ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തകർപ്പൻ വിജയത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ, തന്റെ നഷ്ടമായ സെഞ്ച്വറിയെക്കുറിച്ചും ക്രീസിലെ ശാന്തതയെക്കുറിച്ചും മനസ്സ് തുറക്കുന്നു. 52 പന്തിൽ 87 റൺസുമായി പുറത്താകാതെ നിന്ന സഞ്ജുവിന്, സഹതാരം കാർത്തിക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് കാരണമാണ് സെഞ്ച്വറി തികയ്ക്കാൻ കഴിയാതെ പോയത്.
സെഞ്ച്വറി നേടാൻ ആഗ്രഹമില്ലായിരുന്നോ എന്ന ചോദ്യത്തിന് വളരെ പക്വതയോടെയാണ് സഞ്ജു മറുപടി നൽകിയത്. “സെഞ്ച്വറികൾ എപ്പോഴും സ്പെഷ്യലാണ്, പക്ഷേ അത് നേടാൻ ഞാൻ അല്പം സ്വാർത്ഥനാകേണ്ടി വരുമായിരുന്നു,” സഞ്ജു പറഞ്ഞു. തന്നോടൊപ്പം ബാറ്റ് ചെയ്ത യുവതാരം കാർത്തിക് ശർമ്മ മികച്ച ഫോമിലായിരുന്നു. തനിക്ക് സെഞ്ച്വറി അടിക്കാൻ വേണ്ടി അവനോട് സിംഗിൾ എടുക്കാൻ ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് തോന്നിയെന്നും, കളി ജയിപ്പിച്ച് പുറത്താകാതെ മടങ്ങുന്നതാണ് തനിക്ക് കൂടുതൽ സംതൃപ്തി നൽകുന്നതെന്നും താരം വ്യക്തമാക്കി. സെഞ്ച്വറി നേടാൻ ഇനിയും അവസരങ്ങൾ മുന്നിലുണ്ടെന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.
Also Read:ഭാര്യമാർക്ക് ഓക്കെ, കാമുകിമാർക്ക് നോ! ഐപിഎൽ താരങ്ങൾക്ക് മൂക്കുകയറിടാൻ ബിസിസിഐ
ചെന്നൈക്ക് ജയിക്കാൻ 30 റൺസ് ബാക്കിയുള്ളപ്പോൾ സഞ്ജു 79 റൺസിലായിരുന്നു. സെഞ്ച്വറിക്ക് 21 റൺസ് കൂടി വേണമായിരുന്നു. എന്നാൽ മറുഭാഗത്ത് കാർത്തിക് ശർമ്മ ലുങ്കി എൻഗിഡി, മിച്ചൽ സ്റ്റാർക്ക്, ടി. നടരാജൻ എന്നിവർക്കെതിരെ ബൗണ്ടറികളും സിക്സറുകളും പറത്തിയതോടെ സഞ്ജുവിന് സെഞ്ച്വറി തികയ്ക്കുന്നതിന് മുൻപേ ചെന്നൈ വിജയലക്ഷ്യം മറികടന്നു.
ആരാധകർ സ്നേഹത്തോടെ ‘സഞ്ജു ചേട്ടാ’ എന്ന് വിളിക്കുന്നത് സന്തോഷമാണെങ്കിലും തന്നെ ‘സഞ്ജു’ എന്ന് വിളിക്കുന്നതാണ് കൂടുതൽ ഇഷ്ടമെന്ന് താരം പറഞ്ഞു. ക്രീസിലെ അസാമാന്യമായ ശാന്തതയെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ എപ്പോഴും ഇങ്ങനെയുള്ള സ്വഭാവക്കാരനാണെന്നും ഇപ്പോൾ കൂടുതൽ സമയം ബാറ്റ് ചെയ്യുന്നത് നിങ്ങൾ കാണുന്നത് കൊണ്ടാണ് ആ ശാന്തത ശ്രദ്ധിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഞ്ജുവിന്റെ ഈ പക്വതയാർന്ന നിലപാടിനെ സോഷ്യൽ മീഡിയയിൽ ആരാധകർ വാനോളം പുകഴ്ത്തുകയാണ്.






