ആറ് രസഗുളകൾ കഴിച്ചതിന് പിന്നാലെ മുപ്പത്തിയഞ്ചുകാരനായ യുവാവിന്റെ കൈകാലുകൾ തളർന്നു. പക്ഷാഘാതത്തിന് സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിന്റെ പരിശോധനാ ഫലങ്ങൾ പുറത്തുവന്നതോടെ വൈദ്യശാസ്ത്ര ലോകം ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാറാണ് ഈ അപൂർവ്വ മെഡിക്കൽ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.
ഭക്ഷ്യവിഷബാധയോ പഴകിയ മധുരപലഹാരമോ അല്ല ഈ അവസ്ഥയ്ക്ക് കാരണമായതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ മൂന്ന് തവണയാണ് യുവാവിന് സമാനമായ അനുഭവം ഉണ്ടായത്. മധുരം കഴിച്ചാൽ ഉടൻ ശരീരം തളർന്നുപോകുന്ന ഈ അവസ്ഥ യുവാവിനെ താൽക്കാലികമായി കിടപ്പിലാക്കി. സംസാരശേഷിക്കോ വിഴുങ്ങാനോ ഉള്ള ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കാത്ത രോഗിയിൽ പേശികളുടെ ബലഹീനത മാത്രമാണ് ദൃശ്യമായത്. വിശദമായ പരിശോധനയിൽ ഇത് ‘ഹൈപ്പോകലാമിക് പീരിയോഡിക് പാരലൈസിസ്’ എന്ന രോഗാവസ്ഥയാണെന്ന് സ്ഥിരീകരിച്ചു.
Also Read: രുചിയോടെ മാമ്പഴം കഴിക്കാം, തടി കൂടുമെന്ന പേടിയില്ലാതെ; രഹസ്യം ഇതാണ്!
അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനമാണ് ഈ പ്രതിഭാസത്തിന് കാരണം. രസഗുള പോലുള്ള മധുരപലഹാരങ്ങൾ കഴിക്കുമ്പോൾ ശരീരത്തിൽ ഇൻസുലിൻ അളവ് പെട്ടെന്ന് വർധിക്കുന്നു. രക്തത്തിലുള്ള പൊട്ടാസ്യത്തെ കോശങ്ങളിലേക്ക് വലിച്ചെടുക്കാൻ ഈ ഇൻസുലിൻ പ്രേരിപ്പിക്കുകയും തൽഫലമായി രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുകയും ചെയ്യുന്നു. പേശികളുടെ സുഗമമായ ചലനത്തിന് പൊട്ടാസ്യം അത്യന്താപേക്ഷിതമായതിനാൽ, ഇതിന്റെ കുറവ് പേശികളെ താൽക്കാലികമായി തളർത്തുകയായിരുന്നു.
എങ്കിലും പൊട്ടാസ്യം കുറയുന്നത് കേവലം ലക്ഷണം മാത്രമാണെന്നും ഇതിന് പിന്നിലെ യഥാർത്ഥ വില്ലൻ ‘ഹൈപ്പർതൈറോയിഡിസം’ ആണെന്നും ഡോ. സുധീർ കുമാർ ചൂണ്ടിക്കാട്ടുന്നു. യുവാവിന്റെ കഴുത്തിലെ വീക്കവും ഉയർന്ന പൾസ് നിരക്കും പരിശോധിച്ചപ്പോൾ തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം സ്ഥിരീകരിച്ചു. ഏഷ്യൻ വംശജരായ യുവാക്കളിൽ കണ്ടുവരുന്ന ‘തൈറോടോക്സിക് ഹൈപ്പോകലാമിക് പീരിയോഡിക് പാരലൈസിസ്’ എന്ന രോഗാവസ്ഥയാണിതെന്ന് ഡോക്ടർമാർ പറഞ്ഞു.
Also Read: ഇനി ഈസ്റ്റ് വേണ്ട; പഞ്ഞിപോലെയുള്ള പാലപ്പത്തിന് ഈ ഒരു ‘സീക്രട്ട്’ ഐറ്റം മതി!
അമിതമായി മധുരം കഴിച്ച ശേഷമോ കഠിനമായ വ്യായാമത്തിന് ശേഷമോ കൈകാലുകൾക്ക് പെട്ടെന്ന് ബലഹീനത അനുഭവപ്പെടുക, പൾസ് നിരക്ക് കൂടുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ അത് നിസ്സാരമായി കാണരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പൊട്ടാസ്യം സപ്ലിമെന്റുകൾ നൽകിയതോടെ രോഗി വേഗത്തിൽ സുഖം പ്രാപിച്ചു.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)






