കേരള സർവ്വകലാശാലയിലെ സംസ്കൃതം പിഎച്ച്.ഡി. വിവാദത്തിൽ താൻ നേരിട്ട കടുത്ത ജാതി വിവേചനവും മാധ്യമവിചാരണയും തുറന്നുകാട്ടി ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയൻ്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തന്നെ “സംസ്കൃതം അറിയാത്ത, ഗവേഷക യൂണിയൻ്റെ മുൻ ജനറൽ സെക്രട്ടറിയായ എസ്.എഫ്.ഐ. നേതാവ്” എന്ന വിശേഷണം ഉപയോഗിച്ച് മാധ്യമങ്ങൾ വേട്ടയാടുകയായിരുന്നുവെന്നും, ഈ വിശേഷണം ഒരിക്കലും മായാത്ത മുദ്രപോലെ തൻ്റെ ജീവിതത്തിൽ ഉണങ്ങാത്ത മുറിവുകൾ സൃഷ്ടിച്ച് കഴിഞ്ഞെന്നും വിപിൻ പറയുന്നു. സത്യത്തിൻ്റെ കണിക പോലുമില്ലാത്ത ഈ പ്രചാരണം തന്നെ അക്കാദമിക് ലോകത്തുനിന്ന് പുറത്താക്കി കഴിഞ്ഞുവെന്നും അദ്ദേഹം വികാരഭരിതനായി കുറിച്ചു.
കേരള സർവ്വകലാശാലയിൽ നിന്ന് സംസ്കൃതത്തിൽ താൻ എം.ഫിൽ നേടിയതാണെന്നും, “EPISTEMOLOGICAL REVIEW OF KENOPANISAD” എന്ന എം.ഫിൽ പ്രബന്ധത്തിന് തന്നെ നയിച്ചത് ഇപ്പോൾ തനിക്കെതിരെ റിപ്പോർട്ട് നൽകിയ അതേ ഡീൻ ഡോ. സി. എൻ. വിജയകുമാരി ടീച്ചറാണെന്നും വിപിൻ വെളിപ്പെടുത്തി. സംസ്കൃതം എഴുതാനും വായിക്കാനും അറിയാത്ത തനിക്ക് അർഹതയില്ലാത്ത എം.ഫിൽ ഡിഗ്രി നൽകാൻ കൂട്ടുനിന്ന ഡോ. സി. എൻ. വിജയകുമാരി ടീച്ചർക്ക് അധ്യാപികയായി തുടരാൻ എന്ത് യോഗ്യതയാണുള്ളതെന്ന ചോദ്യവും വിപിൻ ഉന്നയിച്ചു. താൻ ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്ന് സംസ്കൃതത്തിൽ ബി.എ., എം.എ. ബിരുദങ്ങൾ നേടിയിട്ടുള്ളയാളാണ്. പെട്ടെന്നൊരുനാൾ താൻ സംസ്കൃതം അറിയാത്ത ആളായി മാറിയതിന് പിന്നിലെ മറിമായം ജാതി വിവേചനമാണെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

താൻ എസ്.എഫ്.ഐയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. തൻ്റേത് ഇടതുപക്ഷ രാഷ്ട്രീയമാണ്. എന്നാൽ ഡോ. വിജയകുമാരി ടീച്ചർ ആർ.എസ്.എസ്. – ബി.ജെ.പി. രാഷ്ട്രീയം പിന്തുടരുന്നയാളും സംഘപരിവാർ അധ്യാപക സംഘടനയുടെ സജീവ പ്രവർത്തകയുമാണ്. ഈ രാഷ്ട്രീയം മുൻനിർത്തി തനിക്കെതിരെ നടന്ന കുടിലമായ സംഘപരിവാർ ബുദ്ധിയിൽ മാധ്യമങ്ങൾ വീണുപോയെന്നും, ഗവേഷക യൂണിയനിൽ ഒരു നോമിനേഷൻ പോലും നൽകാത്ത തന്നെ എങ്ങനെ ഗവേഷക യൂണിയൻ്റെ ജനറൽ സെക്രട്ടറി എന്ന സുപ്രധാന പദവിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നും വിപിൻ ചോദിക്കുന്നു.
