുതൽ ശ്രദ്ധയോടെ മുന്നോട്ടുപോകാൻ കഴിഞ്ഞു. ഇരുവരും സിനിമാരംഗത്ത് സ്വന്തം അധ്വാനത്തിലൂടെയാണ് നേട്ടങ്ങൾ സ്വന്തമാക്കിയതെന്നും അവരുടെ പ്രവർത്തനങ്ങളെയും വ്യക്തിത്വത്തെയും ഏറെ ബഹുമാനിക്കുന്നുവെന്നും ദയ പറഞ്ഞു.
പ്രശസ്തരായ മാതാപിതാക്കളുടെ മകൾ എന്നതിലുപരി സ്വന്തം പേരിൽ അറിയപ്പെടാനാണ് ആഗ്രഹമെന്നും ദയ വ്യക്തമാക്കി. ‘മഞ്ജു പിള്ളയുടെ മകൾ’ എന്നതിനപ്പുറം ‘ദയ സുജിത്’ എന്ന നിലയിൽ സ്വന്തം വ്യക്തിത്വം സൃഷ്ടിക്കുകയാണ് ലക്ഷ്യം. മുംബൈയിലെ ഫാഷൻ സ്കൂളിലെ പഠനം ഉപേക്ഷിച്ച് ഇറ്റലിയിൽ പഠിക്കാൻ പോയപ്പോഴും കരിയറിൽ മാറ്റങ്ങൾ വരുത്തിയപ്പോഴും അമ്മ പൂർണ പിന്തുണ നൽകിയിരുന്നു. മലയാളത്തിലെ ഹാസ്യനടൻ എസ്.പി. പിള്ളയുടെ പേരക്കുട്ടിയായ മഞ്ജു പിള്ള ടെലിവിഷനിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. മലയാള സിനിമയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് സുജിത് വാസുദേവ്. ‘ലൂസിഫർ’, ‘എമ്പുരാൻ’ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ചത് അദ്ദേഹമാണ്. 2000-ൽ വിവാഹിതരായ ഇരുവരും 2024-ലാണ് നിയമപരമായി വിവാഹമോചിതരായത്.






