ഡല്‍ഹി: കാനഡയിലെ 260 കോളജുകള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് ഇഡിയുടെ കണ്ടെത്തല്‍. സ്റ്റുഡന്റ് വിസ വഴി ഇന്ത്യക്കാരെ അമേരിക്കയില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് കാനഡയില്‍ എത്തിക്കുന്നത്. എന്നിട്ട് ഇന്ത്യക്കാരെ കാനഡയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് അതിര്‍ത്തി കടത്തിവിടുകയാണെന്നും ഇഡി കണ്ടെത്തി. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ചില കനേഡിയന്‍ കോളജുകളുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ഒരു കുടുംബത്തിലെ നാല് പേര്‍ യുഎസ്-കാനഡ അതിര്‍ത്തിയില്‍ കൊടും തണുപ്പില്‍ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇഡിയുടെ കണ്ടെത്തല്‍.

2022 ജനുവരി 19 ന് ഗുജറാത്ത് സ്വദേശിയായ ജഗദീഷ് പട്ടേല്‍ (39), ഭാര്യ വൈശാലി (35), മകള്‍ (11), മകന്‍ (3) എന്നിവരാണ് മാനിറ്റോബയിലെ യുഎസ് – കാനഡ അതിര്‍ത്തിയില്‍ കൊടുംതണുപ്പില്‍ മരിച്ചത്. യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു മരണം. -37 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. മഞ്ഞുവീഴ്ചയ്ക്കിടെ മനുഷ്യക്കടത്തുകാര്‍ കുടുംബത്തെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
Also Read: ഭാര്യാ പിതാവും സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു
തുടര്‍ന്ന് ഏജന്റുമാര്‍ക്കെതിരെ ഇഡി നടത്തിയ അന്വേഷണത്തിലാണ് കാനഡയിലെ 260 കോളേജുകള്‍ ഉള്‍പ്പെട്ട മനുഷ്യക്കടത്ത് റാക്കറ്റിനെ കുറിച്ച് വിവരം ലഭിച്ചത്. സ്റ്റുഡന്റ് വിസ കിട്ടാനും കാനഡയില്‍ എത്താനുമായി ഏകദേശം 50-60 ലക്ഷം രൂപയാണ് ഏജന്റുമാര്‍ വാങ്ങുന്നത്. എന്നിട്ട് ഈ വിദ്യാര്‍ത്ഥികളെ അമേരിക്കയിലേക്ക് അനധികൃതമായി എത്തിക്കാന്‍ കനേഡിയന്‍ കോളേജുകള്‍ എത്ര പണം കൈപ്പറ്റി എന്നതിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്.
ഇന്ത്യക്കാരെ നിയമവിരുദ്ധമായി യുഎസിലേക്ക് അയക്കുന്നതിനായി ഏജന്റുമാര്‍ കാനഡയിലെ കോളേജുകളിലോ സര്‍വകലാശാലകളിലോ പ്രവേശനം തരപ്പെടുത്തുന്നു. എന്നിട്ട് അവരെ യുഎസ്-കാനഡ അതിര്‍ത്തി കടത്തിവിടുന്നു എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മുംബൈ, നാഗ്പൂര്‍, ഗാന്ധിനഗര്‍, വഡോദര എന്നിവിടങ്ങളിലെ എട്ട് സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി അതിര്‍ത്തി കടത്തുന്ന ഏജന്റുമാരെ കണ്ടെത്തിയെന്നും ഇഡി അറിയിച്ചു.
Also Read: തൃശൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; 30 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു.

മുംബൈയും നാഗ്പൂരും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് ഏജന്റുമാര്‍ പ്രതിവര്‍ഷം 35,000 പേരെ അനധികൃതമായി വിദേശത്തേക്ക് അയക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയതായി ഇഡി അറിയിച്ചു. ഗുജറാത്തില്‍ മാത്രം 1,700-ഓളം ഏജന്റുമാരും ഇന്ത്യയിലുടനീളമുള്ള 3,500-ഓളം പേരും ഈ റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ചില ഏജന്റുമാര്‍ വിദേശത്തുള്ള സര്‍വകലാശാലകളുമായും കോളേജുകളുമായും കമ്മീഷന്‍ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും കണ്ടെത്തി. പരിശോധനയില്‍ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 19 ലക്ഷം രൂപയും രേഖകളും കണ്ടെത്തി.