ബർലിൻ: മനുഷ്യനെപ്പോലെ രൂപവും ചലനങ്ങളുമുള്ള റോബോട്ടുകൾ സുരക്ഷാ ഭീഷണിയാകുമോ? ജർമ്മനിയിലെ കൊളോൺ നഗരത്തിൽ പതിനാറുകാരിയെ ഹ്യൂമനോയ്ഡ് റോബോട്ട് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയെത്തുടർന്ന് ഉയരുന്നത് ഈ ചോദ്യമാണ്. സംഭവത്തിൽ റോബോട്ടിന്റെ ഉടമയായ പതിനാറുകാരനെയും 19 വയസ്സുള്ള സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ തത്സമയം പ്രചരിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. അയൺമാന്റെ രൂപത്തിലുള്ള റോബോട്ടിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒരു റസ്റ്ററന്റിൽവെച്ചാണ് സംഭവം. പെൺകുട്ടിയുടെ പിന്നിലൂടെ എത്തിയ റോബോട്ട് ശരീരത്തിന്റെ പിൻഭാഗത്ത് അനുചിതമായി സ്പർശിക്കുകയും ലൈംഗിക ചുവയുള്ള ചലനങ്ങൾ നടത്തുകയും ചെയ്തെന്നാണ് പരാതി. ഏകദേശം 1.2 മീറ്റർ ഉയരമുള്ള ചൈനീസ് നിർമിത യൂണിട്രീ ആർ1 എയർ മോഡൽ റോബോട്ടാണ് സംഭവത്തിൽ ഉൾപ്പെട്ടത്. വെള്ള വസ്ത്രം, ട്രാക്ക്‌സ്യൂട്ട് പാന്റ്സ്, വ്യാജ സ്വർണമാല, ഒട്ടിച്ച മീശ എന്നിവയോടെയായിരുന്നു റോബോട്ടിന്റെ വേഷം.
മുൻകൂട്ടി പ്രോഗ്രാം ചെയ്ത ചലനങ്ങളിലൂടെയോ റിമോട്ട് കൺട്രോൾ ഉപയോഗിച്ചോ ഈ റോബോട്ടിനെ നിയന്ത്രിക്കാൻ കഴിയും. സംഭവസമയത്ത് ആരെങ്കിലും റോബോട്ടിനെ നേരിട്ട് നിയന്ത്രിച്ചിരുന്നോ അതോ മുൻകൂട്ടി നൽകിയ നിർദേശങ്ങൾക്കനുസരിച്ചാണോ അത് പ്രവർത്തിച്ചതെന്ന കാര്യം കൊളോൺ പൊലീസ് പരിശോധിച്ചുവരികയാണ്. അറസ്റ്റിലായ രണ്ടുപേർക്കെതിരായ അന്വേഷണവും തുടരുകയാണ്.
മനുഷ്യനെപ്പോലെ പ്രവർത്തിക്കുന്ന റോബോട്ടുകളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ അവയ്ക്ക് കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ വേണമെന്ന ചർച്ചയ്ക്കും സംഭവം വഴിവെച്ചിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയുന്നതിനും പൊതുസ്ഥലങ്ങളിൽ ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോബോട്ടുകളുടെ പ്രവർത്തനം എങ്ങനെ നിയന്ത്രിക്കണമെന്നത് നിർണായകമാണ്. റോബോട്ടിന്റെ ചലനങ്ങൾക്ക് പിന്നിൽ മനുഷ്യന്റെ ഇടപെടലുണ്ടായിരുന്നോ എന്ന അന്വേഷണഫലം പുറത്തുവരുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കും.






