ഇന്ന് മലയാള സിനിമയിലെ തിരക്കേറിയ യുവതാരങ്ങളിൽ ഒരാളാണ് മമിത ബൈജു. എന്നാൽ താരത്തിന്റെ കരിയറിലെ നിർണായകമായൊരു അവസരം ഒരിക്കൽ നായകനും നിർമാതാവും ചേർന്ന് വേണ്ടെന്നുവെച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ കമൽ. മമിതയെ നായികയാക്കി സിനിമ ചെയ്യാൻ താൻ ആഗ്രഹിച്ചിരുന്നെങ്കിലും പുതുമുഖ നായിക വേണ്ടെന്ന നിലപാടിൽ ഇരുവരും ഉറച്ചുനിന്നതോടെ ആ ചിത്രം നടക്കാതെ പോവുകയായിരുന്നു.
മമിതയുടെ പ്രകടനം ഏറെ ഇഷ്ടപ്പെട്ടത് ‘ഖോ ഖോ’ എന്ന ചിത്രത്തിലൂടെയാണെന്ന് കമൽ പറയുന്നു. ആ സിനിമ കണ്ടതോടെ തന്റെ പുതിയ ചിത്രത്തിൽ മമിതയെ നായികയാക്കാൻ തീരുമാനിച്ചു. എന്നാൽ അന്ന് താരത്തിന് വലിയ നായികാപദവി ഉണ്ടായിരുന്നില്ലെന്ന കാരണത്താൽ നായകനും നിർമാതാവും എതിർപ്പ് പ്രകടിപ്പിച്ചു. ഭാവിയിൽ ഈ കുട്ടി വലിയ നായികയായി മാറുമെന്ന് താൻ അന്നുതന്നെ പറഞ്ഞിരുന്നുവെന്നും കമൽ വെളിപ്പെടുത്തി.
പിന്നീട് ‘സൂപ്പർ ശരണ്യ’ കണ്ടതോടെ മമിതയെ തന്നെ നായികയാക്കണമെന്ന തീരുമാനത്തിൽ കമൽ ഉറച്ചുനിന്നു. നിർമാതാവിന്റെ സമ്മതത്തോടെ മമിതയെയും അമ്മയെയും ബന്ധപ്പെട്ട് കഥാപാത്രത്തെക്കുറിച്ച് വിശദീകരിച്ചു. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നിട്ടും മമിതയ്ക്കും അമ്മയ്ക്കും അത് ഏറെ ഇഷ്ടമായി. കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ മമിത പ്രകടിപ്പിച്ച താൽപര്യവും പ്രതികരണവും ഇന്നും ഓർമയിലുണ്ടെന്ന് കമൽ പറഞ്ഞു. എന്നാൽ വീണ്ടും ചർച്ചകൾ നടന്നതോടെ വലിയ നായിക വേണമെന്ന നിലപാടിൽ നായകനും നിർമാതാവും ഉറച്ചുനിൽക്കുകയും മമിതയെ ഒഴിവാക്കുകയുമായിരുന്നു.
ഈ സംഭവം കഴിഞ്ഞ് നാലുമാസത്തിനുള്ളിൽ ‘പ്രേമലു’ റിലീസ് ചെയ്ത് വൻവിജയം നേടിയതോടെ മമിതയുടെ താരമൂല്യം ഉയർന്നു. നായകനെക്കാൾ നായികയ്ക്ക് പ്രാധാന്യമുള്ളതും കമലിന്റെ സ്വന്തം തിരക്കഥയുമായിരുന്ന ആ സിനിമ ചെയ്യണമെന്ന ആഗ്രഹം ഇപ്പോഴും അദ്ദേഹത്തിനുണ്ട്. അന്ന് മമിതയെ വേണ്ടെന്ന് പറഞ്ഞ നിർമാതാവിന് ഇന്ന് ആ തീരുമാനം ഓർത്ത് ഖേദം തോന്നുന്നുണ്ടാകാമെന്നും കമൽ കൂട്ടിച്ചേർത്തു.






