“പല ദിവസങ്ങളിലും പട്ടിണി കിടന്നിട്ടുണ്ട്, ആരോടും പരാതി പറഞ്ഞില്ല”; കുട്ടിക്കാലത്തെ അതിജീവന കഥയുമായി മുഖ്യമന്ത്രി

നമ്മുടെ കഴിവിനും സാഹചര്യത്തിനും അനുസരിച്ച് ജീവിക്കാൻ പഠിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് മുഖ്യമന്ത്രി വിദ്യാർത്ഥികളെ ഉപദേശിച്ചു

“പല ദിവസങ്ങളിലും പട്ടിണി കിടന്നിട്ടുണ്ട്, ആരോടും പരാതി പറഞ്ഞില്ല”; കുട്ടിക്കാലത്തെ അതിജീവന കഥയുമായി മുഖ്യമന്ത്രി
“പല ദിവസങ്ങളിലും പട്ടിണി കിടന്നിട്ടുണ്ട്, ആരോടും പരാതി പറഞ്ഞില്ല”; കുട്ടിക്കാലത്തെ അതിജീവന കഥയുമായി മുഖ്യമന്ത്രി

തിരുവനന്തപുരത്ത് നടന്ന യങ് ഇന്നവേറ്റേഴ്‌സ് മീറ്റിൽ വിദ്യാർത്ഥികളുമായി സംവദിക്കവേ, തന്റെ ബാല്യകാലത്തെ കടുത്ത പ്രതിസന്ധികളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മനസ്സുതുറന്നു. വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാൻ ആരുമില്ലാതിരുന്ന ഒരു സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് താൻ വരുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അഞ്ചാം ക്ലാസ് പഠനത്തിന് ശേഷം പഠനം നിർത്തി ബീഡി തെറുപ്പിന് പോകാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും, അദ്ധ്യാപകരുടെയും നാട്ടിലെ ചില സുഹൃത്തുക്കളുടെയും ഇടപെടലിലൂടെയാണ് തനിക്ക് തുടർച്ചയായ വിദ്യാഭ്യാസം സാധ്യമായതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ദാരിദ്യ്രവും ഇല്ലായ്മകളും നിറഞ്ഞതായിരുന്നു തന്റെ കോളേജ് ജീവിതമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. പല ദിവസങ്ങളിലും ഉച്ചഭക്ഷണം കഴിക്കാൻ പോലുമില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. എന്നാൽ ആ പ്രയാസങ്ങളൊന്നും ആരോടും പറയാതെ വലിയ അഭിമാനത്തോടെയാണ് താൻ ജീവിച്ചത്. അന്നാണ് ഒറ്റ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എൽസിക്ക് ശേഷം ഒരു വർഷം നഷ്ടമായപ്പോൾ നെയ്ത്ത് ജോലിക്ക് പോയി പണം സമ്പാദിച്ചതും പിയുസി പഠനകാലത്ത് കെഎസ്എഫിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.

Also Read: നിർഭയ ഹോമുകളിലെ പെൺകുട്ടികൾക്ക് തണലായി സർക്കാർ; ‘ഉയരെ’ ഉൽപ്പന്നങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി

നമ്മുടെ കഴിവിനും സാഹചര്യത്തിനും അനുസരിച്ച് ജീവിക്കാൻ പഠിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് മുഖ്യമന്ത്രി വിദ്യാർത്ഥികളെ ഉപദേശിച്ചു. ഇന്നത്തെ കാലത്ത് മാതാപിതാക്കളുടെയും സമൂഹത്തിന്റെയും വലിയ പിന്തുണ വിദ്യാർത്ഥികൾക്കുണ്ട്. ഈ സൗകര്യങ്ങൾക്കിടയിലും തെറ്റായ വഴികളിലേക്ക് പോകാതെ, ഉള്ളതുകൊണ്ട് ജീവിക്കാനും പ്രതിസന്ധികളെ അതിജീവിക്കാനും പഠിക്കണം. 25-ാം വയസ്സിൽ എംഎൽഎ ആയി മാറിയ തന്റെ രാഷ്ട്രീയ വളർച്ചയുടെ അടിത്തറ ഇത്തരം കഠിനമായ അനുഭവങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
Top