ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഭർത്താവിന് 31 വർഷം കഠിനതടവ്

പ്രേമിച്ചു വിവാഹം കഴിച്ച പ്രതി, ഭാര്യ ജോലിക്കു പോകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് നിരന്തരം മർദിക്കുന്നത് പതിവായിരുന്നു

ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഭർത്താവിന് 31 വർഷം കഠിനതടവ്
ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഭർത്താവിന് 31 വർഷം കഠിനതടവ്

കൊല്ലം മയ്യനാട് സ്വദേശിയായ ജയനെയാണ് ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി ശിക്ഷിച്ചത്. കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് 31 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ 18 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം. ഭാര്യ ജോലിക്കു പോകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് നിരന്തരം മർദിക്കുന്നത് പതിവായിരുന്നു.

2020 ഡിസംബറിലാണ് മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. സംഭവ ദിവസം ഭാര്യ ജോലി ചെയ്യുന്ന ലോട്ടറിക്കടയിലെത്തി ഭീഷണിപ്പെടുത്തിയ പ്രതി, അന്ന് രാത്രി 7:30-ഓടെ വീടിന് മുറ്റത്ത് നിന്നിരുന്ന ഭാര്യയുടെയും മകളുടെയും തലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും അയൽക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ദീർഘകാലം ഇവർ ചികിത്സയിലായിരുന്നു.

ക്രൂരകൃത്യത്തിന് ശേഷം ഒളിവിൽ പോയ ജയനെ 2025 ഓഗസ്റ്റിലാണ് പൊലീസ് പിടികൂടിയത്. കേസിൽ നിർണായകമായ സാക്ഷിമൊഴി നൽകിയ അയൽക്കാരനെ ഭീഷണിപ്പെടുത്താനും അദ്ദേഹത്തിന്റെ സ്കൂട്ടർ തീയിട്ട് നശിപ്പിക്കാനും പ്രതി മുതിർന്നിരുന്നു. ഇരവിപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശാസ്ത്രീയമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി ഇപ്പോൾ വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സിസിൻ ജി. മുണ്ടയ്ക്കൽ, സോജ തുളസീധരൻ തുടങ്ങിയവർ ഹാജരായി.

Share Email
Top