എന്റെ പേര് വന്നത് എന്തുകൊണ്ടെന്ന് അറിയില്ല, ഭീകരന്മാരെ തടയുക മാത്രമാണ് ചെയ്തത്; ഇൻഡി​ഗോ കേസിൽ ഇ.പി ജയരാജൻ

കേസുമായി ബന്ധപ്പെട്ട എല്ലാ യാഥാർത്ഥ്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തുമെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി

എന്റെ പേര് വന്നത് എന്തുകൊണ്ടെന്ന് അറിയില്ല, ഭീകരന്മാരെ തടയുക മാത്രമാണ് ചെയ്തത്; ഇൻഡി​ഗോ കേസിൽ ഇ.പി ജയരാജൻ
എന്റെ പേര് വന്നത് എന്തുകൊണ്ടെന്ന് അറിയില്ല, ഭീകരന്മാരെ തടയുക മാത്രമാണ് ചെയ്തത്; ഇൻഡി​ഗോ കേസിൽ ഇ.പി ജയരാജൻ

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ വെച്ച് പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന കേസ് വീണ്ടും അന്വേഷിക്കാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ പ്രതികരണവുമായി സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജൻ. വിമാനത്തിനുള്ളിൽ അന്ന് അക്രമം നടത്താൻ എത്തിയവർ ഭീകരന്മാരെപ്പോലെയാണ് പാഞ്ഞടുത്തതെന്നും, താൻ അവരെ തടയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട എല്ലാ യാഥാർത്ഥ്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തുമെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. കോടതി ഉത്തരവിനെ മാനിച്ചുകൊണ്ട് തന്നെ തന്റെ ഭാഗം അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് വിമാനത്തിനുള്ളിൽ ഇത്തരമൊരു ആസൂത്രിത അക്രമം നടക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേസിൽ ഞാൻ പ്രതിയോ പരാതിക്കാരനോ ആയിരുന്നില്ല. എന്നിട്ടും ഇതിലേക്ക് എന്റെ പേര് വലിച്ചിഴച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. എന്നെ ഇതിൽ വിചാരണ ചെയ്തിട്ടുമില്ല. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ വേണ്ടി വിമാനത്തിനുള്ളിൽ നടത്തിയ ആസൂത്രിത ശ്രമമായിരുന്നു അത്. യഥാർത്ഥത്തിൽ പരാതിക്കാർ പോലീസിനായിരുന്നു പരാതി നൽകേണ്ടിയിരുന്നത് ഇ പി ജയരാജൻ പ്രതികരിച്ചു.

Also Read: അന്ന് ഒരു വീട്ടിലെങ്കിലും പോയിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു; പിണറായിക്കെതിരെ ഷിബു ബേബി ജോൺ

കോടതി പോലീസല്ലെന്നും അവർക്ക് കാര്യങ്ങൾ പരിശോധിക്കാനുള്ള അധികാരമുണ്ടെന്നും ജയരാജൻ പറഞ്ഞു. എന്നാൽ സംഭവത്തിന്റെ പൂർണ്ണമായ പശ്ചാത്തലവും വസ്തുതകളും കൃത്യമായി പരിശോധിച്ചാൽ കോടതിക്ക് ഇങ്ങനെയൊരു അഭിപ്രായം പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് ഔദ്യോഗികമായി വരുന്ന മുറയ്ക്ക് അതിനെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളിക്കൊണ്ട് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ഇ.പി. ജയരാജന്റെ ഈ വിശദീകരണം.

Share Email
Top