ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നടക്കാനിരിക്കെ ഇന്ത്യൻ കീപ്പറും ബാറ്ററുമായ റിഷഭ് പന്തിനെ പുകഴ്ത്തി ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ കളിക്കാരിൽ ഒരാളാണ് പന്ത് എന്നാണ് സ്‌റ്റോക്‌സ് വിശേഷിപ്പിക്കുന്നത്. ബർമിങ്ഹാമിലെ രണ്ടാം ടെസ്റ്റിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇംഗ്ലണ്ട് നായകൻ.
‘അവൻ എതിർ ടീമിലാണെങ്കിൽ പോലും അവൻ കളിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. എല്ലാ ഫോർമാറ്റിലും അവൻ ക്രിക്കറ്റിനെ സമീപിക്കുന്ന രീതി ഞാൻ അഭിനന്ദിക്കുന്നു. അവന് കഠിനമായ സമയങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഇത്രയും കഴിവുള്ളവർക്ക് അവരുടെ ഇഷ്ടത്തിന് കളിക്കാൻ അനുവദിച്ചാൽ ഇതാണ് നമുക്ക് ലഭിക്കുന്ന റിസൽട്ട്. പ്രത്യേകിച്ച് കഴിഞ്ഞ ആഴ്ചത്തെ മത്സരം,’ സ്റ്റോക്‌സ് പറഞ്ഞു.
Also Read: യുവരാജ് സിങ്ങും ഷാഹിദ് അഫ്രീദിയും നേര്‍ക്കുനേര്‍; വീണ്ടും ഇന്ത്യ-പാക് പോരാട്ടം
ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും റിഷഭ് ഇന്ത്യക്കായി സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യക്കായി ഒരു മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറിയടിക്കുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്ററായിരുന്നു പന്ത്. ആദ്യ ഇന്നിങ്‌സിൽ 134 റൺസ് സ്വന്തമാക്കിയ പന്ത് രണ്ടാം ഇന്നിങ്‌സിൽ 118 റൺസ് നേടി. പന്തിന്റെ രണ്ട് സെഞ്ച്വറി അടക്കം ഇന്ത്യ അഞ്ച് സെഞ്ച്വറിയാണ് ആദ്യ മത്സരത്തിൽ നേടിയത്. എന്നിട്ടും ബൗളിങ്ങിലെ പിഴവുകൾ മൂലം തോൽക്കുകയായിരുന്നു. ബർമിങ്ഹാമിലെ എഡ്ജാബ്‌സ്റ്റണിൽ നടക്കുന്ന മത്സരത്തിൽ വിജയിച്ച് പരമ്പരയിൽ തിരിച്ചുവരാനാണ് ഇന്ത്യൻ ടീമിന്റെ ശ്രമം.












