‘എനിക്ക് കരച്ചിലടക്കാനാവുന്നില്ല’; ലൈംഗികാതിക്രമം ചെറുത്ത യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി പാർവതി തിരുവോത്ത്

"ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സ്നേഹവും അനുകമ്പയുമുള്ള സ്ത്രീകളിൽ ഒരാൾ തന്റെ കൊലയാളിയുടെ ലൈംഗികാതിക്രമത്തെ ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ടിരിക്കുന്നു

‘എനിക്ക് കരച്ചിലടക്കാനാവുന്നില്ല’; ലൈംഗികാതിക്രമം ചെറുത്ത യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി പാർവതി തിരുവോത്ത്
‘എനിക്ക് കരച്ചിലടക്കാനാവുന്നില്ല’; ലൈംഗികാതിക്രമം ചെറുത്ത യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി പാർവതി തിരുവോത്ത്

ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ തൊഴിലുടമയുടെ ക്രൂരമർദനത്തിന് ഇരയായി മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷമായ പ്രതിഷേധവുമായി നടി പാർവതി തിരുവോത്ത്. ബെംഗളൂരുവിൽ തെരുവുനായ സംരക്ഷണ കേന്ദ്രം നടത്തിയിരുന്ന സുനിത സ്മിത (47) കൊല്ലപ്പെട്ട സംഭവത്തിലാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം തന്റെ രോഷവും സങ്കടവും പങ്കുവെച്ചത്. കുറ്റാരോപിതനായ തൊഴിലുടമയെ അറസ്റ്റ് ചെയ്യാത്തതിനെയും പാർവതി ചോദ്യം ചെയ്തു.

“ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സ്നേഹവും അനുകമ്പയുമുള്ള സ്ത്രീകളിൽ ഒരാൾ തന്റെ കൊലയാളിയുടെ ലൈംഗികാതിക്രമത്തെ ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ടിരിക്കുന്നു. ഈ വിവരം അറിഞ്ഞത് മുതൽ എനിക്ക് കരച്ചിൽ നിയന്ത്രിക്കാനായിട്ടില്ല,” പാർവതി കുറിച്ചു. സുനിതയുടെ തൊഴിലുടമ ആരാണെന്നും അയാൾ എന്തുകൊണ്ടാണ് ഇപ്പോഴും നിയമത്തിന് മുന്നിൽ വരാത്തതെന്നും താരം ചോദിച്ചു. ഇതിലൊന്നും നമുക്ക് അത്ഭുതം തോന്നാത്തത് എന്തുകൊണ്ടാണെന്ന പരിഹാസവും താരം ഉയർത്തി.

Also Read: മെറിറ്റ് നോക്കി മന്ത്രിമാർ, വഴങ്ങാതെ ഗ്രൂപ്പുകൾ; കെപിസിസി ആസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ

മറ്റൊരു കുറിപ്പിൽ സുനിതയുടെ ജീവിതത്തെക്കുറിച്ചും താരം വൈകാരികമായി പ്രതികരിച്ചു. ഭർത്താവും നാലുവയസ്സുകാരനായ മകനും താൻ സംരക്ഷിച്ചുപോന്ന 167 നായകൾക്കുമൊപ്പമായിരുന്നു സുനിതയുടെ ജീവിതം. നായകളെ രക്ഷിക്കുന്നതിനിടയിൽ പലതവണ അവർക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കത്തിക്കുത്തും പൊള്ളലുമടക്കം പലതിനെയും അവർ അതിജീവിച്ചു. ഒടുവിൽ തന്റെ കുടുംബത്തെയും നായകളെയും പോറ്റാൻ വരുമാനം കണ്ടെത്താനാണ് ആ കൊലപാതകിയുടെ കീഴിൽ ജോലിക്ക് ചേർന്നത്. “ദയയുള്ള ഹൃദയം അവളെ മരണത്തിലേക്ക് നയിച്ചോ? എനിക്കിത് ഉൾക്കൊള്ളാൻ കഴിയുന്നില്ല,” പാർവതി കുറിച്ചു.

പെൺകുട്ടികൾക്ക് സുരക്ഷിതമായ രാജ്യമാണിതെന്ന് നാം അവകാശപ്പെടുമ്പോഴും ഇത്തരം ക്രൂരതകൾ തുടരുന്നത് എന്തുകൊണ്ടാണെന്ന് പാർവതി ചോദിക്കുന്നു. “അവളെ കീഴ്പ്പെടുത്താൻ കഴിയാത്തതുകൊണ്ട് ആ മനുഷ്യൻ അവളെ തല്ലിക്കൊന്നു. ഇത് ആദ്യത്തെയോ അവസാനത്തെയോ സംഭവമായിരിക്കില്ല. എന്നിട്ടും നമുക്ക് എന്തിനാണ് ഫെമിനിസം എന്ന് ചോദിക്കുന്നവരുണ്ട്,” താരം കുറിച്ചു.

Also Read: ‘സതീശൻ അല്ലാതെ മറ്റൊരു മുഖ്യമന്ത്രിയില്ല’; വി.ഡി. സതീശന് പരസ്യ പിന്തുണയുമായി നടൻ സിദ്ദിഖ്

ബെംഗളൂരുവിന് സമീപമുള്ള ഉൾഗ്രാമത്തിൽ മലയാളി നടത്തുന്ന തെരുവുനായ സംരക്ഷണ കേന്ദ്രത്തിലാണ് സുനിതയ്ക്ക് നേരെ ആക്രമണമുണ്ടായത്. കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണൻ എന്നയാളാണ് സുനിതയെ ജോലിക്കായി ഇവിടേക്ക് ക്ഷണിച്ചത്. ലൈംഗികാതിക്രമ ശ്രമം സുനിത ചെറുത്തതോടെ അയാൾ ക്രൂരമായി മർദിക്കുകയായിരുന്നു. തല ചുമരിലും അലമാരയിലും ഇടിപ്പിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സുനിത തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

നേരത്തെ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയ വ്യക്തിയായിരുന്നു സുനിത. ഈ സംഭവത്തിന് പിന്നാലെ പോലീസ് തന്നെ വേട്ടയാടുകയാണെന്നും കള്ളക്കേസുകളിൽ കുടുക്കുകയാണെന്നും സുനിത പരാതിപ്പെട്ടിരുന്നു. ഇത്തരത്തിൽ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് സഹായവാഗ്ദാനവുമായി ദീപക് കൃഷ്ണൻ സുനിതയെ സമീപിച്ചത്. നിലവിൽ സംഭവത്തിൽ ബെംഗളൂരു പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Share Email
Top