‘മനുഷ്യത്വം വേണം’: അടൂർ പ്രകാശിന്റെ പ്രസ്താവനക്കെതിരെ കെ.കെ. ശൈലജ; ശക്തമായ വിമർശനം

കീഴ്‌ക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോവുക തന്നെ ചെയ്യുമെന്നും ശൈലജ വ്യക്തമാക്കി

‘മനുഷ്യത്വം വേണം’: അടൂർ പ്രകാശിന്റെ പ്രസ്താവനക്കെതിരെ കെ.കെ. ശൈലജ; ശക്തമായ വിമർശനം
‘മനുഷ്യത്വം വേണം’: അടൂർ പ്രകാശിന്റെ പ്രസ്താവനക്കെതിരെ കെ.കെ. ശൈലജ; ശക്തമായ വിമർശനം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പ്രതിയായിരുന്ന ദിലീപിനെ അനുകൂലിച്ചും അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ചുമുള്ള യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ.എം. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ രൂക്ഷ വിമർശനം ഉന്നയിച്ചു. അടൂർ പ്രകാശിന്റെ പ്രസ്താവന അപലപനീയമാണെന്ന് കെ.കെ. ശൈലജ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ വേദന അറിയണമെങ്കിൽ അൽപം മനുഷ്യത്വം വേണമെന്നും അവർ കൂട്ടിച്ചേർത്തു.

കീഴ്‌ക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോവുക തന്നെ ചെയ്യുമെന്നും ശൈലജ വ്യക്തമാക്കി. ജീവിതത്തെ ധീരമായി അഭിമുഖീകരിക്കാൻ ആ മകൾക്ക് പിന്തുണ നൽകുന്ന കുടുംബാംഗങ്ങളോടും സിനിമാ രംഗത്തെ ചില സുഹൃത്തുക്കളോടും സമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും കെ.കെ. ശൈലജയുടെ കുറിപ്പിൽ പറയുന്നു.

Also Read: തദ്ദേശ തിരഞ്ഞെടുപ്പ്: ഏഴു ജില്ലകളിലും പോളിങ് 50% കടന്നു; വഞ്ചിയൂരിൽ സിപിഎം-ബിജെപി സംഘർഷം

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിട്ട കോടതി നടപടിയോട് പ്രതികരിക്കവെയായിരുന്നു അടൂർ പ്രകാശിന്റെ വിവാദ പ്രസ്താവന. ദിലീപിന് നീതി ലഭ്യമായി എന്ന് പറഞ്ഞ അദ്ദേഹം, സർക്കാരിന് വേറെ ജോലിയില്ലാത്തതിനാലാണ് അപ്പീലിന് പോകുന്നതെന്നും പരിഹസിച്ചിരുന്നു. ആരെ ഉപദ്രവിക്കാൻ കഴിയുമെന്ന് നോക്കിക്കാണുന്ന സർക്കാരാണിതെന്നും എന്ത് കേസും കെട്ടിച്ചമച്ചുണ്ടാക്കുന്ന സർക്കാരാണിതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അടൂർ പ്രകാശിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമർശനമായിരുന്നു ഉയർന്നത്. കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, എം.എം. ഹസൻ, ശശി തരൂർ, വി.എം. സുധീരൻ എന്നിവർ പ്രസ്താവനയെ തള്ളിപ്പറയുകയും അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മന്ത്രിമാരായ വീണാ ജോർജ്, വി. ശിവൻകുട്ടി, സജി ചെറിയാൻ, വി.എൻ. വാസവൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവരും വിമർശനവുമായി രംഗത്തെത്തിയിരുന്നു. സംഭവം വലിയ വിവാദമായതോടെ അടൂർ പ്രകാശ് മലക്കം മറിഞ്ഞ്, കേസിൽ നീതി കിട്ടിയിട്ടില്ലെന്നും താൻ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമാണെന്നും പിന്നീട് പ്രതികരിച്ചു.

Share Email
Top