യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് വലിയ ആശ്വാസമേകി അബുദാബി നഗരത്തിലുടനീളം വാടക നിരക്കുകൾ വർദ്ധിപ്പിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ട് അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ ഉത്തരവിറക്കി. ജൂൺ 2 ചൊവ്വാഴ്ച പുറപ്പെടുവിച്ച ഈ അടിയന്തര ഉത്തരവിന് ഉടനടി പ്രാബല്യമുണ്ട്. നിലവിൽ മേഖലയിൽ തുടരുന്ന പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷയും സാമ്പത്തിക സ്ഥിരതയും മുൻനിർത്തിയാണ് അധികൃതരുടെ ഈ നിർണായക നടപടി. അടുത്ത ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
പുതിയ നിർദ്ദേശപ്രകാരം അബുദാബിയിലെ നിലവിലുള്ള എല്ലാ പാർപ്പിട, വാണിജ്യ, വ്യാവസായിക വാടകക്കരാറുകൾ പുതുക്കുമ്പോൾ ഒട്ടുംതന്നെ തുക വർദ്ധിപ്പിക്കാൻ പാടുള്ളതല്ല. മുൻപ് വാടകയ്ക്ക് നൽകിയിരുന്ന ഒരു ഫ്ലാറ്റോ ഓഫീസോ ഒഴിഞ്ഞ് പുതിയൊരാൾക്ക് നൽകുമ്പോഴും മുൻപത്തെ കരാറിലുണ്ടായിരുന്ന അതേ തുക മാത്രമേ ഈടാക്കാവൂ എന്നും പുതിയ ഉത്തരവിൽ കർശനമായി വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമം ലംഘിച്ച് വാടക കൂട്ടാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന സൂചനയാണ് റിയൽ എസ്റ്റേറ്റ് സെന്റർ നൽകുന്നത്.






