കുറഞ്ഞ മുതല്‍ മുടക്കില്‍ കൂടുതല്‍ മൈലേജ് തരുന്ന കാര്‍. അത് എല്ലാവരുടെയും സ്വപ്നങ്ങളിൽ ഒന്നാണ്. അത്തരം ആളുകളുടെ അനുഗ്രഹമായി മാറുകയാണ് സി.എൻ.ജി കാറുകൾ. ചാര്‍ജിങ്ങിനായി കൂടുതല്‍ സമയം വാഹനം നിര്‍ത്തിയിടേണ്ടെന്നതും, സി.എന്‍.ജി ഇന്ധനം തീര്‍ന്നാലും പെട്രോളില്‍ ഓടാം എന്ന പ്രായോഗികതയും ഇതിന് തുണയാകുന്നുണ്ട്.
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് ആണ് തകര്‍പ്പന്‍ ലുക്കും വിലയും മൈലേജുമായി ഓറ ഹൈ സി.എന്‍.ജി പണിയില്‍ അവതരിപ്പിക്കുന്നത്. 28 കി.മീ മൈലേജാണ് സിംഗ്ള്‍ സിലിണ്ടര്‍ പതിപ്പില്‍ ഹ്യുണ്ടായ് വാഗ്ദാനം ചെയ്തിരുന്നത്. സമാനമായ മൈലേജ് കോംപാക്ട് സെഡാന്‍റെ പുതിയ ഡ്യുവല്‍ സിലിണ്ടര്‍ ടെക്നോളജിയിലും നല്‍കാനാവുമെന്നാണ് വിവരം.
Also Read: കാർ വാങ്ങും മുമ്പേ അറിയണ്ടേ സേഫ് ആണോയെന്ന് ? അറിയാം ക്യുആർ കോഡ് സ്‍കാനിലൂടെ..
ഒറ്റ മോഡലിൽ മാത്രമേ വാഹനം എത്തുന്നുള്ളുവെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഹ്യുണ്ടായി വരുത്തിയിട്ടില്ല. പവര്‍ വിന്‍ഡോകള്‍, ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്‌മെന്‍റ്, അഡ്ജസ്റ്റബിള്‍ റിയര്‍സീറ്റ് ഹെഡ്റെസ്റ്റുകള്‍, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയുള്ള സ്പീഡോമീറ്റര്‍, ഇസഡ് ആകൃതിയിലുള്ള എല്‍.ഇ.ഡി ടെയില്‍ലാമ്പുകള്‍ എന്നിവയോടെയാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്.
സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, എല്ലാ സീറ്റുകള്‍ക്കും 3 പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, എല്ലാ സീറ്റുകളിലും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബൂഷനുള്ള എ.ബി.എസ്, ഇമോബിലൈസര്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിങ്ങനെ സേഫ്റ്റി ഫീച്ചറുകളും കോര്‍ത്തിണക്കിയാണ് വാഹനം വിപണിയിലെത്തുന്നത്.
Also Read: ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പുമായി ഹ്യുണ്ടായി അൽകാസർ
1.2 ലിറ്റര്‍ ബൈ ഫ്യുവല്‍ പെട്രോള്‍ എൻജിനാണ് ഓറ ഹൈ സി.എന്‍.ജി ഇ ട്രിമ്മിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസില്‍ ഓടുമ്പോള്‍ എൻജിന് 6,000 ആര്‍.പി.എമ്മില്‍ 69 ബി.എച്ച്.പി കരുത്തും 4,000 ആര്‍.പി.എമ്മില്‍ 95.2 എന്‍.എം ടോര്‍ക്കും വരെ ഉൽപാദിപ്പിക്കാനാവും. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായാണ് എൻജിന്‍ ജോടിയാക്കിയിരിക്കുന്നത്.
പെട്രോളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഹ്യുണ്ടായി ഓറയിലെ 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എൻജിന് 82 ബി.എച്ച് പവറില്‍ പരമാവധി 113 എന്‍.എം ടോര്‍ക്ക് വരെ നല്‍കാനാവും.കോംപാക്ട് സെഡാന്‍ സി.എന്‍.ജി പതിപ്പ് 7.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയില്‍ വീട്ടുമുറ്റത്തെത്തിക്കാം.
Also Read: ഹ്യുണ്ടായിയുടെ കുഞ്ഞൻ എസ്‍യുവികൾക്ക് ഏറ്റവും മികച്ച ഓഫർ
ഓറ ഹൈ സി.എന്‍.ജി ഇ എന്ന ബേസ് വേരിയന്‍റ് മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നതെങ്കിലും വാങ്ങാന്‍ ആളുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍. വിപണിയില്‍ മാരുതി സുസുക്കി ഡിസയര്‍ സി.എന്‍.ജി, ടാറ്റ ടിഗോര്‍ സി.എന്‍.ജി എന്നിവയോടാണ് ഓറ സി.എന്‍.ജി മത്സരിക്കുക.
മുൻപ് സി.എന്‍.ജി കാറുകള്‍ വാങ്ങിയാല്‍ ബൂട്ട് സ്‌പേസില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരും എന്നതായിരുന്നു പലരുടേയും ആശങ്ക. എന്നാല്‍ ഇതിന് പരിഹാരമായി ഹ്യുണ്ടായി ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ കൊണ്ടുവരികയായിരുന്നു. എക്സ്റ്ററിലൂടെ അരങ്ങേറ്റം കുറിച്ച ഈ ടെക്നോളജി പിന്നീട് ഗ്രാന്‍ഡ് ഐ10 നിയോസിലേക്കും ഹ്യുണ്ടായി കൊണ്ടുവരികയായിരുന്നു. ഈ രണ്ട് മോഡലുകള്‍ക്കും സ്വീകാര്യത ലഭിച്ചതോടെ ഓറയിലേക്കും ഈ സംവിധാനം കൊണ്ടുവന്നിരിക്കുകയാണ്.