ഹൈദരാബാദ്: തെലങ്കാനയിൽ അധ്യാപികയുടെ മാനസിക പീഡനത്തിലും പരസ്യമായ അവഹേളനത്തിലും മനംനൊന്ത് 17 വയസ്സുള്ള വിദ്യാർത്ഥി ജീവനൊടുക്കി. സർക്കാർ ജൂനിയർ കോളേജിലെ ഒന്നാം വർഷ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിയാണ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് ആത്മഹത്യ ചെയ്തത്. ഒന്നാം വർഷ ഇന്റർമീഡിയറ്റ് പരീക്ഷയിൽ 440-ൽ 434 മാർക്ക് നേടി ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ കുട്ടിയായിരുന്നു മരിച്ച വിദ്യാർത്ഥി.
ഒരു മാർക്ക് കൂടുതൽ നേടിയ സഹപാഠിയുമായി അധ്യാപിക ക്ലാസ്സിൽ വെച്ച് ഈ വിദ്യാർത്ഥിയെ താരതമ്യം ചെയ്തു. ഇതിനെ ചോദ്യം ചെയ്ത വിദ്യാർത്ഥിയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അധ്യാപിക അപമാനിക്കുകയും കവിളത്തടിക്കുകയും ചെയ്തതായി കുടുംബം പരാതിപ്പെടുന്നു.
അപമാനത്തെ തുടർന്ന് രണ്ട് ദിവസമായി വിദ്യാർത്ഥി കോളേജിൽ പോയിരുന്നില്ല. തുടർന്ന് ജൂലൈ 28 ചൊവ്വാഴ്ച ജീവനൊടുക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വിദ്യാർത്ഥികളെ അപമാനിക്കുന്നതിന് പകരം പ്രോത്സാഹിപ്പിക്കാൻ അധ്യാപകർ തയ്യാറാകണം എന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പോലീസ് കേസെടുത്തു. സഹപാഠികൾ, കോളേജ് അധികൃതർ, ബന്ധുക്കൾ എന്നിവരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിവരികയാണ്. കുറ്റക്കാരിയായ അധ്യാപികയ്‌ക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകളും ബന്ധുക്കളും ശക്തമായ പ്രതിഷേധത്തിലാണ്.