തൻ്റെ പിഎച്ച്.ഡി. പ്രബന്ധമായ “Sadgurusarvasam- A Study” ഇംഗ്ലീഷിലാണ് തയ്യാറാക്കിയത്. ഇത് സർവ്വകലാശാല നിയമം അനുവദിക്കുന്നതാണ്. ബഹുമാനപ്പെട്ട വൈസ് ചാൻസിലർ വിവേചനാധികാരം ഉപയോഗിച്ച് തിരഞ്ഞെടുത്ത, ഇന്ത്യയിൽ അറിയപ്പെടുന്ന രണ്ട് അക്കാദമിക് വിദഗ്ധരാണ് പ്രബന്ധം മൂല്യനിർണ്ണയം നടത്തിയത്. അലഹാബാദ് സർവ്വകലാശാലയിലെ പ്രൊഫ. അനിൽ പ്രതാപ് ഗിരിയും ശ്രീ വെങ്കിടേശ്വര യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ജി. പത്മനാഭം സാറുമായിരുന്നു അവർ. പ്രബന്ധ പരിശോധകരും ഓപ്പൺ ഡിഫൻസ് ചെയർമാനും പിഎച്ച്.ഡി. നൽകാൻ ശുപാർശ ചെയ്ത് കഴിഞ്ഞിട്ടും, ഇല്ലാത്ത അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഡീൻ വൈസ് ചാൻസിലറുടെ തീരുമാനങ്ങളെത്തന്നെ അവിശ്വസിക്കുകയും വെല്ലുവിളിക്കുകയുമാണെന്ന് വിപിൻ ആരോപിച്ചു.
Also Read: നിഷയും ജിൻ്റോയും നിയമസഭയിലേക്കോ ? കോൺഗ്രസ്സിൽ നടക്കുന്നത് അസാധാരണ നീക്കങ്ങൾ…
ഓപ്പൺ ഡിഫൻസിന് ശേഷം ഫയലിൽ ഒപ്പിടാനായി താൻ കരഞ്ഞ് പറഞ്ഞിട്ടും, “നിനക്ക് PhD കിട്ടുന്നത് പോയിട്ട് സംസ്കൃതത്തിലെ ഒരു വാക്ക് ഉച്ചരിക്കാൻ പോലും അർഹതയില്ല” എന്നും “നീയൊക്കെ കയറിയ ഈ ഡിപ്പാർട്ട്മെൻ്റ് അശുദ്ധമായി, ഇനി ശുദ്ധീകരണം നടത്തണം” എന്നുമാണ് ടീച്ചർ ആക്രോശിച്ചതെന്നും വിപിൻ പറയുന്നു. ഈ പീഡനങ്ങൾക്കെല്ലാം പിന്നിൽ ജാതിവിവേചനമാണ്. “എനിക്കിപ്പോൾ രോഹിത് വെമുലയുടെ നിലവിളി കേൾക്കാം” എന്നും, ജീവിതം വീണ്ടും വഴുതിപ്പോകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീട്ടിലെ സാഹചര്യങ്ങൾ കാരണം മീൻമാർക്കറ്റിൽ കണക്കെഴുതിയും മറ്റ് ജോലികൾ ചെയ്തുമാണ് താൻ പഠനം മുന്നോട്ട് കൊണ്ടുപോയതെന്നും, ഈ ഘട്ടത്തിൽ തനിക്ക് താങ്ങാനാവാത്ത ആഘാതമാണ് നേരിട്ടതെന്നും അദ്ദേഹം കുറിച്ചു. ഡീൻ ഈ സ്ഥാനത്ത് ഒരു നിമിഷം പോലും തുടരരുതെന്നും, താൻ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പറഞ്ഞാണ് വിപിൻ വിജയൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.













